അബൂദബി: ലോട്ടറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആദ്യമായി ലൈസൻസ് അനുവദിച്ച് യു.എ.ഇ. ജനറൽ കമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജി.സി.ജി.ആർ.എ)യാണ് ലോട്ടറി പ്രവർത്തനാനുമതി നൽകിയത്. സുതാര്യതയും വിശ്വാസ്യതയും ഉപഭോക്തൃ സംരക്ഷണവും അടിസ്ഥാനമാക്കിയ ഉത്തരവാദിത്തമുള്ള ഗെയിമിങ് മേഖല സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള അതോറിറ്റിയുടെ ശ്രമത്തിലെ നാഴികക്കല്ലാണ് ഈ പ്രഖ്യാപനമെന്ന് വാം റിപ്പോർട്ട് ചെയ്തു.
ഗെയിം വികസനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള വാണിജ്യ ഗെയിമിങ് ഓപറേറ്ററായ ദ ഗെയിം എൽ.എൽ.സിക്കാണ് അതോറിറ്റി ലോട്ടറി ലൈസൻസ് അനുവദിച്ചത്. ‘യു.എ.ഇ ലോട്ടറി’ എന്ന പേരിലാണ് ദ ഗെയിം എൽ.എൽ.സി യു.എ.ഇയിൽ ലോട്ടറി ഗെയിം പ്രവർത്തനം നടത്തുക. യു.എ.ഇ ലോട്ടറിയുടെ സ്ഥാപിക്കൽ ലോകോത്തര നിലവാരത്തിലുള്ള ലോട്ടറി പ്രവർത്തന ചട്ടക്കൂട് സ്ഥാപിക്കൽ മാത്രമല്ലെന്നും സുരക്ഷിതവും യു.എ.ഇയുടെ പരിതസ്ഥിതിയിൽ സമ്പുഷ്ടമായ വാണിജ്യ ഗെയിമിങ് പരിപോഷിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതക്ക് അടിവരയിടുന്നത് കൂടിയാണെന്നും ജി.സി.ജി.ആർ.എ ചെയർമാൻ ജിം മുറെൻ പറഞ്ഞു.
ജി.സി.ജി.ആർ.എ സി.ഇ.ഒ കെവിൻ മുല്ലാലിയും ഇക്കാര്യം ആവർത്തിച്ചു. ഉപഭോക്താക്കളെയും എല്ലാ പങ്കാളികളുടെയും നിയമാനുസൃത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി സമഗ്രമായ നിയമ ചട്ടക്കൂടാണ് ജി.സി.ജി.ആർ.എ തയാറാക്കിയിരിക്കുന്നത്.
ജി.സി.ജി.ആർ.എയുടെ അനുമതിയില്ലാതെ യു.എ.ഇയിൽ വാണിജ്യപരമായി ഗെയിമിങ് നടത്തുന്നത് അനധികൃതമാണെന്നും കടുത്ത ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇല്ലാത്ത കേന്ദ്രങ്ങളിൽ കളിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കാൻ ജി.സി.ജി.ആർ.എ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.