ദുബൈ:'ആ കത്തിൽ എന്താണ് എഴുതിയിരുന്നത് എന്നറിയില്ല. ഒരു കാര്യം മാത്രം അറിയാം. ഹൈദരലി തങ്ങളുടെ ആ കത്താണ് എനിക്ക് ഇവിടെ ജോലി നേടിത്തന്നത്. കത്ത് കാണിച്ചയുടൻ ജോലിക്ക് കയറാൻ അനുമതി ലഭിക്കുകയായിരുന്നു'-ഷാർജയിലെ ട്രാവൽ ഏജൻസി ജീവനക്കാരൻ മലപ്പുറം വളാഞ്ചേരി സ്വദേശി തൗഫീഖ് സലാമിന്റെ വാക്കുകളാണിത്. ഇങ്ങനെ എത്രയെത്ര കത്തുകൾ പ്രവാസലോകത്തേക്ക് പറന്നിരിക്കുന്നു. ഗൾഫിലെ സൂപ്പർമാർക്കറ്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാവൽസിലും ചെറുകിട-വൻകിട സ്ഥാപനങ്ങളിലുമെല്ലാം പാണക്കാട്ടെ ഹൈദരലി തങ്ങളുടെ കൈപ്പടയിൽ കത്തുകളെത്തിയിട്ടുണ്ട്. അതിൽ നാലു വരി മാത്രമേ ഉണ്ടാവൂ. പഠിച്ചുകൂട്ടിയ ബിരുദങ്ങളേക്കാളും എഴുതിവാങ്ങിയ സർട്ടിഫിക്കറ്റുകളേക്കാളും മൂല്യമുള്ള ആ കത്തുകളുടെ പിൻബലത്തിൽ ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നത് നൂറുകണക്കിന് മലയാളികളാണ്. ആ കത്തുകൾ നിലക്കുന്നത് പ്രവാസലോകത്തിന് സമ്മാനിക്കുന്നത് തീരാനഷ്ടമാണ്.
'അദ്ദേഹത്തിന്റെ കത്ത് കിട്ടിയാൽ മറിച്ചൊരു വാക്ക് പറയാൻ കഴിയില്ല. അത്രയേറെ പ്രയാസപ്പെടുന്നവർക്കും അർഹതപ്പെട്ടവർക്കുമായിരിക്കും കത്ത് നൽകുക. ഇന്റർവ്യൂ പോലും ചെയ്യാതെയാണ് പലരെയും ജോലിക്കെടുത്തത്. ഹൈദരലി തങ്ങളുടെ സ്ഥാനമാനങ്ങൾ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായി കേട്ടിട്ടില്ല. പക്ഷേ, ദുരിതം അനുഭവിക്കുന്നവർക്കായി അദ്ദേഹം സ്വന്തം സ്ഥാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു'-പറയുന്നത് ദുബൈ കരാമയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം മഞ്ചേരി സ്വദേശി നൗഫൽ.
ജോലിക്കുവേണ്ടി മാത്രമല്ല, കാരുണ്യ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം ആവശ്യമുള്ളവർക്കും അദ്ദേഹം കത്ത് നൽകി ഗൾഫിലേക്ക് അയച്ചു. മക്കളുടെ വിവാഹത്തിന് പണമില്ലാത്തവരുടെ ഏക ആശ്വാസമായിരുന്നു ഈ കത്തുകൾ. ഹൈദരലി തങ്ങളുടെ കൈയെഴുത്ത് കണ്ടവരെല്ലാം അറിഞ്ഞുതന്നെ സഹായിച്ചു. സ്വന്തം സ്ഥാനമാനങ്ങളുപയോഗിച്ച് ചൂഷണം നടത്തുന്നവരുള്ള കാലത്താണ് ഹൈദരലി തങ്ങൾ വേറിട്ട ജീവിതമായത്. പാവപ്പെട്ടവർക്ക് വീടുവെച്ച് നൽകുന്ന ബൈത്തുറഹ്മ പോലുള്ള പദ്ധതികൾക്കായി കേരളത്തിലേക്ക് പണം എത്തിക്കാനും ഈ കത്തുകൾ സഹായിച്ചു.
കോവിഡ് കാലത്ത് ബുദ്ധിമുട്ടിയവർക്ക് സഹായമെത്തിക്കാൻ അദ്ദേഹം കെ.എം.സി.സി വഴിയും വ്യക്തിപരമായും മുന്നിട്ടിറങ്ങിയിരുന്നു. കേസുകളിൽ കുടുങ്ങിയ നിരപരാധികളെ നാട്ടിലെത്തിക്കാൻ പണവും അധികാരവും ഉപയോഗിച്ചു. പി.ആർ വർക്കിൽ പിന്നിലായതിനാൽ ഹൈദരലി തങ്ങളുടെ സഹായകഥകൾ പലതും പുറംലോകം അറിഞ്ഞില്ല. പ്രവാസലോകത്തെ കുടുംബ തർക്കങ്ങളിലും മധ്യസ്ഥനായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മറ്റു മതസ്ഥരുടെ കുടുംബ പ്രശ്നങ്ങൾ തീർക്കാനും അദ്ദേഹത്തെ സമീപിച്ചിരുന്നു. സ്വന്തം കുടുംബത്തോടൊപ്പം പലതവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കോവിഡ് എത്തുന്നതിന് മുമ്പുവരെ ഗൾഫിലെ പരിപാടികളിലെ നിത്യസാന്നിധ്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.