അബൂദബി: യു.എ.ഇയിലെ നാല് എമിറേറ്റുകളിലേക്കുള്ള വിമാന സർവീസ് അവകാശം ഏകീകരിക്കണമെന്ന നിർദേശവുമായി ഇന്ത്യ രംഗത്ത്.
ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളിലേക്ക് നടത്തുന്ന വിമാന സർവീസുകളുടെ കരാറുകൾ ഏകീകരിക്കണമെന്നാണ് ആവശ്യം. ഇത് യാഥാർഥ്യമായാൽ ഇന്ത്യ^യു.എ.ഇ സെക്ടറിലെ ഇരു രാജ്യങ്ങളുടെയും വിമാന സർവീസുകൾ വർധിക്കും.
ഒരു ഇന്ത്യൻ വിമാനക്കമ്പനിക്ക് ഒരു എമിറേറ്റിലേക്ക് അനുവദിച്ച സർവീസുകളുടെ എണ്ണത്തിൽ പകുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെങ്കിൽ ബാക്കിയുള്ള സർവീസുകൾ മറ്റു എമിറേറ്റുകളിലേക്ക് നടത്താമെന്നതാണ് കരാർ ഏകീകരിക്കുക വഴി ഇന്ത്യ കാണുന്ന മെച്ചം. ഇൗ നിർദേശം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ മെയ് ആദ്യത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽമാരുടെയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്നും യു.എ.ഇയിൽനിന്നുമായി ഇന്ത്യൻ വിമാനങ്ങൾക്ക് ആഴ്ചയിൽ ഒാരോ ഭാഗത്തേക്കും 134,441 സീറ്റുകളുടെ അനുമതിയുണ്ട്. ദുബൈ 65,200, അബൂദബി 50,000, ഷാർജ 17,841, റാസൽഖൈമ 1,400 എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള കണക്ക്. എന്നാൽ, എല്ലാ ഇന്ത്യൻ വിമാനങ്ങളും കൂടി ആഴ്ചയിൽ 99,009 സീറ്റുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഏകീകൃത കരാർ നിലവിൽ വന്നാൽ ശേഷിക്കുന്ന 35,432 സീറ്റുകൾ കൂടി ഉപയോഗപ്പെടുത്താമെന്നതാണ് ഇന്ത്യൻ അധികൃതരുടെ കണക്ക് കൂട്ടൽ. യു.എ.ഇ വിമാനങ്ങൾ ഉപയോഗിക്കാത്ത സീറ്റുകളുടെ എണ്ണം 15,055 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.