അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുബാറക് മുസ്തഫയും ജനറൽ സെക്രട്ടറി മണികണ്ഠനും ചേർന്ന് രാജേഷിന് ഔട്ട്‌പാസും ടിക്കറ്റും കൈമാറുന്നു

സഹായിച്ചവരോട് നന്ദിപറഞ്ഞ് രാജേഷ് നാടണഞ്ഞു

അൽഐൻ: മാസങ്ങൾ നീണ്ട ദുരിതജീവിതത്തിനറുതിയായി കോട്ടയം സ്വദേശി രാജേഷ് രാജൻ നാടണഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ സഹായത്തിനെത്തിയ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ ഭാരവാഹികൾക്കും പ്രവാസി ഇന്ത്യ പ്രതിനിധികൾക്കും നന്ദിപറഞ്ഞ് വ്യാഴാഴ്ച വൈകീട്ട് നാട്ടിലേക്ക് തിരിച്ചു. നാലുവർഷം മുമ്പാണ് രാജേഷ് യു.എ.ഇയിലെത്തുന്നത്. അൽഐനിലെ അൽയഹറിൽ സലൂണിൽ ജോലിചെയ്യുകയായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ആ ജോലി നഷ്ടപ്പെട്ടു.

പിന്നീട് വീടുകളിൽ ചെന്ന് ജോലിചെയ്തിരുന്നു. ശേഷം അതിനും കഴിയാതായതോടെ മാനസികമായി തളർന്നു. ധരിച്ച വസ്ത്രമല്ലാതെ മറ്റൊന്നുമില്ലാത്ത അവസ്ഥയിലാണ് അദ്ദേഹത്തെ സന്നദ്ധപ്രവർത്തകർ കണ്ടെത്തുന്നത്. ഇതിനിടെ ഇദ്ദേഹത്തിന്‍റെ പാസ്പോർട്ട് നഷ്ടപ്പെട്ടു. ഇദ്ദേഹത്തെ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ ഭാരവാഹികൾ ഏറ്റെടുക്കുകയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലയക്കാനായുള്ള ശ്രമങ്ങളും ആരംഭിച്ചു. നാട്ടിൽ പോകുംവരെ അദ്ദേഹത്തെ സംരക്ഷിക്കാൻ പ്രവാസി ഇന്ത്യ പ്രവർത്തകരെയാണ് ഏൽപിച്ചത്. ഇദ്ദേഹത്തിനുള്ള ഔട്ട്പാസും ടിക്കറ്റും ഇന്ത്യൻ എംബസിയാണ് നൽകിയത്. അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുബാറക് മുസ്തഫയും ജനറൽ സെക്രട്ടറി മണികണ്ഠനുമാണ് ഇതിനുവേണ്ടി മുൻകൈ എടുത്തത്. ഇവർ രണ്ടുപേരും ചേർന്ന് രാജേഷിന് ഔട്ട്പാസും ടിക്കറ്റും കൈമാറി.

രണ്ടുമാസത്തിലേറെയായി താമസവും ഭക്ഷണവും നൽകിയത് പ്രവാസി ഇന്ത്യ പ്രവർത്തകരാണ്. അദ്ദേഹത്തിനും ഭാര്യക്കും മകൾക്കുമുള്ള വസ്ത്രങ്ങളും ചോക്ലറ്റും ഈത്തപ്പഴവും അടക്കമുള്ള ലഗേജും ഒരുക്കിക്കൊടുത്താണ് പ്രവാസി ഇന്ത്യ പ്രവർത്തകരും അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രവർത്തകരും ചേർന്ന് രാജേഷിനെ യാത്രയാക്കിയത്. ജാബിർ മാടമ്പാട്ട്, നജ്മുദ്ദീൻ, മഅ്റൂഫ്, സാദിഖ്, ഷാനവാസ്‌, സകരിയ്യ മുഹമ്മദ് പടിഞ്ഞാറെ വീട്ടിൽ, മുഹമ്മദ്‌ യാസീൻ എന്നിവരും ഇദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ഒരുക്കാൻ മുൻപന്തിയിലുണ്ടായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ തന്നെ സഹായിച്ച മുഴുവൻ ആളുകളോടും ഹൃദയംനിറഞ്ഞ നന്ദിപറഞ്ഞാണ് യു.എ.ഇയിൽനിന്നും രാജേഷ് നാട്ടിലേക്ക് യാത്രയായത്.

Tags:    
News Summary - Thanks to those who helped, Rajesh reached his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.