ദുബൈ: പുള്ളാവൂർ പുഴയിലെപ്പോലെ കട്ടൗട്ട് വെക്കാൻ കഴിയില്ലെങ്കിലും അരീക്കോട്ടെപ്പോലെ റോഡ്ഷോ നടത്താൻ കഴിയില്ലെങ്കിലും യു.എ.ഇയിലെ അർജന്റീന ഫാൻസും തിമിർത്താഘോഷിക്കുകയാണ്. ഞായറാഴ്ച രാവിൽ തുടങ്ങിയ ആഘോഷം തിങ്കളാഴ്ച രാത്രിയും നിർത്താതെ പെയ്തു. പ്രവാസിമുറികളിലും മലയാളി ക്ലബുകളിലും സംഘടനകൾക്കിടയിലും കൂട്ടായ്മകളിലുമെല്ലാം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷം നടന്നത്.
ലോകകപ്പിന്റെ തുടക്കം മുതൽതന്നെ പ്രവാസിമുറികളിലും വീറും വാശിയും തുടങ്ങിയിരുന്നു. അതിന്റെകൂടി കലാശക്കൊട്ടാണ് ഞായറാഴ്ച ലുസൈലിൽ അരങ്ങേറിയത്. ഫാൻ സോണുകളിൽ എത്തിയാണ് ഏറെ പേരും കളി കണ്ടത്. ചങ്കിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ ലയണൽ മെസ്സി കപ്പുയർത്തിയതോടെ ഫാൻ സോണുകൾ പൊട്ടിത്തെറിച്ചു. അർജന്റീനൻ പതാകകൾ പാറിപ്പറന്നു. ആഘോഷം ഇവിടെ അവസാനിക്കുന്നില്ലെന്ന് തെളിയിച്ചാണ് തിങ്കളാഴ്ചയും അർജന്റീന ഫാൻസ് കണ്ണുതുറന്നത്. ട്രോളുകളും ആഘോഷ പോസ്റ്റുകളും ഷെയർ ചെയ്യലായിരുന്നു ആദ്യ ജോലി. നാട്ടിലെ ആഘോഷങ്ങളിൽ തങ്ങളാൽ കഴിയുന്ന സംഭാവന നൽകി ആഘോഷത്തിന് മാറ്റുകൂട്ടി. ഓഫിസുകളിൽ മധുരവിതരണം നടത്തി. ദേര ഉൾപ്പെടെ മലയാളികൾ തിങ്ങിത്താമസിക്കുന്ന മേഖലകളിലെ കച്ചവടസ്ഥാപനങ്ങളിലും ആഘോഷം നടന്നു. താമസസ്ഥലങ്ങളിലും കേക്ക് മുറിച്ചു. അടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവരുമായി മധുരം പങ്കുവെച്ചു.
കൂറ്റൻ കേക്കുകളും നീല ലഡുവുമെല്ലാം ഏറെ വിറ്റഴിഞ്ഞു. മൂന്നര പതിറ്റാണ്ടിന്റെ ഭാരം ഇറക്കി വെക്കുകയായിരുന്നു അവർ. ലോകകിരീടമില്ലാത്തവർ എന്ന കളിയാക്കലുകൾക്ക് നടുവിൽ പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന അർജന്റീന ഫാൻസിന് സഹമുറിയന്മാർക്കു മുന്നിൽ ഉയർത്തിക്കാണിക്കാൻ കഴിയുന്ന കിരീടംകൂടിയാണ് മെസ്സിപ്പട വെട്ടിപ്പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.