ആർട് ആൻഡ് ഫോട്ടോഗ്രഫി എക്സിബിഷനും അരങ്ങേറും
ദുബൈ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന രാജ്യമാണ് യു.എ.ഇ. ലോകത്താകമാനം സഹായങ്ങളുമായി കടന്നുചെല്ലുന്ന രാജ്യത്ത് അരങ്ങേറുന്ന എക്സ്പോയിലും ജീവകാരുണ്യത്തിന് ഇടംനൽകാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു. എക്സ്പോ 2020ദുബൈ അവസാനിക്കുന്നത് ലോകത്തെ ജീവകാരുണ്യ പ്രവർത്തന മേഖലക്ക് ഉണർവ് പകരുന്ന അന്താരാഷ്ട്ര ഉച്ചകോടിയോടെ ആയിരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ലോകത്തെ വിവിധ ഭാഗങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന മാനുഷിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഉച്ചകോടി അടുത്ത വർഷം മാർച്ച് 30നാണ് തീരുമാനിച്ചിരിക്കുന്നത്. മാനവികതയുടെ ഏറ്റവും പ്രധാന വെല്ലുവിളികളായ വംശീയത, ലിംഗ അസമത്വം, അസഹിഷ്ണുത, പീഡനങ്ങൾ എന്നിവയെ സംബന്ധിച്ച് ലോകരാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ച നടക്കും. ബുദ്ധിജീവികൾ, സർക്കാർ സ്ഥാപനങ്ങൾ, മനുഷ്യാവകാശ-ജീവകാരുണ്യ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ, സാംസ്കാരിക കൂട്ടായ്മകൾ തുടങ്ങിയ സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ നിലവിലെ ആശങ്കകൾ ചർച്ച ചെയ്യാനും പരിഹാരങ്ങളിലേക്ക് വെളിച്ചം വീശാനുള്ള ഉച്ചകോടിയിൽ പങ്കെടുക്കും.
കോവിഡ് മഹാമാരിയോടെ ലോകത്ത് മാനുഷിക പ്രതിസന്ധി പൂർവാധികം രൂക്ഷമാണ്. രണ്ടാംലോക യുദ്ധത്തിന് ശേഷം ലോകം ദർശിച്ച പ്രതിസന്ധിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യം മനസ്സിലാക്കി നിരവധി രാജ്യങ്ങളിലേക്ക് മെഡിക്കൽ സഹായങ്ങളും മറ്റും യു.എ.ഇ എത്തിച്ചിട്ടുണ്ട്. അടിയന്തര ആരോഗ്യ ഉപകരണങ്ങൾ ആവശ്യമായി ഇന്ത്യയടക്കുള്ള ലോകത്തെ 107രാജ്യങ്ങളിലേക്ക് സഹായങ്ങൾ അയച്ചു. നിലവിൽ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിനും വിതരണം ചെയ്യുന്നു.
കഴിഞ്ഞ റമദാനിൽ 100മില്യൺ മീൽസ് പദ്ധതിയിൽ വിവിധ രാജ്യങ്ങളിലായി ലക്ഷക്കണക്കിനു പേർക്കാണ് സഹായം ലഭിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ സംഭാവനകളർപ്പിച്ചവർക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു.
വ്യാഴാഴ്ച അന്താരാഷ്ട്ര ജീവകാരുണ്യപ്രവർത്തന ദിനത്തിലാണ് എക്സ്പോ നഗരിയിലെ ഉച്ചകോടി സംബന്ധിച്ച് പ്രഖ്യാപനം വന്നിരിക്കുന്നത്.
യു.എ.ഇയുടെ നയം വികസനവും ജീവകാരുണ്യവും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുള്ളതാണെന്ന് ഉച്ചകോടി പ്രഖ്യാപിച്ച് എക്സ്പോ ബോർഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറി ജനറൽ ദാവൂദ് അൽ ഷെസാവി പറഞ്ഞു.
പുതിയ ഡിജിറ്റൽ ടെക്നോളജി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഹൈബ്രിഡ് രീതിയിലാവും സമ്മിറ്റ്.
മാനുഷിക മൂല്യങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കുന്ന ആർട് ആൻഡ് ഫോട്ടോഗ്രഫി എക്സിബിഷനും ഉച്ചകോടിയോട് അനുബന്ധിച്ച് ഒരുക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.