അബൂദബി: കൾചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പശ്ചിമ അബൂദബിയിലെ ലിവ നഗരത്തിൽ 17ാമത് ഈന്തപ്പഴോത്സവത്തിന് തുടക്കം.
ഈ മാസം 25 വരെ നീളുന്ന വാർഷികോത്സവത്തിൽ കർഷകർക്ക് ആധുനിക കാർഷിക രീതികൾ പരിചയപ്പെടുത്തുകയും ഉയർന്ന നിലവാരമുള്ള ഈന്തപ്പഴം ഉൽപാദിപ്പിക്കുന്ന മാർഗങ്ങൾ കാട്ടിക്കൊടുക്കുകയും ചെയ്യും. അറഫ, ഈദ് അൽ അദ്ഹ ദിവസങ്ങളിലൊഴികെ രണ്ട് ഘട്ടങ്ങളിലായാണ് ഈ വർഷത്തെ ഫെസ്റ്റിവൽ. ജൂലൈ 15 മുതൽ 18 വരെയും തുടർന്ന് 22 മുതൽ 25 വരെയുമാണ് ഫെസ്റ്റിവൽ നഗരി തുറക്കുക.
കോവിഡ് പ്രതിരോധ മുൻകരുതലിെൻറ ഭാഗമായി ഈ വർഷം ഈന്തപ്പഴോത്സവ നഗരിയിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല. കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിച്ചവർക്കും 48 മണിക്കൂർ മുമ്പുള്ള പി.സി.ആർ പരിശോധനയുടെ നെഗറ്റിവ് ഫലം അൽ ഹുസ്ൻ ആപ്പിൽ കാണിക്കുന്നവർക്കും മാത്രമാണ് പ്രവേശനം. ഉത്സവ നഗരിയിലെ പ്രധാന പരിപാടി മികച്ച ഈന്തപ്പഴത്തിനുള്ള മത്സരമാണ്. ഈന്തപ്പന കൃഷി സംബന്ധിച്ച പ്രഭാഷണങ്ങൾ, കവിത സായാഹ്നങ്ങൾ, കാർഷിക ഉപകരണ പ്രദർശനം, ഇൗന്തപ്പന മരത്തിൽനിന്നുള്ള കരകൗശല ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും ഫെസ്റ്റിവൽ നഗരിയിൽ നടക്കും.അബൂദബി നഗരത്തിൽനിന്ന് 216 കിലോമീറ്റർ അകലെയാണ് ഫെസ്റ്റിവൽ നടക്കുന്ന ലിവ നഗരം.
യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിലാണ് ഫെസ്റ്റിവൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.