വെയിൽ തിളച്ച് മറിയുന്ന മരുഭൂമിയിൽ ക്രിക്കറ്റിന് എന്ത് കാര്യം എന്നായിരുന്നു 1980ൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം പൂർത്തിയാകുമ്പോൾ പലരും ചിന്തിച്ചിരുന്നത്. ക്രിയാത്മകമല്ലാത്ത അത്തരം ചിന്തകളെ അതിർത്തിക്കപ്പുറത്തേക്ക് സിക്സറടിച്ചാണ് ഷാർജ ലോകത്തെ ഞെട്ടിച്ചുകളഞ്ഞത്. വിഖ്യാത പണ്ഡിതനും പ്രഗൽഭ വ്യവസായിയുമായ അബ്‌ദുൽ റഹ്‌മാൻ ബുഖാതിറിെൻറ മനസിൽ പൂവിട്ട ക്രിക്കറ്റ് സ്വപ്നം ഇടവേളകളില്ലാതെ പൂത്തുലയുകയായിരുന്നു
അറബ് മേഖലയുടെ സാംസ്കാരിക തലസ്ഥാന നഗരിയിൽ. 1983ലെ ഇന്ത്യയുടെ പ്രൂഡൻഷ്യൽ കപ്പ് വിജയമാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ പ്രശസ്തി വാനോളം ഉയർത്തിയത്. ഗാലറിയിൽ നിന്ന് അന്നുയർന്ന ആർപ്പുവിളി ഇന്നും തോർന്നിട്ടില്ല. 1984ൽ ആദ്യ ഏഷ്യ കപ്പിന് വേദിയായതോടെ ചരിത്രത്തിലാദ്യമായി ഒരു ഗൾഫ് എമിറേറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിന് വേദിയൊരുക്കിയ ചരിത്രം കൂടിയായിരുന്നു പിറന്നത്.
ഇന്ത്യയും പാക്കിസ്‌ഥാനും ശ്രീലങ്കയും മാറ്റുരച്ച മാമാങ്കത്തിൽ പാക്കിസ്‌ഥാനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക ഷാർജയിൽ ആദ്യ വിജയം കണ്ടപ്പോൾ, ടൂർണമെൻറിൽ ജേതാക്കളായി ഇന്ത്യ മരുഭൂമിയിൽ പുതു ചരിത്രം കുറിച്ചു. ഷാർജ കപ്പിനായി ഇന്ത്യ കാത്തിരുന്ന നാളുകളായിരുന്നു പിന്നെ കണ്ടത്. ഇന്ത്യയും പാകിസ്താനും പോരാട്ടത്തിനിറങ്ങിയ നാളുകളിൽ സ്റ്റേഡിയം കവിഞ്ഞൊഴുകി. 1990കളുടെ അവസാന നാളുകളിൽ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വാതുവെപ്പാണ് ഷാർജയുടെ ക്രിക്കറ്റ് വസന്തത്തിന് ശാപമായത്. വാതുവെപ്പ് പിടിമുറുക്കിയതോടെ ക്രിക്കറ്റ് ഷാർജയെ കൈവിടാൻ തുടങ്ങി. ഷാർജയിലെ കളി ഇന്ത്യ വിലക്കിയതോടെ ഗാലറികളിലെ ആവേശവും അണയാൻ തുടങ്ങി. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ നടന്ന വേദി എന്ന ബഹുമതി ഷാർജക്ക് സ്വന്തമായിരുന്നു.
240 ഏകദിന മത്സരങ്ങൾക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം ഇതുവരെ വേദിയായി. ടെസ്‌റ്റ് പദവിയില്ലാത്ത ഒരു രാജ്യം ടെസ്‌റ്റ് മത്സരത്തിന് വേദിയായ ചരിത്രവും ഷാർജക്ക് സ്വന്തം. 2002ൽ പാക്കിസ്‌ഥാനും വെസ്‌റ്റ് ഇൻഡീസുമാണ് ഇവിടെ ടെസ്‌റ്റ് കളിച്ചത്. പഴയ കാലത്തെ വകഞ്ഞുമാറ്റി പുതിയ കാലത്തെ കുട്ടിക്രിക്കറ്റിെൻറ ലോകമാമാങ്കവും ഷാർജയിലെത്തുകയാണ്, ഗാലറികളെ ആവേശം കൊണ്ട് നിറക്കാൻ.
നിർമിച്ചത്: 1982
സീറ്റിങ് കപ്പാസിറ്റി: 17,000
അന്താരാഷ്ട്ര ട്വൻറി-20:
ആകെ മത്സരം: 14
കൂടുതൽ റൺസ്: മുഹമ്മദ് ഷഹ്സാദ്: 408
ഉയർന്ന സ്കോർ: മുഹമ്മദ് ഷഹ്സാദ്: 118
ഉയർന്ന ടോട്ടൽ: 215 (അഫ്ഗാനിസ്ഥാൻ)
കുറഞ്ഞ ടോട്ടൽ: 56 (കെനിയ)
കൂടുതൽ വിക്കറ്റ്: സമിയുള്ള ഷിൻവാരി: 12
മികച്ച ബൗളിങ്: സമിയുള്ള ഷിൻവാരി: 13/5
ഏകദിന റെക്കോഡുകൾ: മത്സരങ്ങൾ: 240
കൂടുതൽ റൺസ്: ഇൻസമാമുൽ ഹഖ്: 2464
ഉയർന്ന സ്കോർ: 189 (സനത് ജയസൂര്യ)
ഉയർന്ന ടോട്ടൽ: പാകിസ്താൻ: 364/7
കുറഞ്ഞ ടോട്ടൽ: പാകിസ്താൻ: 151
കൂടുതൽ വിക്കറ്റ്: വസീം അക്രം: 122
മികച്ച ബൗളിങ്: മുത്തയ്യ മുരളീധരൻ 30/7
ലോകകപ്പിലെ പ്രധാന മത്സരങ്ങൾ:
ഒക്ടോബർ 22: ശ്രീലങ്ക Vs നെതർലൻഡ്
ഒക്ടോബർ 26: പാകിസ്താൻ Vs ന്യൂസിലൻഡ്
നവംബർ 06: ഇംഗ്ലണ്ട് Vs ദക്ഷിണാഫ്രിക്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.