ദുബൈ: വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സേവനങ്ങൾക്ക് ഏകീകരിച്ച ഫീസ് ഘടന കൊണ്ടുവരാൻ തീരുമാനിച്ച് യു.എ.ഇ. ചാർജിങ് സേവനങ്ങളുടെ ഫീസ് ഏകീകരിക്കുന്നത് സംബന്ധിച്ച് അടുത്തിടെ യു.എ.ഇ ധനകാര്യ മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം പുതിയ ഫീസ് ഘടന രാജ്യവ്യാപകമായി ബാധകമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതുപ്രകാരം സെപ്റ്റംബർ ആറു മുതൽ ഏകീകരിച്ച ഫീസ് ഘടന നിലവിൽവരുമെന്നാണ് വിവരം. നിലവിൽ ഷോപ്പിങ് മാളുകളിൽ മാത്രമാണ് ചാർജിങ് സൗജന്യം. മറ്റ് സ്ഥലങ്ങളിൽ ദീവയുടെയും മറ്റ് കാർഡുകളും മറ്റും ഉപയോഗിച്ചാണ് ചാർജിങ് ഫീസ് അടക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി രാജ്യത്താകെ ഏകീകൃത ഫീസ് ഘടന കൊണ്ടു വരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും മറ്റ് പ്രധാന അതോറിറ്റികളുമാണ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ചാർജിങ് ഫീസ് ഈടാക്കുക. അതിവേഗ ചാർജിങ് (എക്സ്പ്രസ്), വേഗം കുറഞ്ഞ (സ്ലോ) ചാർജിങ് എന്നിങ്ങനെ രണ്ട് സ്ലാബുകളിലായാണ് ഫീസ് ഘടന നിശ്ചയിച്ചിരിക്കുന്നത്. എക്സ്പ്രസ് ചാർജിങ് സേവനങ്ങൾക്ക് കിലോവാട്ടിന് മിനിമം 1.20 ദിർഹവും വാറ്റ് നികുതിയുമാണ് ഇൗടാക്കുക. വേഗം കുറഞ്ഞ ചാർജിങ് സേവനങ്ങൾക്ക് മിനിമം 70 ഫിൽസും വാറ്റ് നികുതിയും ഈടാക്കും.
ഫീസ് ഘടനയിൽ മാറ്റം വരുത്താനുള്ള അധികാരം മന്ത്രിമാരുടെ സമിതിക്കായിരിക്കും. ആവശ്യമെങ്കിൽ ഫീസ് കൂട്ടുകയോ കുറക്കുകയോ എടുത്തുകളയുകയോ ചെയ്യാൻ സമിതിക്ക് അധികാരമുണ്ടെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ധനമന്ത്രാലയം നിർണയിക്കുന്ന രീതികൾ ഉപയോഗിച്ചായിരിക്കും വിവിധ ഫെഡറൽ അതോറിറ്റികൾ ഇ.വി ചാർജിങ് ഫീസുകൾ ഈടാക്കുക. കൂടാതെ ഓരോ എമിറേറ്റുകളിലും സ്ഥാപിക്കുന്ന രീതികൾ ഉപയോഗപ്പെടുത്തി അവിടങ്ങളിലെ പ്രാദേശിക അതോറിറ്റികൾക്കും ചാർജിങ് ഫീസ് ഈടാക്കാം.
നിയമം നടപ്പാക്കുന്നതിനാവശ്യമായ എക്സിക്യൂട്ടിവ് തീരുമാനങ്ങളും നടപടിക്രമങ്ങളും ധനമന്ത്രാലയവുമായി ചേർന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം കൈക്കൊള്ളും.
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് യു.എ.ഇയിൽ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണവും സർക്കാർ വർധിപ്പിച്ചിരുന്നു. പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനം ഇ.വി ഘടനയിലേക്ക് മാറുകയെന്നതാണ് സർക്കാറിന്റെ നയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.