അബൂദബി: എമിറേറ്റിലെ പ്രധാന പാതകളില്‍ കുറഞ്ഞ വേഗം പരിമിതപ്പെടുത്താനുള്ള അബുദബി പൊലീസിന്റെ തീരുമാനത്തിന് വ്യാപക പിന്തുണ. സമൂഹ മാധ്യമത്തില്‍ നടത്തിയ വോട്ടെടുപ്പിൽ 78 ശതമാനം പേര് പൊലീസിന്റെ തീരുമാനത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡില്‍ കുറഞ്ഞ വേഗം 120 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്താനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് പൊലീസ് പ്രഖ്യാപിച്ചത്. നിയമലംഘകര്‍ക്ക് 400 ദിര്‍ഹം പിഴ ചുമത്താനും തീരുമാനമായിരുന്നു. ഏപ്രില്‍ ഒന്നുമുതലാണ് റോഡിലെ ഇടത്തെ അറ്റത്തെ രണ്ട് ലൈനുകളില്‍ വേഗപരിധി പരിമിതപ്പെടുത്തിയത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു. കുറഞ്ഞ വേഗത്തില്‍ പോകുന്നവര്‍ക്ക് മറ്റ് ലൈനുകള്‍ ഉപയോഗിക്കാമെന്നും അധികൃതർ പറഞ്ഞു.
അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങും മൂലം മുന്നില്‍ പോവുന്ന വാഹനങ്ങളില്‍ ഇടിച്ചുകയറുന്ന നിരവധി കാറുകളുടെ വിഡിയോ മുമ്പ് അബൂദബി പൊലീസ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും മറ്റു യാത്രികരോട് സംസാരിച്ചും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തും മേക്ക് അപ് ഇട്ടുമൊക്കെ ശ്രദ്ധ മാറിപ്പോവുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നതെന്നും പൊലീസ് പറഞ്ഞു.
യു.എ.ഇ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ചെറിയ വാഹനങ്ങള്‍ റെഡ് സിഗ്നല്‍ മറികടന്നാല്‍ 1000 ദിര്‍ഹമാണ് പിഴ. വലിയ വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹമാണ് പിഴ ചുമത്തുക.
ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റ് ചുമത്തുന്നതിനു പുറമെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. കാര്‍ വിട്ടുകൊടുക്കണമെങ്കില്‍ ഉടമ 3000 ദിര്‍ഹം അടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.