ദുബൈ: ഇന്ത്യക്കു പിന്നാലെ തുർക്കിയയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പുവെച്ച് യു.എ.ഇ. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെയും ഓൺലൈനിൽ സാക്ഷിയാക്കിയാണ് കരാറിൽ ഒപ്പുവെച്ചത്. യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല മിൻ തൗഖ് അൽ മർറി, തുർക്കിയ വ്യാപാര മന്ത്രി മെഹ്മത് മസ് എന്നിവരാണ് ഒപ്പുചാർത്തിയത്.
യു.എ.ഇ സെപ കരാർ ഒപ്പുവെക്കുന്ന നാലാമത്തെ രാജ്യമാണ് തുർക്കിയ. ആദ്യം ഇന്ത്യയുമായി ഒപ്പുവെച്ച യു.എ.ഇ പിന്നീട് ഇസ്രായേൽ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി കരാറിലേർപ്പെട്ടിരുന്നു. എണ്ണയിതര വ്യാപാരത്തിലെ വർധന ലക്ഷ്യമിട്ടാണ് യു.എ.ഇ-തുർക്കിയ കരാർ. 82 ശതമാനം സാധനങ്ങളുടെയും കസ്റ്റംസ് തീരുവയിൽ കുറവ് വരുമെന്നതാണ് കരാറിന്റെ പ്രത്യേകത. ഇതിൽ 93 ശതമാനവും എണ്ണയിതര മേഖലയിലാണ്. ഇതോടെ, ഇരുരാജ്യങ്ങളിലെയും ഇറക്കുമതിയും കയറ്റുമതിയും വർധിക്കും.
യു.എ.ഇയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് തുർക്കിയയിലേക്ക് കൂടുതൽ സാധനങ്ങൾ കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യാൻ കഴിയും. നിർമാണ മേഖലക്കാണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. എണ്ണയിതര മേഖലയിലെ വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 ശതകോടി ഡോളറാക്കുക എന്നതാണ് ലക്ഷ്യം. 2031ഓടെ 25,000 പുതിയ തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. കരാർ പ്രാബല്യത്തിലാകുന്നതോടെ യു.എ.ഇയിൽനിന്ന് തുർക്കിയയിലേക്കുള്ള കയറ്റുമതിയിൽ 21.7 ശതമാനം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. തുർക്കിയയിലേക്കുള്ള എണ്ണയിതര കയറ്റുമതി കഴിഞ്ഞ വർഷം 5.6 ശതകോടി ഡോളറായിരുന്നു. 2021നെ അപേക്ഷിച്ച് 109 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. സെപ യാഥാർഥ്യമാകുന്നതോടെ ഇത് ഇനിയും കുതിച്ചുയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.