ലോകത്ത് വിമാനങ്ങൾ അത്യൽഭുതകരമായ കാഴ്ചയായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണത്. ഇന്ന് ദിവസവും ആയിരക്കണക്കിന് വിമാനങ്ങൾ തലങ്ങും വിലങ്ങും പറക്കുന്ന ഷാർജയിലെ ജനങ്ങൾക്കും അക്കാലത്ത് സങ്കൽപിക്കാനാവാത്ത കാഴ്ചയായിരുന്നു വിമാനമെന്നത്. 1932 ഒക്ടോബർ അഞ്ചിന് അൽഭുതകരമായ ആ കാഴ്ച ഷാർജക്കാർ ആദ്യമായി കണ്ടു. വിമാനം പറന്നിറങ്ങുന്ന കാഴ്ച.
ഒരു പക്ഷേ അറബ് ലോകത്ത് തന്നെ ആദ്യമായാണ് അത്തരമൊരു കാഴ്ച ദൃശ്യമാകുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ ആകാശക്കാഴ്ചയുടെ കഥ പറയുന്നൊരു പ്രദർശനം ഒരുക്കിയിരിക്കയാണ് ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്.എം.എ). ‘ഷാർജ എയർ സ്റ്റേഷൻ: എ ഹിസ്റ്റോറിക്കൽ ഗ്ലിംപ്സ് ഓഫ് ദി ഫസ്റ്റ് ലാൻഡിങ്’ എന്ന പേരിൽ അൽ മഹത്ത മ്യൂസിയത്തിലാണ് പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത്. കൂടുതൽ പേരിലേക്ക് മഹത്തായ ആകാശ ചരിത്രം പകർന്നുകൊടുക്കാനായി കഴിഞ്ഞ വർഷം ആരംഭിച്ച പ്രദർശനം അടുത്ത വർഷം ജൂലൈ 31 വരെ ദീർഘിപ്പിക്കാൻ അധികൃതർ തീരുമാനിച്ചിരിക്കയാണ്. ഷാർജ എയർ സ്റ്റേഷന്റെ ഉത്ഭവം വിവരിക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിച്ച ഫോട്ടോകൾ വ്യോമയാന മേഖലയുടെ പരിണാമവും അതുല്യമായ സവിശേഷതകളും വിവരിക്കുന്നുണ്ട്. ഷാർജയിൽ എയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകിയ പ്രാരംഭ കരാർ ഉൾപ്പെടെയുള്ള രേഖകളും അതിന്റെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളും കാണാവുന്നതാണ്.
ആദ്യ എയർപോർട്ട് റൺവേയുടെ സ്കെയിൽ മോഡൽ, ഹന്നോ വിമാനത്തിന്റെ ഒരു ചെറിയ പകർപ്പ്, ചരിത്രപരമായ ലാൻഡിങ് രേഖപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളുടെ ക്യൂറേറ്റഡ് സെലക്ഷൻ എന്നിവ ഉൾപ്പെടെ വ്യോമയാന ചരിത്രത്തെക്കുറിച്ചുള്ള വിവിധ പ്രദർശനങ്ങളുമുണ്ട്. എമിറേറ്റ്സ് സിവിൽ ഏവിയേഷൻ ദിനവും 1932 ഒക്ടോബർ 5-ന് ഷാർജയിലെ അൽ മഹത്തയിൽ ആദ്യ വിമാനം ‘ഹന്നോ’ ഇറങ്ങിയതിന്റെ വാർഷികവും പ്രമാണിച്ചാണ് പ്രദർശനം ആരംഭിച്ചിരുന്നത്.
എയർ സ്റ്റേഷനിൽ ഹന്നോ വിമാനം ആദ്യയമായി ലാൻഡിങ് നടത്തിയതിന്റെ കൗതുകകരമായ കഥ പ്രദർശനം വിവരിക്കുന്നുണ്ട്. അതോടൊപ്പം 1977 വരെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നടത്തിയ വിമാന സർവീസുകൾ സംബന്ധിച്ചും മനസിലാക്കാൻ സാധിക്കും. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 1977ൽ വിമാനത്താവളം മാറ്റുന്നത്. 2000ൽ വിമാനത്താവളം വിപുലീകരിക്കുകയും അത്യാധുനിക വാസ്തുവിദ്യാ, എൻജിനീയറിങ് സവിശേഷതകളോടെ നവീകരിക്കുകയും അതിന്റെ ശേഷി വർധിപ്പിക്കുകയും ചെയ്തതോടെയാണ് ഇന്നത്തെ വിപുലമായ സംവിധാനങ്ങൾ കൈവരുന്നത്.
വ്യോമയാനരംഗത്ത് കൈവരിച്ച ഗണ്യമായ പുരോഗതിയെ ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രദർശനം നടത്തുന്നതെന്ന് ഷാർജ മ്യൂസിയം അതോറിറ്റി ഡയറക്ടർ ജനറൽ ആയിഷ റാശിദ് ദീമാസ് പറഞ്ഞു. 1932ൽ ഷാർജയിലെ അൽ മഹത്ത വിമാനത്താവളം അതിന്റെ ആദ്യ വിമാനത്തെ സ്വാഗതം ചെയ്ത സുപ്രധാന നിമിഷം കേവലം ഒരു ചരിത്രസ്മരണക്കപ്പുറം പ്രധാനപ്പെട്ടതാണ്. കാരണം അത് യു.എ.ഇയുടെ വ്യോമഗതാഗത മേഖലയുടെ വളർച്ചയുടെ സമാരംഭമായിരുന്നു -അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.