ദുബൈ: പുതുവൽസര സമ്മാനമായി യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ പെട്രോൾ ലിറ്ററിന് 14 ഫിൽസ് വരെയും ഡീസൽ ലിറ്ററിന് 19 ഫിൽസുമാണ് കുറഞ്ഞത്. സ്പെഷ്യൽ, സൂപ്പർ പെട്രോളുകൾക്ക് ലിറ്ററിന് 14 ഫിൽസാണ് കുറയുന്നത്. ഇപ്ലസ് പെട്രോളിന് 13 ഫിൽസ് കുറയും.
സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹമിൽ നിന്ന് 2.85ദിർഹമായും സ്പെഷ്യൽ പെട്രോളിന് 2.85 ദിർഹമിൽ നിന്ന് 2.71 ദിർഹമായും കുറഞ്ഞു. ഇപ്ലസിന്റെ നിരക്ക് 2.77 ദിർഹമിൽ നിന്ന് 2.64 ദിർഹമായാണ് കുറച്ചത്. ഡീസലിന് 19 ഫിൽസ് കുറയുമ്പോൾ 3.19 ദിർഹം എന്ന നിരക്ക് 3.00 ദിർഹമായി. ഇന്ധനവില നിർണയ സമിതിയാണ് പുതിയ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് സമിതി ആഭ്യന്തര വിപണിയിലെ ഇന്ധനിരക്ക് നിശ്ചയിക്കുന്നത്.
നവംബറിലും ഡിസംബറിലും രാജ്യത്ത് ഇന്ധന വില കുറഞ്ഞിരുന്നു. ജനുവരിയിലും കുറഞ്ഞതോടെ വലിയ ആശ്വാസമാണ് താമസക്കാർക്ക് ലഭിച്ചിരിക്കുന്നത്. ഒക്ടോബറിൽ സൂപ്പർ പെട്രോളിന്റെ വില 3.44 ഫിൽസും സ്പെഷ്യൽ പെട്രോളിന്റെ വില 3.33 ഫിൽസും ഡീസലിന്റെ വില 3.57 ഫിൽസുമായിരുന്നു. ഇതാണ് മൂന്നു മാസത്തിനിടയിൽ 60ഫിൽസോളം കുറഞ്ഞിരിക്കുന്നത്. നിരക്ക് കുറഞ്ഞതിന്‍റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റുകളിൽ ടാക്സി, ബസ് നിരക്കുകളും കുറയാൻ സാധ്യതയുണ്ട്. ഗതാഗത ചിലവ് കുറയുന്നത് ആവശ്യ സാധനങ്ങളുടെ വിലയിലും യാത്രാ ചിലവിലും കുറവ് വരുത്തുന്നത് കുടുംബ ബജറ്റുകൾക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.