ഗസ്സക്ക്​ മാനുഷിക സഹായമെത്തിക്കാൻ കാമ്പയിനുമായി യു.എ.ഇ

ദുബൈ: ഗസ്സയിൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക്​ മാനുഷിക സഹായമെത്തിക്കുന്നതിന്​ കാമ്പയിൻ പ്രഖ്യാപിച്ച്​ യു.എ.ഇ. ‘ഗസ്സക്ക്​ വേണ്ടി അനുകമ്പ’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിനിന്‍റെ ഭാഗമായി രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ സഹായവസ്തുക്കൾ ശേഖരിക്കുന്നതിന്​ പ്രത്യേക കേന്ദ്രങ്ങൾ തുറക്കും. വിവിധ ജീവകാരുണ്യ സംഘടനകളുമായും വളണ്ടിയർ കേന്ദ്രങ്ങളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാണ്​ കാമ്പയിൻ നടപ്പിലാക്കുക.

എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റി ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ മിന സായിദിലെ അബുദാബി പോർട്ട് ഹാളിൽ കാമ്പയിൻ ആരംഭിക്കും. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വേൾഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്. ഫലസ്തീൻ ജനതക്ക്​ 2കോടി ഡോളർ സഹായം എത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ്​ ആൽ നഹ്​യാൻ നിർദേശിച്ചതിന് പിന്നാലെയാണ് കാമ്പയിൻ ആരംഭിക്കുമെന്ന പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്​.

ഇസ്രായേൽ-ഗസ്സ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ കുട്ടികൾക്കും കുടുംബങ്ങൾക്കും ഭക്ഷണം, ശുചിത്വ, ആരോഗ്യ സാമഗ്രികൾ തുടങ്ങിയവ എത്തിക്കാനാണ്​ പദ്ധതിയിടുന്നത്​. പശ്​ചിമേഷ്യയിലെ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ റിലീഫ് ഏജൻസി വഴിയാണ് സഹായം എത്തിക്കുക. മാനുഷിക ദുരന്തമായി പരിണമിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലും യു.എ.ഇ ശക്​തമാക്കിയിട്ടുണ്ട്​.

Tags:    
News Summary - UAE launches campaign to bring humanitarian aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.