ദുബൈ: ഇന്ത്യയിൽനിന്ന് നേരിട്ടുള്ള യാത്രക്ക് വിലക്കുള്ളതിനാൽ നേപ്പാൾ വഴി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികൾ സാമ്പത്തിക ചൂഷണത്തിനിരയാകുന്നു. ഇന്ത്യൻ എംബസിയിൽനിന്ന് ലഭിക്കേണ്ട എൻ.ഒ.സി നിരക്ക് ഇരട്ടിയിലേറെ വർധിപ്പിച്ചു. നേപ്പാളിൽനിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് വില കുത്തനെ വർധിപ്പിച്ചതിനു പിന്നാലെയാണ് എംബസിയുടെ ചൂഷണം. യാത്രക്കാരിൽനിന്ന് ട്രാവൽ ഏജൻസികൾ കഴുത്തറപ്പൻ ചാർജ് ഇൗടാക്കുന്നുമുണ്ട്.
യു.എ.ഇയിൽനിന്നുള്ള സൗദി പ്രവേശനം അടഞ്ഞതോടെയാണ് യാത്രക്കാർ ഇൗ വഴി തിരഞ്ഞെടുത്തു തുടങ്ങിയത്. ചെലവുകുറഞ്ഞ വഴിയെന്ന നിലയിലാണ് ഇടത്താവളമായി നേപ്പാൾ തിരഞ്ഞെടുക്കുന്നത്. ബഹ്റൈൻ, ഒമാൻ വഴിയും യാത്ര ചെയ്യാമെങ്കിലും ഏത് സമയവും ലോക്ഡൗൺ വരാമെന്ന ആശങ്കയുണ്ട്. ചുരുക്കം ചിലർ മാലദ്വീപ് വഴിയും പോകുന്നുണ്ട്.
നേപ്പാളിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് യാത്ര ചെയ്യാനാവുക. പ്രവാസികളുടെ ഒഴുക്ക് തുടങ്ങിയപ്പോൾ തന്നെ പല ട്രാവൽ ഏജൻസികളും വലിയ സംഖ്യ ഇൗടാക്കിത്തുടങ്ങി. തുടക്കത്തിൽ 30 മുതൽ 50 ശതമാനം വരെ ലാഭമെടുക്കുന്ന രീതിയിലാണ് ഏജൻസികളുടെ പാക്കേജെന്ന് നേപ്പാളിൽ താമസിക്കുന്ന മലയാളി സാമൂഹിക പ്രവർത്തകൻ 'മാധ്യമ'ത്തോട് പറഞ്ഞു. താമസം, ഭക്ഷണം എന്നിവക്ക് വലിയ സംഖ്യ ഇൗടാക്കിയ ഏജൻസികളുടെ സേവനം മോശമാണെന്നും ചിലർ പറയുന്നു.
യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. മാർച്ച് ആദ്യത്തിൽ 23,000-25,000 രൂപക്ക് ലഭിച്ച ടിക്കറ്റ് ഏപ്രിൽ ആദ്യമായപ്പോൾ 35,000-38,000 രൂപ നിരക്കിലേക്ക് കൂടി. വിമാനക്കമ്പനികളുടെ നടപടി ഇരുട്ടടിയായെന്ന് നേപ്പാളിൽ ക്വാറൻറീൻ അവസാനിക്കാറായ മലയാളി യാത്രക്കാരൻ 'മാധ്യമ'ത്തോട് പറഞ്ഞു. കോവിഡ് കാരണം മാസങ്ങൾ ജോലിയില്ലാതെ നാട്ടിൽ കുടുങ്ങിയവരാണ് യാത്രക്കാരിൽ കൂടുതലും. സൗദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ ഒന്നര മാസത്തിലേറെ അകപ്പെട്ട് അവിടെനിന്ന് നേപ്പാളിലേക്ക് വിമാനം കയറിയവരും ഇവരിലുണ്ട്.
ടിക്കറ്റ് തുക വർധനക്കു പിന്നാലെയാണ് എൻ.ഒ.സി നിരക്ക് വർധിപ്പിച്ച വാർത്ത പുറത്തുവന്നത്. ഇത് പ്രവാസികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാൻ സർക്കാർ തലത്തിലും രാഷ്ട്രീയമായും ഇടപെടണമെന്നാണ് ആവശ്യം. ഇന്ത്യക്കാര്‍ക്ക് എൻ.ഒ.സി ലഭിക്കുന്നതിന് നല്‍കേണ്ട തുക പൂർണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രിക്കും നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കും കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.