അബൂദബി: ഭൂകമ്പം ദുരിതംവിതച്ച സിറിയയിലെയും തുർക്കിയയയിലെയും വിവിധ പ്രദേശങ്ങളിൽ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സന്ദർശനം നടത്തി.
സിറിയൻ തലസ്ഥാനമായ ഡമസ്കസിലെത്തി പ്രസിഡന്റ് ബശ്ശാറുൽ അസദുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ദുരിതബാധിതരെ സന്ദർശിച്ചത്. ദുരിതബാധിതർക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത അദ്ദേഹം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെയും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും അനുശോചനം അറിയിക്കുകയും ചെയ്തു.
അതിവേഗത്തിൽ സഹായം ലഭ്യമാക്കിയ യു.എ.ഇയുടെ നടപടിയിലും അടിയന്തരമായി രക്ഷാപ്രവർത്തകരെ അയച്ചതിലും ബശ്ശാറുൽ അസദ് നന്ദിയറിയിക്കുകയും ചെയ്തു. ദുരിതബാധിത മേഖലകളിൽ പ്രവർത്തിക്കുന്ന യു.എ.ഇ രക്ഷാപ്രവർത്തകരെ സന്ദർശിച്ച ശൈഖ് അബ്ദുല്ല ദൗത്യത്തിന് നന്ദിയറിയിച്ചു. സിറിയയിലെ തുടർ രക്ഷാപ്രവർത്തനത്തിനും സഹായവിതരണത്തിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നാണ് തുർക്കിയയിലേക്ക് യാത്രതിരിച്ചത്. തുർക്കി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം യു.എ.ഇയിൽനിന്നെത്തിയ രക്ഷാപ്രവർത്തകരെയും കണ്ടാണ് മടങ്ങിയത്. യു.എ.ഇ അന്താരാഷ്ട്ര സഹകരണവകുപ്പ് സഹമന്ത്രി റീം അൽ ഹാഷിമിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു.
യു.എ.ഇ ഇതുവരെ തുർക്കിയയിലേക്ക് 17 സഹായ വിമാനങ്ങളും സിറിയയിലേക്ക് 10 വിമാനങ്ങളും അയച്ചിട്ടുണ്ട്. ഇതുവഴി 107 ടൺ നിർണായക ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.