ഷാർജ: ഷാർജയിലെ ഏറ്റവും വലിയ മത്സ്യ-പച്ചക്കറി മാർക്കറ്റായ സൂക്ക് അൽ ജുബൈലിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശിച്ചത് 17 ലക്ഷം പേർ. 2022ലെ ആദ്യ പാദ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം അധികം സന്ദർശകരാണ് ഇത്തവണ സൂക്ക് അൽ ജുബൈലിൽ എത്തിയത്.
ഷാർജയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളോട് കൂടിയതുമായ മത്സ്യമാർക്കറ്റാണിത്. ഷാർജക്ക് അകത്തും പുറത്തും നിന്നുമായി മാർക്കറ്റിൽ എത്തുന്ന സന്ദർശകർക്ക് അധിക മൂല്യം ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ നടത്തിയ പ്രയത്നത്തിന്റെ ഫലമായാണ് തുടർച്ചയായ വർഷങ്ങളിൽ സന്ദർശകരുടെ വർധനവെന്ന് സൂക്ക് അൽ ജബൽ ചീഫ് ഓഫിസർ ഹമീദ് അൽ സരൗനി പറഞ്ഞു.
പുതിയ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ ഒരു കുടക്കീഴിൽ നിവർത്തിക്കാനും ആസ്വാദ്യകരമായ രീതിയിൽ സമയം ചെലവിടാനും കഴിയുന്ന രീതിയിലാണ് മാർക്കറ്റ് സജ്ജീകരിച്ചിട്ടുള്ളതെന്നും ഷാർജക്ക് അകത്തും പുറത്തുമുള്ള നിവാസികൾക്കിടയിൽ സൂക്ക് അൽ ജുബൈലിന്റെ ആവശ്യം ഉയരുന്നത് ആഗോള ടൂറിസം മാപ്പിൽ ഷാർജയുടെ പദവി ഉയരുന്നതിന് സഹായിക്കുമെന്നും അൽ സറൗനി പറഞ്ഞു.
365 സ്ക്വയർ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന അതിവിശാലമായ മാർക്കറ്റാണ് സൂക്ക് അൽ ജുബൈൽ. ഇവിടെ മത്സ്യ-മാസം, പഴം, പച്ചക്കറി എന്നീ മൂന്നു വിഭാഗങ്ങളിലാണ് ഇത്തവണ പ്രധാനമായും സന്ദർശകർ വർധിച്ചത്.
മൂന്നു വിഭാഗങ്ങളിലായി 261 ഷോപ്പുകളാണ് മാർക്കറ്റിലുള്ളത്. പഴം, പച്ചക്കറി വിഭാഗത്തിൽ മാത്രം 174 ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 22 എണ്ണം ഈത്തപ്പഴങ്ങൾക്ക് മാത്രമായുള്ളതാണ്. മാസം വിൽപനക്കായി 65 ഷോപ്പുകളും കടൽവിഭവങ്ങൾക്കായി 35 ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്. ഏതാണ്ട് 70 ജീവനക്കാരാണ് വിവിധ മേഖലകളിലായി ഇവിടെ ജോലി നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.