അബൂദബി: ഈ വർഷം ആദ്യ പാദത്തിൽ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് കേന്ദ്രത്തിൽ എത്തിയത് 43.7 ലക്ഷം പേർ. മുൻ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 31 ശതമാനത്തിന്റെ വർധനയെന്നാണ് റിപ്പോർട്ട്. സന്ദർശകരിൽ 17.6 ലക്ഷം പേർ പ്രാർഥനക്കെത്തിയവരും 25.8 ലക്ഷം പേർ സന്ദർശകരുമാണ്. ഇവിടത്തെ ജോഗിങ് ട്രാക്കിൽ വ്യായാമത്തിനായി 29,135 പേരും എത്തി. റമദാൻ 27ന് 87,186 പേരാണ് പള്ളിയിലെത്തിയത്. മസ്ജിദിന്റെ ചരിത്രത്തിലാദ്യമായാണ് റമദാൻ 27ന് ഇത്രയധികം പേരെത്തുന്നത്. ‘വ്രതമെടുക്കുന്ന നമ്മുടെ അതിഥികൾ’ പദ്ധതിയുടെ ഭാഗമായി 21.5 ലക്ഷം ഇഫ്താർ കിറ്റാണ് വിതരണം ചെയ്തത്. ഇതിൽ 65,0001 എണ്ണം പള്ളിയിലും 15 ലക്ഷം ഇഫ്താർ വിരുന്ന് അബൂദബിയിലെ തൊഴിലാളി കേന്ദ്രങ്ങളിലുമായാണ് വിതരണം ചെയ്തത്. ആഗോള ടൂറിസം മാപ്പിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ സ്ഥാനം ഉയർത്തിയിട്ടുണ്ട്.
ഇവിടെയെത്തിയ സന്ദർശകരിൽ 81 ശതമാനവും യു.എ.ഇയുടെ പുറത്തുനിന്നുള്ളവരാണ്. ഏഷ്യ ഭൂഖണ്ഡത്തിൽ നിന്നാണ് (52 ശതമാനം) സന്ദർശകർ കൂടുതലും. മറ്റു സന്ദർശകരിൽ യൂറോപ്പിൽ നിന്ന് 34 ശതമാനം വടക്കേ അമേരിക്കയിൽ നിന്ന് 7 ശതമാനവും ആഫ്രിക്കയിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും മൂന്ന് ശതമാനം വീതവും ആസ്ത്രേലിയയിൽ നിന്ന് 1 ശതമാനവും മസ്ജിദിലെത്തി.
അതേസമയം ടോപ് അട്രാക്ഷൻസ് വിഭാഗത്തിൽ ശൈഖ് സായിദ് മോസ്ക് ഒന്നാം സ്ഥാനവും ടോപ് എക്സ്പീരിയൻസസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കൾച്ചറൽ ആൻഡ് ഹിസ്റ്റോറിക്കൽ എക്സ്പീരിയൻസസ് വിഭാഗത്തിൽ ആഗോളതലത്തിൽ മോസ്ക് മൂന്നാം സ്ഥാനവും നേടിയതായി ട്രിപ് അഡ്വൈസർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.