മനോരോഗങ്ങള്‍  ഒളിച്ചുവെക്കണമോ?

ഒരു വ്യക്തി, തനിക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഏതെങ്കിലും തരത്തിലുള്ള ശാരീരിക രോഗങ്ങള്‍ പിടിപെട്ടാല്‍ അതേക്കുറിച്ച് വാചാലരാവുന്നതുകാണാം. അതേസമയം, ശാരീരിക രോഗത്തിന് പകരം മാനസിക പ്രശ്നങ്ങളാണെങ്കിലോ? അതേക്കുറിച്ച് മൗനംപാലിക്കാനോ ഒളിച്ചുവെക്കാനോ ശ്രമിക്കുന്നു. എന്തുകൊണ്ടാണിത്?
മനോരോഗിയെന്നാല്‍ ‘ഭ്രാന്ത’നാണെന്നും മനോരോഗമെന്നാല്‍ ‘ഭ്രാന്താ’ണെന്നുമുള്ള വിശ്വാസം സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. താടിയും മുടിയും നീട്ടിയ, തനിയെ സംസാരിക്കുകയും ചിരിക്കുകയും അവിചാരിതമായി അക്രമാസക്തമാവുകയും ചെയ്യുന്ന വൃത്തികെട്ട ഒരു രൂപമാണ് പലരുടെയും മനസ്സില്‍ തെളിയുക. ഇത് അറപ്പും വെറുപ്പും പരിഹാസവും ഭയവും ദേഷ്യവുമൊക്കെയാണ് അവരിലുണ്ടാക്കുക. ഈ തെറ്റിദ്ധാരണതന്നെയാണ് സമൂഹത്തിന് മനോരോഗങ്ങളോട് തോന്നുന്ന തൊട്ടുകൂടായ്മയുടെ അടിസ്ഥാന കാരണവും.
ഇതിനെ ശക്തിപ്പെടുത്താന്‍ വേറെയും കാരണങ്ങളുണ്ട്; അജ്ഞത, അന്ധവിശ്വാസം, വ്യാജ വൈദ്യന്മാരുടെ ദുഷ്പ്രചാരണം, അക്രമാസക്തരായ രോഗികളെ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ മുതലായവ. രോഗത്തെപ്പറ്റിയും രോഗകാരണങ്ങളെപ്പറ്റിയും ചികിത്സയെപ്പറ്റിയും മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയും നിരവധി തെറ്റിദ്ധാരണകളുണ്ട്. ചികിത്സിക്കുന്നവരും ക്രമേണ രോഗികളായി മാറുമെന്നതാണ് വിചിത്രമായ മറ്റൊരു തെറ്റിദ്ധാരണ!
രോഗങ്ങളുടെ പ്രത്യേകത കൊണ്ടും ചികിത്സയില്‍ ബന്ധുക്കള്‍ കാണിക്കുന്ന അനാസ്ഥയും കൃത്യതയില്ലായ്മയുംകൊണ്ടും ചിലര്‍ ‘മാറാരോഗി’കളാകാറുണ്ട്. ഇവരെ മാതൃകയാക്കിയുള്ള സാമാന്യവത്കരണം എല്ലാ മനോരോഗങ്ങളും ഒന്നാണെന്നും ഇതിന് ചികിത്സയില്ളെന്നുമുള്ള വിശ്വാസം ജനിപ്പിക്കുന്നു. മനോരോഗങ്ങള്‍ നിരവധിയുണ്ട്. വൈദ്യശാസ്ത്രം നൂറോളം മനോരോഗങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. അവക്കെല്ലാം ഉപവിഭാഗങ്ങളുമുണ്ട്.
