ദുബൈ: എമിറേറ്റിൽ കാൽനട യാത്രക്കാർക്കായി ഏഴ് മേൽപാലങ്ങൾ കൂടി പൂർത്തിയായി വരുന്നതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആകെ 888 മീറ്റർ നീളത്തിലാണ് ഏഴ് കാൽനട മേൽപാലങ്ങൾ പണിയുന്നത്. ഇതിൽ ദുബൈ ഹോസ്പിറ്റലിന് സമീപമുള്ള അൽ ഖലീഫ സ്ട്രീറ്റിലെ മേൽപാലം കഴിഞ്ഞ ദിവസം തുറന്നു കൊടുത്തു.
അൽ ഖലീഫ സ്ട്രീറ്റിനെ ഉമർ ബിൻ ഖത്താബ് സ്ട്രീറ്റിനും അബൂബക്കർ അൽ സിദ്ദീഖ് സ്ട്രീറ്റിനും ഇടയിലുള്ള ജങ്ഷനുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 120 മീറ്റർ നീളവും 3.4 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവും ഉണ്ട്. രണ്ട് എലിവേറ്ററുകളും ഒരു കോണിയും അലാറം, സുരക്ഷ സംവിധാനങ്ങൾ, റിമോട്ട് മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവക്കായി പ്രത്യേക റൂമും ഇതിന്റെ ഭാഗമായുണ്ട്. റോഡ് സുരക്ഷ രംഗത്ത് ആഗോള നിലവാരത്തിലുള്ള സംവിധാനങ്ങളാണ് കാൽനട േമൽപാലങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു.
പ്രത്യേക ബൈക്ക് ട്രാക്കുകളും റാക്കുകളും ഉൾപ്പെടുന്ന ആറ് പാലങ്ങൾ കൂടി നിർമ്മാണത്തിലാണെന്ന് മതാർ അൽ തായർ പറഞ്ഞു’ ഇതിൽ ഒന്നാമത്തെ പാലം അൽ മീന സ്ട്രീറ്റിലും രണ്ടാമത്തേത് ശൈഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിലുമാണ്. റാസ് ഖോർ റോഡിൽ നിന്ന് മർഹബ മാളിലേക്കും വാസൽ കോംപ്ലക്സിലേക്കും നേരിട്ട് ക്രോസ് ചെയ്യാൻ കഴിയുന്ന രീതിയിൽ റാസൽ ഖോർ റോഡിന് മുകളിലായാണ് മൂന്നാമത്തെ പാലം. ക്രീക്ക് ഹാർബറിനും റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയക്കും ഇടയിലൂടെ ലിങ്ക് ചെയ്യുന്ന രീതിയിലാണ് നാലാമത്തെ പാലം പണിയുന്നത്.
അഞ്ചാമത്തെ പാലം അൽ മനാറ റോഡിലും ആറാമത്തേത് അൽ ഖവാനീജ് സ്ട്രീറ്റിലും പൂർത്തിയായി വരുന്നു. എമിറേറ്റിൽ കാൽനട മേൽപാലങ്ങളുടെ എണ്ണം കഴിഞ്ഞ 17 വർഷത്തിനിടെ 10 മടങ്ങാണ് വർധിച്ചത്. 2006ൽ 13 കാൽനട മേൽപാലങ്ങളുണ്ടായിരുന്ന സ്ഥാനത്ത് 2023 ആകുമ്പോൾ 129 എണ്ണമായി ഉയർന്നു. 2021-26 വർഷങ്ങളിൽ 36 പുതിയ പാലങ്ങളുടെ പണികൂടി പൂർത്തിയാകുന്നതോടെ എമിറേറ്റിലെ കാൽനട മേൽപാലങ്ങളുടെ എണ്ണം 165 ആകുമെന്നും അൽ തായർ കൂട്ടിച്ചേർത്തു. റോഡ് മുറിച്ചു കടക്കാൻ മേൽപാലങ്ങളും സബ്വേകളും മാത്രം ഉപയോഗിക്കണമെന്ന് ടൂറിസ്റ്റുകളോടും ദുബൈ നിവാസികളോടും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.