ദുബൈ: ടോക്യോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ യു.എ.ഇക്ക് മൂന്നാം മെഡൽ. മുഹമ്മദ് അൽ ഹമ്മാദിയാണ് വീൽചെയർ റേസ് 800 മീറ്ററിൽ വെള്ളി നേടിയത്. നേരത്തെ ഇദ്ദേഹം വീൽചെയർ 100 മീറ്റിൽ വെങ്കല മെഡൽ നേടിയിരുന്നു.
കഴിഞ്ഞ ദിവസം 50 മീറ്റർ ഷൂട്ടിങ്ങിൽ അബ്ദുല്ല സുൽത്താൻ അൽ അര്യാനി സ്വർണം നേടിയതിന് പിന്നാലെയാണ് വീണ്ടും അഭിമാനകരമായ മെഡൽ നേട്ടം. തുനീഷ്യൻ താരം വാലിദ് കതിലക്ക് പിന്നിലായാണ് ഹമ്മാദി 800 മീറ്റർ മത്സരത്തിൽ ഫിനിഷ് ചെയ്തത്. ചൈനീസ് താരമായ യാങ് വാങാണ് മത്സരത്തിൽ വെങ്കലം നേടിയത്. ആകെ മെഡൽ മൂന്നായതോടെ പാരാലിമ്പിക്സിൽ ശ്രദ്ധേയമായ പ്രകടനമാണ് യു.എ.ഇ ടീമിന് കാഴ്ച വെക്കാനായിരിക്കുന്നത്. നേരത്തെ ഒളിമ്പിക്സിൽ മെഡൽ നേടാൻ യു.എ.ഇ താരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. 'ദൃഢനിശ്ചയവും സ്ഥിരോത്സാഹവും' എന്ന മുദ്രാവാക്യവുമായാണ് ഇത്തവണ യു.എ.ഇയുടെ 12 സംഘം മത്സരങ്ങൾക്കായി പുറപ്പെട്ടത്.
അത്ലറ്റിക്സ്, ഷൂട്ടിങ്, പവർലിഫ്റ്റിങ്, വീൽചെയർ, സൈക്ലിങ് എന്നിങ്ങനെ വിഭാഗങ്ങളിലാണ് രാജ്യം മാറ്റുരച്ചത്. മുഹമ്മദ് അൽ ഹമ്മാദി, അബ്ദുല്ല സുൽത്താൻ അൽ അര്യാനിയും മെഡൽ നേടുമെന്ന പ്രതീക്ഷ തുടക്കംമുതലുണ്ടായിരുന്നു. ലണ്ടൻ പാരാലിമ്പിക്സിലെ ഷൂട്ടിങ് സ്വർണ മെഡലിസ്റ്റാണ് സുൽത്താൻ അൽ അര്യാനി. പാരാലിമ്പിക്സ് മത്സരങ്ങൾ ഞായറാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.