ശരീരത്തിന്‍െറ ഏതുഭാഗത്തുനിന്നുമുള്ള ഉദ്ദീപനങ്ങളെയും കൈകാര്യം ചെയ്യുന്നത് മസ്തിഷ്കമാണ്. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം തുടക്കം നാഡീവ്യൂഹത്തിന്‍െറ ഏറ്റവും ചെറിയ ഘടകമായ നാഡീകോശത്തില്‍നിന്നാണ്. ഒരു നാഡീകോശത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് സൂക്ഷ്മമായൊരു വിടവുണ്ട് (Synapse). ഇവിടെ ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് എന്ന് പേരുള്ള സിറോട്ടൊണിന്‍, നോര്‍ അഡ്രിനലില്‍, ഡോപമിന്‍ മുതലായ രാസവസ്തുക്കള്‍ വഴിയാണ് സന്ദേശങ്ങള്‍ ഒരു കോശത്തില്‍നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്നത്. ഈ പ്രവര്‍ത്തനം ഒരേസമയം നിരവധി കോശങ്ങളില്‍ സന്തുലിതമായി നടന്നുകൊണ്ടിരിക്കുന്നു. ഈ സന്തുലിതാവസ്ഥയാണ് ആരോഗ്യമുള്ള ഒരാള്‍ക്കുണ്ടാവുക. രോഗാവസ്ഥയില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം അസന്തുലിതമാകുന്നു.
ഇത് പെട്ടെന്നുണ്ടാവുന്ന ഒരവസ്ഥയല്ല. ജനിതകവും ജീവശാസ്ത്രപരവും മനശ്ശാസ്ത്രപരവും സാമൂഹികവുമായ വിവിധ കാരണങ്ങള്‍കൊണ്ട് രോഗം വരാന്‍ സാധ്യതയുള്ള ഒരാള്‍ക്ക് (Predisposed Person), പെട്ടെന്നുണ്ടാകുന്ന ഒരാഘാതം മൂലമോ ദീര്‍ഘകാലമായി സഹിച്ചുകൊണ്ടിരിക്കുന്ന സമ്മര്‍ദംകൊണ്ടോ ചിലപ്പോള്‍ ഒരു കാരണവുമില്ലാതെയോ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയാണ് പതിവ്. 
ഇതൊന്നുമറിയാത്തതുകൊണ്ടാണ് പലരും മനോരോഗ ചികിത്സയുടെ ഭാഗമായി അന്ധവിശ്വാസത്തിനടിമപ്പെടുന്നത്. വിഷയത്തെക്കുറിച്ച് കുറെയൊക്കെ അറിവുള്ളവരും അന്ധവിശ്വാസത്തിലധിഷ്ഠിതമായ ചികിത്സാരീതി തേടുന്നുണ്ട്. ഒരേ സംസ്കാര (culture)മുള്ളവരുടെ സമൂഹത്തിലലിഞ്ഞുചേര്‍ന്ന വിശ്വാസപ്രമാണങ്ങളെ പൂര്‍ണമായി ധിക്കരിക്കാന്‍ കഴിയാത്തതുകൊണ്ടാണിത്. നിരവധി പേര്‍ ആധുനിക ചികിത്സയും താന്ത്രിക ചികിത്സയും മന്ത്രവാദ ചികിത്സയുമെല്ലാം ഒരേസമയം സ്വീകരിക്കുന്നതായും കാണാം. 
മനോരോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെല്ലാം ‘നാഡീഞരമ്പു’കള്‍ തളര്‍ത്തി രോഗിയെ മയക്കിക്കിടത്തുകയാണ് ചെയ്യുന്നത് എന്നൊരു തെറ്റിദ്ധാരണ നിലവിലുണ്ട്. എന്നാല്‍, അക്രമാസക്തരായ രോഗികള്‍, ഏറെ നാളായി ഉറക്കംകിട്ടാതെ, ഇരിക്കപ്പൊറുതിയില്ലാതെ ഓടിനടക്കുന്നവര്‍, ആത്മഹത്യാപ്രവണതയുള്ളവര്‍-ഇവരെയൊക്കെ തല്‍ക്കാലം മയക്കിക്കിടത്തേണ്ടിവരും. പക്ഷേ, ഇതിനായി ‘ഞരമ്പ്’ തളര്‍ത്തുന്ന മരുന്നുകളല്ല കൊടുക്കുന്നത്. ഓരോ രോഗത്തിനും അതിനനുസരിച്ചുള്ള മരുന്നുകളാണ് കൊടുക്കുന്നത്.
മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയും സമൂഹത്തിന് ആശങ്കകളുണ്ട്. മരുന്നിനടിമയാവുക, ദേഹം തളരുക, കിഡ്നി നശിക്കുക എന്നു തുടങ്ങി അനന്തമായി ആ പട്ടിക നീണ്ടുപോകും!
പ്രധാനപ്പെട്ട ഒരു വസ്തുത മനസ്സിലാക്കണം. പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത ഒരു മരുന്നിന് ഫലങ്ങളുമുണ്ടാവില്ല! ഏതു ചികിത്സാരീതിയിലും മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാവും.  രോഗങ്ങളെപ്പറ്റിയും അവയുടെ പാര്‍ശ്വഫലങ്ങളെപ്പറ്റിയുമെല്ലാം വിശദമായി പഠിച്ചവരാണ് അതതു ചികിത്സാരീതികളില്‍ അംഗീകൃതബിരുദം നേടിയവര്‍. അവര്‍ വിശദമായ പരിശോധനകള്‍ക്കുശേഷമേ മരുന്നെഴുതൂ. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ദീര്‍ഘകാലം മരുന്നുകഴിക്കുന്നവരും വ്യാജവൈദ്യന്മാരുടെ മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്നവരുമൊക്കെയാണ് മരുന്നുകള്‍ക്കടിമകളാകുന്നതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്ക് വിധേയരാവുന്നതും. 
ദീര്‍ഘകാലം കഴിച്ചാല്‍ അടിമത്തമുണ്ടാക്കുന്ന ചില മരുന്നുകളുണ്ട്. അവ അത്യാവശ്യമുണ്ടെങ്കിലേ ഡോക്ടര്‍ എഴുതുകയുള്ളൂ.  രോഗം ഭേദമാവുന്നതിനനുസരിച്ച് സാവധാനത്തില്‍ അവ നിര്‍ത്തുകയും ചെയ്യും. ചില രോഗങ്ങള്‍ക്ക് ദീര്‍ഘകാലം, ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ടിവരും. ഉദാ: ബൈപോളാര്‍ ഡിസോഡര്‍, പഴക്കംചെന്ന സ്കിഡോഫ്രേനിയ.
മരുന്നുകള്‍ക്ക് ഫലം കണ്ടുതുടങ്ങാന്‍ കുറച്ചുദിവസങ്ങള്‍ വേണ്ടിവരും; പ്രത്യേകിച്ച് വിഷാദരോഗങ്ങള്‍ക്കും മറ്റും. എന്നാല്‍ രോഗലക്ഷണമായ ക്ഷീണം, മരുന്നുകൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടാറുണ്ട്. മരുന്നുകളെല്ലാം ക്ഷീണമുണ്ടാക്കുന്നവയാണെന്ന മുന്‍വിധിയാണിതിനു കാരണം.
മരുന്നുകഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകുമെന്നതാണ് മറ്റൊരാരോപണം. സ്ഥിരമായി മരുന്നുകഴിക്കാത്തവര്‍ക്കും വൃക്കരോഗം വരാറുണ്ട്. പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവരില്‍ വൃക്കകളുടെ തകരാറ് സാധാരമാണ്. സ്ഥിരമായി ഇത്തരം മരുന്നുകഴിക്കുന്ന മനോരോഗികള്‍ക്കും മറ്റെല്ലാവരെയുംപോലെ വൃക്കരോഗം വരാന്‍ സാധ്യതയുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകള്‍ക്കുപുറമെ മറ്റു വൈദ്യശാസ്ത്രങ്ങളിലെ മരുന്നുകളിലും വൃക്ക തകരാറാക്കുന്ന മരുന്നുകളുണ്ട്. രോഗി അവ കഴിച്ചിട്ടില്ളെന്നുറപ്പുവരുത്താന്‍ കഴിയുകയില്ല. അതുകൊണ്ട്, ആധുനിക വൈദ്യശാസ്ത്രത്തെ മാത്രം കുറ്റപ്പെടുത്തുന്നതിലര്‍ഥമില്ല.
