ഷാർജ: കളികൾ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. പഠനത്തിനൊപ്പം വിനോദം കൂടിയാകുമ്പോൾ ഒട്ടും മടുക്കാതെ കുരുന്നുകൾക്ക് അറിവിന്റെ പുതിയ ലോകത്തേക്ക് ചുവടുവെക്കാനാകും. കളിയും തമാശയും കൂടെ ഒരൽപം കാര്യവുമായി ഷാർജ കുട്ടികൾക്കായുള്ള വായനോത്സവം കുട്ടികളെയും യുവാക്കളെയും സ്വാഗതം ചെയ്യുന്നു.
മേയ് 11 മുതൽ 22 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന വായനോത്സവം കാണാൻ മൂന്ന് വയസ്സുമുതലുള്ള നിരവധി കുട്ടികൾ എത്തുന്നുണ്ട്. കുസൃതിച്ചിരിയുമായി കുട്ടിക്കഥകൾ കേൾക്കാനും വിസ്മയക്കാഴ്ചകൾ കാണാനായും വായനോത്സവത്തിലെത്തുന്ന കുട്ടികളെക്കാത്ത് പുസ്തകങ്ങളുടെ ഒരു ലോകം ഒരുക്കിയിട്ടുണ്ട്.
നിരവധി കുരുന്നുകൾ സ്കൂളിൽ നിന്നും അല്ലാതെയും ഇവിടെയെത്തുന്നുണ്ട്. ഇന്നലെ മുതൽ ചെറിയൊരിടവേളക്കുശേഷം വീണ്ടും സാംസ്കാരിക പരിപാടികൾക്ക് തുടക്കമായതോടെ ആവേശത്തോടെയാണ് വായനോത്സവത്തിലെ അത്ഭുതങ്ങൾ കാണാൻ കുട്ടികൾ എത്തുന്നത്.
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കാൻ നിരവധി പരിപാടികൾ ഇവിടെയുണ്ട്. ചിത്രരചന, കുക്കിങ്, ക്രാഫ്റ്റ്, ശാസ്ത്രം തുടങ്ങി ഏത് മേഖലകൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്കും ഇവിടെ ഇടമുണ്ട്. കൂടെ നിന്ന് അവരിലൊരാളായി സഹായിക്കുന്ന അധ്യാപകർക്കൊപ്പം രസകരമായുള്ള ഈ സെഷനുകളിൽ ഒരു മടുപ്പുമില്ലാതെ ആവേശത്തോടെയാണ് കുട്ടികൾ ഇരിക്കുന്നത്.
ക്രാഫ്റ്റ് വർക്കുകളും ചിത്രങ്ങളുമൊക്കെ തീർത്ത് സ്വന്തം കഴിവുകളിൽ വിശ്വസിക്കാൻകൂടി കുട്ടികളെ പ്രാപ്തരാക്കുകയാണ് വായനോത്സവം. അധ്യാപകർക്കൊപ്പം വരിവരിയായി പ്രതീക്ഷയോടെയെത്തുന്ന കുട്ടികൾ മേള ചുറ്റിക്കണ്ട് സംതൃപ്തരായി പോകുന്നതും കാണാം. ഗെയിമുകളും ചോദ്യോത്തര വേദിയുമൊക്കെയായി കുട്ടികളുടെ പ്രിയപ്പെട്ട ഇടമായിരിക്കുകയാണ് ഷാർജയിലെ കുട്ടികൾക്കായുള്ള വായനോത്സവം.
കുട്ടികൾക്ക് അറിവും ക്രിയാത്മകതയും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വായനോത്സവം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.