ദുബൈ: മൂന്നര വർഷത്തിനുശേഷം ഖത്തറുമായുള്ള യാത്രാബന്ധങ്ങൾ യു.എ.ഇ പുനഃസ്ഥാപിക്കുന്നു. ഖത്തറിലേക്കുള്ള യാത്രാമാർഗങ്ങളെല്ലാം ശനിയാഴ്ച വീണ്ടും തുറക്കുമെന്ന് യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. സൗദിയിൽ സമാപിച്ച ജി.സി.സി ഉച്ചകോടിയിലെ പ്രസിദ്ധമായ 'അൽഉല' കരാറിൽ ഒപ്പുവെച്ചതുപ്രകാരം ഖത്തറുമായുള്ള യാത്രാബന്ധം പുനഃസ്ഥാപിക്കുകയാണെന്ന് യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൗൽ വ്യക്തമാക്കി. രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. 'അൽഉല' കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് 2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ സ്വീകരിച്ച എല്ലാ നടപടികളും യു.എ.ഇ അവസാനിപ്പിക്കുകയാണെന്ന് ഖാലിദ് അബ്ദുല്ല ബെൽഹൗൽ പറഞ്ഞു.
അറബ്, ഇസ്ലാമിക രാജ്യങ്ങൾ തമ്മിലുള്ള സ്ഥിരമായ ഐക്യദാർഢ്യ ഉടമ്പടിയായി അവതരിപ്പിക്കപ്പെട്ട 'അൽഉല' കരാർ പ്രധാനപ്പെട്ട അറബ് നേട്ടമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിൽ സമാപിച്ച ജി.സി.സി ഉച്ചകോടിക്ക് പിന്നാലെ ഖത്തറുമായുള്ള വാണിജ്യബന്ധങ്ങളും യാത്രകളും ഒരാഴ്ചക്കകം പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ മുഹമ്മദ് ഗർഗാഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, 24 മണിക്കൂർ പിന്നിടും മുമ്പ് തന്നെ ഗതാഗതമാർഗങ്ങളെല്ലാം തുറന്നുകൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത് അറബ് ജനതക്ക് ആഹ്ലാദം പകരുന്നതായി. പ്രധാനമായും ജല, വ്യോമ അതിർത്തികളാണ് യു.എ.ഇക്കും ഖത്തറിനുമിടയിലുള്ളത്. ദിവസങ്ങൾക്കകം തന്നെ ഇൗ മാർഗങ്ങളിലൂടെയും ഗതാഗതം പഴയരീതിൽ പുനഃസ്ഥാപിക്കപ്പെടും. ഉഭയകക്ഷി ചർച്ചകളിലൂടെ തീർപ്പാക്കാത്ത വിഷയങ്ങളൊഴികെ മറ്റെല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ യു.എ.ഇ ഖത്തറുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഖാലിദ് അബ്ദുല്ല ബെൽഹൗൽ പറഞ്ഞു.
സഞ്ചാരത്തിനായി ഖത്തറിന് മുന്നിൽ യു.എ.ഇ എല്ലാവഴികളും തുറക്കുന്നതോടെ യാത്രകളും വ്യാപാരബന്ധങ്ങളും പഴയനിലയിലേക്ക് മടങ്ങും. എംബസികൾ സ്ഥാപിക്കുന്നതിലും എല്ലാതരത്തിലുള്ള ഗതാഗതം നടത്തുന്നതിലും വാണിജ്യനീക്കങ്ങൾ തുടരുന്നതിലും പ്രശ്നങ്ങളോ സാങ്കേതികപ്രശ്നങ്ങളോ നിലനിൽക്കുന്നില്ലെന്ന് യു.എ.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പഴയ രീതിയിലുള്ള തരത്തിലുള്ള നയതന്ത്ര ബന്ധങ്ങൾ പൂർണ തലത്തിലെത്താൻ അൽപ സമയമെടുക്കുമെന്നായിരുന്നു യു.എ.ഇ വിദേശകാര്യ സഹമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയിരുന്നത്. തുർക്കി സൈന്യം ഖത്തറിൽ തുടരുന്നതിലുള്ള വിയോജിപ്പ് യു.എ.ഇക്ക് വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ പ്രകടിപ്പിച്ചിരുന്നു. തുർക്കിയുടെ അറബ് രാജ്യങ്ങളോടുള്ള നിലപാടിൽ മാറ്റം വരുത്തേണ്ടതുണ്ട് എന്ന അഭിപ്രായമാണ് യു.എ.ഇക്കുള്ളത്. ഉൗഷ്മള ബന്ധം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി ഇത്തരം കാര്യങ്ങളിലെ വ്യക്തതയാണ് യു.എ.ഇ ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.