മനോരോഗ ചികിത്സകരും കുറെക്കാലം രോഗികളെ ചികിത്സിച്ച് അവസാനം മനോരോഗികളായിത്തീരുമെന്ന ദുഷ്പ്രചാരണം അസംബന്ധമാണ്. രോഗം വരാന്‍ വിവിധ കാരണങ്ങള്‍ വേണമെന്നതാണ് വാസ്തവം.
അക്രമാസക്തരായ രോഗികളെ ശ്രദ്ധിക്കുകതന്നെ വേണം. രോഗം അധികരിച്ച അവസ്ഥയില്‍ അവര്‍ കൊലപാതകംപോലും നടത്താന്‍ സാധ്യതയുണ്ട്. ആ അവസ്ഥയില്‍ രോഗിയെ തനിയെ സമീപിക്കരുത്. 
ലോക പ്രശസ്തരായ സാഹിത്യകാരന്മാര്‍, ചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, ഭരണാധികാരികള്‍ മുതലായവര്‍ പലരും കടുത്ത മനോരോഗമുള്ളവരായിരുന്നുവെന്ന് നമുക്കറിയാം. രോഗം ഭേദമായ അവസ്ഥയില്‍ ഇവര്‍ ലോകത്തിന് നല്‍കിയിട്ടുള്ളത് ഉദാത്തമായ സംഭാവനകളാണെന്നുകൂടി മനസ്സിലാക്കണം.
സമ്പൂര്‍ണമായ ആരോഗ്യം ഒരു മിഥ്യയാണ്. പെട്ടെന്നുണ്ടാകുന്ന വൈകാരിക വിക്ഷോഭത്തിനടിപ്പെട്ട് ഒരാള്‍ മറ്റൊരാളെ കൊല്ലാം. ആശുപത്രിയില്‍ കഴിയുന്ന ഒരു രോഗി മറ്റൊരു രോഗിയെ ആക്രമിക്കുന്നതുകണ്ട് രോഗം ഭേദമായ മറ്റു രോഗികള്‍ ഓടിവന്ന് അയാളെ രക്ഷിക്കുന്നത് മനോരോഗാശുപത്രികളില്‍ സാധാരണമാണ്. 
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നാലും മനോരോഗത്തോടുള്ള സമൂഹത്തിന്‍െറ തൊട്ടുകൂടായ്മ അഥവാ കളങ്കമുദ്ര ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതില്ലാതാവാന്‍ ബോധവത്കരണം അത്യാവശ്യമാണ്. ചര്‍ച്ചാക്ളാസുകള്‍, രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മകള്‍, സൗജന്യമായി മരുന്നു വിതരണത്തിനുള്ള സൗകര്യങ്ങള്‍ ഇതൊക്കെ ആവശ്യമാണ്.  ഒൗഷധചികിത്സ മുടങ്ങുന്നതിന്‍െറ ഒരു പ്രധാനകാരണം, സാമ്പത്തികമായ പിന്നാക്കാവസ്ഥ തന്നെയാണ്. മനോരോഗ വിദഗ്ധരും മനശ്ശാസ്ത്രജ്ഞരും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാരും സന്നദ്ധ സംഘടനകളും ഗവണ്‍മെന്‍റുമെല്ലാം ചേര്‍ന്നുള്ള കൂട്ടായ പരിശ്രമംകൊണ്ടുമാത്രമേ ഫലമുണ്ടാവൂ. ഈ ദിശയില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.