അബൂദബി: അബൂദബിയിലെ എല്ലാ കുട്ടികളും നിർബന്ധമായും ക്ലാസിൽ നേരിട്ടെത്തണമെന്ന് നിർദേശം. ഓൺലൈൻ പഠനം പൂർണമായും അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നിർദേശം. അടുത്തയാഴ്ച സ്കൂൾ തുറക്കുന്നത് മുതൽ കുട്ടികൾ എത്തണമെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു. സ്കൂളിൽ സാമൂഹിക അകലം പാലിക്കൽ നിർബന്ധമില്ല. എന്നാൽ, വിദ്യാർഥികൾ 96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റിവ് പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിൻ സ്വീകരിക്കാത്ത 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികൾ ഓരോ ഏഴ് ദിവസം കൂടുമ്പോഴും പി.സി.ആർ പരിശോധനക്ക് വിധേയരാവണം. വാക്‌സിൻ സ്വീകരിച്ച 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും ജീവനക്കാരും 14 ദിവസം കൂടുമ്പോൾ പി.സി.ആർ പരിശോധനക്ക് വിധേയരാവണം. വാക്‌സിനെടുത്ത 16 വയസ്സിൽ താഴെയുള്ളവർ 30 ദിവസം കൂടുമ്പോഴാണ് പരിശോധന നടത്തേണ്ടത്.
കുട്ടികൾ സുരക്ഷിതരായി സ്കൂളുകളിൽ മടങ്ങിയെത്തുന്നത് ഉറപ്പാക്കാനാണ് പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പുറത്തിറക്കിയതെന്ന് വകുപ്പ് അറിയിച്ചു. ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയുള്ള കുട്ടികൾക്ക് മാത്രമാണ് സ്കൂളിൽ ഹാജരാവുന്നതിൽ ഇളവുള്ളത്. ഇതിനായി സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം. ഒന്ന് മുതൽ 12വരെ ക്ലാസുകളിലെ വിദ്യാർഥികൾ ക്ലാസ് റൂമിൽ മാസ്ക് ധരിക്കണം. അബൂദബി ഹെൽത്ത് സർവിസ് കമ്പനിയുടെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിൽ 96 മണിക്കൂറിനുള്ളിൽ എടുക്കേണ്ട പി.സി.ആർ പരിശോധന സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.