കഴിഞ്ഞ ദിവസമായിരുന്നു ലോക തണ്ണീര്‍ തട ദിനം. ഇതോടനുബന്ധിച്ച് അജ്മാനിലെ അല്‍ സോറയില്‍ എല്ലാ വര്‍ഷവും 1,000 കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്ന സംരംഭം സംഘടിപ്പിക്കാറുണ്ട്. അജ്മാന് നഗരസഭയുടെ കീഴിലുള്ള പരിസ്ഥിതി വികസന വകുപ്പ് സ്കൂള്‍ കുട്ടികളെ സഹകരിപ്പിപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തണ്ണീർതടങ്ങൾക്ക് അത്രമേൽ പ്രാധാനം നൽകുന്ന എമിറേറ്റാണ് അജ്മാൻ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശത്ത് സ്വാഭാവികമായി വളര്‍ന്നു വന്ന കണ്ടല്‍കാടുകള്‍ സംരക്ഷിക്കുക, അതിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുക, വരും തലമുറക്ക് സുഗമമായ ആവാസ വ്യവസ്ഥ ഒരുക്കുകയും ചെയ്യുക തുടങ്ങിയ ദൗത്യം നിറവേറ്റുന്നതിന്റെ ഭാഗം കൂടിയാണ് ഈ സംരംഭം.
വർഷം മുഴുവനും കാണപ്പെടുന്ന പിങ്ക് അരയന്നങ്ങൾ ഉൾപ്പെടെ ധാരാളം ദേശാടന പക്ഷികൾക്കും അനുയോജ്യമായ പ്രജനന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസനങ്ങളുടെയും കൈയ്യേറ്റങ്ങളുടേയും ഭാഗമായി കണ്ടല്‍കാടുകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ പാരിസ്ഥിതിക മൂല്യം തിരിച്ചറിഞ്ഞ് ഇവിടം സ്വര്‍ഗ്ഗമാക്കുകയാണ് ഭരണാധികാരികള്‍. പ്രകൃതി സംരക്ഷണ കേന്ദ്രത്തെ അലങ്കരിക്കുന്ന കണ്ടൽ വനങ്ങൾ നിരവധി കടൽ, ജല മത്സ്യങ്ങൾ, ചെമ്മീൻ, ഒച്ചുകൾ, വിവിധ ഞണ്ടുകൾ എന്നിവയുടെ ഫലഭൂയിഷ്ഠമായ മണ്ണാണ്. ഈ മനോഹരമായ പ്രദേശത്തെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, വർഷം മുഴുവനും കണ്ടൽക്കാടുകളുടെ പച്ചപ്പാണ്. ഇത് ഭൂമിയിലെ കാർബൺ വേർതിരിക്കലിനും ആഗോളതാപനത്തിന് കാരണമാകുന്ന വിഷവാതകങ്ങളെ അകറ്റുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
വിവിധതരം പവിഴപ്പുറ്റുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ജല മലിനീകരണം ഇല്ലാതാക്കുന്നതിനും സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കഴിയും. അജ്മാനിലെ ടൂറിസം വികസന വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഒരു കണ്ടൽമരം പ്രതിവർഷം ശരാശരി 12.3 കിലോ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുന്നു. ഇത് 25 വർഷത്തിനിടെ അന്തരീക്ഷത്തിൽ നിന്ന് 308 കിലോഗ്രാം (0.3 ടൺ) കാർബൺ ഡൈ ഓക്സൈഡിന് തുല്യമാണ്.
2015 ലെ ‘റാംസർ ഇന്റർനാഷനൽ വെറ്റ്ലാൻഡ്സ്’ ലിസ്റ്റില്‍ അൽ സോറ മേഖലയിലെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്തീർണ്ണം 1,950,000 ചതുരശ്ര മീറ്ററാണെന്നാണ് കണക്കാക്കിയത്. ഇതിനകത്ത് 1 ,450,000 ചതുരശ്ര മീറ്റർ കണ്ടൽക്കാടുകളുടെ സസ്യപ്രദേശമാണ്. ഇതില്‍ ഏകദേശം 484,000 മരങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിവർഷം ഏകദേശം 5,950 000 കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാൻ സഹായകമാണെന്നാണ് കണക്കാക്കുന്നത്. 2017നും 2022 നും ഇടയിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ പിന്തുണയോടെ അജ്മാൻ എമിറേറ്റ് സർക്കാർ അൽ സോറ നേച്ചർ റിസർവിനുള്ളിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്നത് ഊർജിതമാക്കി. അധികമായി 40,000 മുകളില്‍ കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. ഓരോ പുതിയ മരവും രണ്ട് മുതൽ മൂന്ന് ചതുരശ്ര മീറ്റർ വരെ വ്യാപിച്ച് കിടക്കും. ഇത് പ്രകൃതിക്ക് നല്കുന്ന അനുഗ്രഹം ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.