അബൂദബി: യു.എ.ഇയുടെ പുതിയ ബജറ്റ് വിമാനമായ ‘എയർ അറേബ്യ അബൂദബി’ സർവിസ് ആരംഭിച്ചു. ആദ്യ വിമാനം ഈജിപ്തിലെ അലക്സാണ്ട്രിയയിലേക്ക് പറന്നു. രണ്ടാമത്തെ വിമാനം ബുധനാഴ്ച അബൂദബിയിൽ നിന്ന് നൈൽ നദീ നഗരമായ സോഹാഗിലേക്ക് സർവിസ് നടത്തും. ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിെല മുതിർന്ന ഉദ്യോഗസ്ഥർ, അബൂദബി എയർപോർട്ട്സ് കമ്പനി, എയർ അറേബ്യ, അബൂദബി ഗതാഗത വകുപ്പ് അധികൃതർ എന്നിവരും അബൂദബി കേന്ദ്രമായ വിമാന സർവിസിെൻറ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
എയർ അറേബ്യ അബൂദബി പ്രവർത്തനങ്ങൾ ആരംഭിക്കാനായതിൽ അഭിമാനിക്കുന്നതായും ഇത്തിഹാദ് എയർവേസും എയർ അറേബ്യയും തമ്മിലുള്ള സംയുക്ത സംരംഭം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും മികച്ച ആനുകൂല്യം നൽകുമെന്നും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ടോണി ഡഗ്ലസ് അറിയിച്ചു. എയർ അറേബ്യ അബൂദബിയുടെ ആദ്യ വിമാനം സർവിസ് ആരംഭിച്ചതിൽ സന്തുഷ്ടരാണെന്ന് എയർ അറേബ്യ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആദിൽ അൽ അലിയും പറഞ്ഞു. കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സർവിസ് ആരംഭിക്കുമ്പോൾ ഉപയോക്താക്കൾക്ക് അബൂദബിയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കും. അബൂദബി അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കിയാണ് എയർ അറേബ്യ അബൂദബി പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.