ദുബൈ: പ്രവചനങ്ങളെയെല്ലാം കടത്തിവെട്ടി സാമ്പത്തിക വളർച്ചരംഗത്ത് കുതിച്ചുപാഞ്ഞ് യു.എ.ഇ. നടപ്പു സാമ്പത്തികവർഷ ആദ്യപാദം രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 3.8 ശതമാനം വളർച്ച കൈവരിച്ചു. യു.എ.ഇ സെൻട്രൽ ബാങ്കിന്റെയും ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും പ്രവചനങ്ങളെ മറികടന്നാണ് രാജ്യത്തിന്റെ അതിവേഗത്തിലുള്ള വളർച്ച.
2023 സാമ്പത്തിക വർഷം രാജ്യം 3.3 ശതമാനം വളർച്ച നേടുമെന്നായിരുന്നു യു.എ.ഇ സെൻട്രൽ ബാങ്കിന്റെ പ്രവചനം. ലോകബാങ്ക് 2.8 ശതമാനവും അന്താരാഷ്ട്ര നാണയ നിധി 3.5 ശതമാനവും വളർച്ചയാണ് പ്രവചിച്ചിരുന്നത്. എന്നാൽ, ആദ്യപാദ വർഷത്തിൽതന്നെ ഈ ലക്ഷ്യങ്ങളെല്ലാം മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നടപ്പുവർഷം മാർച്ചിൽ അവസാനിച്ച ആദ്യ മൂന്നു മാസത്തിൽ രാജ്യത്തെ ജി.ഡി.പി 15 ശതകോടിയിലധികം വളർച്ച കൈവരിച്ച് 418.3 ശതകോടിയിലെത്തിയതായാണ് ഫെഡറൽ സെന്റർ ഫോർ കോമ്പിറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ചൊവ്വാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്ധനേതര മേഖലയിൽ ജി.ഡി.പി 13.5 ശതകോടി വർധിച്ച് 312 ശതകോടിയിലെത്തി. 4.5 ശതമാനമാണ് മേഖലയിലെ വളർച്ചനിരക്ക്.ഗതാഗത, സംഭരണ മേഖലകൾ 10.9 ശതമാനം വളർച്ച കൈവരിച്ച് സാമ്പത്തിക വ്യവസ്ഥയിലേക്ക് 21.79 ശതകോടിയുടെ സംഭാവനയാണ് നൽകിയത്. നിർമാണ മേഖലയിൽ കഴിഞ്ഞവർഷം ഇതേ പാദത്തെ അപേക്ഷിച്ച് 9.2 ശതമാനവും വളർച്ച നേടി.
ഈ മേഖലയിൽനിന്ന് 36.3 ശതകോടിയാണ് ലഭിച്ചത്. താമസം, ഭക്ഷണ വിതരണ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനമേഖലയിൽ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ ധന, ഇൻഷുറൻസ് മേഖലകളിൽ 8.8 ശതമാനം വളർച്ച കൈവരിച്ചു. ചെറുകിട, മൊത്ത വ്യാപാര മേഖല 5.4 ശതമാനവും വളർച്ച രേഖപ്പെടുത്തി.
ധന ഇതര മേഖല 3.5 ശതമാനം വളർച്ച നേടി 11.8 ശതകോടിയിലെത്തി. റിയൽ എസ്റ്റേറ്റ് മേഖലകളിൽ 3.1 ശതമാനവും വളർച്ച കൈവരിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ രാജ്യത്തെ ജി.ഡി.പി വളർച്ചനിരക്ക് ഏഴു ശതമാനത്തിലെത്തിച്ച് 2030ഓടെ മൂന്നു ലക്ഷം കോടിയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് സാമ്പത്തികകാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.