ദുബൈ: വിദ്യാർഥികൾക്കായി പ്രത്യേക യാത്ര പാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ ജൈടെക്സിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അന്തർദേശീയ വിദ്യാർഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനുമായി സഹകരിച്ചാണ് നോൽ കാർഡ് പുറത്തിറക്കിയത്. വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ കാർഡ് ഉപയോഗിച്ചാൽ ബസിലും മെട്രോയിലും ട്രാമിലും 50 ശതമാനം വരെ നിരക്കിളവുണ്ടാകും. അന്താരാഷ്ട്ര സ്റ്റുഡന്റ് ഐഡൻഡിറ്റി കാർഡായും ഇത് ഉപയോഗിക്കാം എന്നതാണ് പ്രത്യേകത.
ഈ കാർഡ് ഉപയോഗിച്ച് പണമടക്കുമ്പോൾ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 70 ശതമാനം വരെ വിലക്കുറവും വിദ്യാർഥികൾക്ക് ലഭിക്കും. യു.എ.ഇയിലെ റീട്ടെയ്ൽ വ്യാപാരത്തിനും ഈ കാർഡ് ഉപയോഗിക്കാം. അതോടൊപ്പം നോൽ കാർഡുമായി ബന്ധിപ്പിച്ച അന്തർദേശീയ വിദ്യാർഥി തിരിച്ചറിയൽ കാർഡും ലഭിക്കും. നോൽ പേ ആപ് വഴി അപേക്ഷിച്ചാൽ കാർഡ് വിലാസത്തിൽ ലഭിക്കും.
ദുബൈ മെട്രോ, ട്രാം, ബസ്, മറൈൻ ട്രാൻസ്പോർട്ട് എന്നിവ ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ വർഷം അവസാനത്തോടെ പരിഷ്കരിച്ച സ്റ്റുഡന്റ് നോൽ കാർഡ് പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ മാതാപിതാക്കൾക്ക് കുട്ടികളുടെ നോൽ കാർഡ് അക്കൗണ്ട് കൈകാര്യം ചെയ്യാനും ടോപ്- അപ് ചെയ്യാനും ഉപയോഗം നിയന്ത്രിക്കാനും സാധിക്കുന്ന ഫീച്ചറുകൾ ഉണ്ടാകും.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക ട്രാൻസ്പോർട്ട് കോൺഗ്രസ് ആൻഡ് എക്സിബിഷനിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ ദുബൈ ആർ.ടി.എയും അന്തർദേശീയ വിദ്യാർഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനും ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.