ദുബൈ: ഗസ്സയിൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് മാനുഷിക സഹായമെത്തിക്കുന്നതിന് കാമ്പയിൻ പ്രഖ്യാപിച്ച് യു.എ.ഇ. ‘ഗസ്സക്ക് വേണ്ടി അനുകമ്പ’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സഹായവസ്തുക്കൾ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ തുറക്കും. വിവിധ ജീവകാരുണ്യ സംഘടനകളുമായും വളന്റിയർ കേന്ദ്രങ്ങളുമായും സ്വകാര്യമേഖലയുമായും സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുക.
എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ മിന സായിദിലെ അബൂദബി പോർട്ട് ഹാളിൽ കാമ്പയിൻ ആരംഭിക്കും. പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും. വേൾഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ ആരംഭിക്കുന്നത്.
ഫലസ്തീൻ ജനതക്ക് രണ്ടു കോടി ഡോളർ സഹായമെത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശിച്ചതിന് പിന്നാലെയാണ് കാമ്പയിൻ ആരംഭിക്കുമെന്ന പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്. ഇസ്രായേൽ-ഗസ്സ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ കുട്ടികൾക്കും കുടുംബങ്ങൾക്കും ഭക്ഷണം, ശുചിത്വ, ആരോഗ്യ സാമഗ്രികൾ തുടങ്ങിയവ എത്തിക്കാനാണ് പദ്ധതിയിടുന്നത്. പശ്ചിമേഷ്യയിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ഏജൻസി വഴിയാണ് സഹായമെത്തിക്കുക.
മാനുഷിക ദുരന്തമായി പരിണമിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലും യു.എ.ഇ ശക്തമാക്കിയിട്ടുണ്ട്.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഞ്ചുകോടി ദിർഹം ഫലസ്തീനികൾക്ക് സഹായം അനുവദിക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.