മടങ്ങിയെത്തുമ്പോള്‍ മനസ്സിനു താങ്ങാവാന്‍...

പ്രളയദുരിതത്തില്‍പ്പെട്ടവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങിയിരിക്കുന്നു. ദുരന്തമുളവാക്കിയ മാനസികവൈഷമ്യങ്ങളെ മറികടക്കാന്‍ ഒട്ടു മിക്കവര്‍ക്കും ചെറുകൈസഹായങ്ങള്‍ ആവശ്യമാകാം. ആരോഗ്യരംഗത്തുള്ളവര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ചെയ്യാനും ശ്രദ്ധിക്കാനും ചില കാര്യങ്ങളിതാ.

പ്രളയം പോലുള്ള ദുരന്തങ്ങള്‍ അതു നേരിടേണ്ടിവന്ന ഏതൊരാളെയും ചെറുതായെങ്കിലും ബാധിക്കും. പുരുഷന്മാര്‍ക്കോ നല്ല മനക്കരുത്തുള്ളവര്‍ക്കോ ഒരു വൈകാരികസഹായവും വേണ്ടിവരില്ലെന്നൊന്നും അനുമാനിക്കാതിരിക്കുക. ചിലര്‍ പുറമേയ്ക്കു കാര്യമായൊന്നും കാണിച്ചില്ലെങ്കിലും ഉചിതമായൊരു സാഹചര്യം ഒരുക്കിക്കൊടുത്താല്‍ അവരും മനസ്സു തുറക്കും. സഹായം എന്തളവില്‍ വേണം, എത്ര നാളത്തേക്കു വേണം എന്നീ കാര്യങ്ങളില്‍ ആളുകള്‍ വിഭിന്നരാവും താനും.

1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും ശാരീരികമോ മാനസികമോ ആയ രോഗങ്ങളുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധ ആവശ്യമാകാം.

2. ദുരന്തം നേരിട്ടനുഭവിച്ചിട്ടില്ലാത്ത ചിലരിലും പ്രശ്നങ്ങള്‍ വരാം. പ്രളയത്തില്‍ മരണമടയുകയോ നാശനഷ്ടങ്ങള്‍ ഭവിക്കുകയോ ചെയ്തവരുടെ ബന്ധുക്കള്‍, ദുരന്തവാര്‍ത്തകള്‍ ടീവിയിലൂടെയും മറ്റും വിശദമായറിഞ്ഞവര്‍ (വിശേഷിച്ചും കുട്ടികള്‍) എന്നിവര്‍ ഇതില്‍പ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും, “ഇതൊക്കെ സംഭവിച്ചത് തനിക്കും കുടുംബത്തിനും ആയിരുന്നെങ്കിലോ?” എന്നതൊക്കെപ്പോലുള്ള ചിന്താഗതികളും മറ്റും മൂലം, മനോവൈഷമ്യങ്ങള്‍ വരാം.

3. കുടുംബത്തിന് ഈ ഘട്ടത്തില്‍ സുപ്രധാന പങ്കുണ്ട്. പരസ്പരം സഹായിക്കാന്‍ കുടുംബാംഗങ്ങളെ പ്രോത്സാഹിപ്പിക്കുക. തനിച്ചു താമസിക്കുന്നവര്‍ക്ക്, കൈത്താങ്ങിനു സമീപിക്കാവുന്ന അനുയോജ്യമായ സംഘങ്ങളെയും മറ്റും പരിചയപ്പെടുത്തുക.

4. ആളുകള്‍ക്ക് അധികം സ്വീകാര്യമല്ല എന്നു തോന്നുന്നെങ്കില്‍ “മാനസികം”, “കൗണ്‍സലിംഗ്”, “സൈക്കോതെറാപ്പി” തുടങ്ങിയ വാക്കുകളുടെ ഉപയോഗം കഴിവതും ഒഴിവാക്കുക.

5. സഹായവാഗ്ദാനം തിരസ്കരിക്കുന്നവരെ ഒരു നീരസവും കൂടാതെ അതിനനുവദിക്കുക. ഇപ്പോള്‍ വേണ്ടെന്നു പറഞ്ഞെന്നു വെച്ച് ഭാവിയില്‍ സഹായങ്ങള്‍ നിരസിക്കപ്പെടില്ലെന്നു സൂചിപ്പിക്കുക.

6. നേരിടേണ്ടിവന്ന അനുഭവങ്ങളെപ്പറ്റി തുറന്നു സംസാരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനവസരം കൊടുക്കുക. കെട്ടിനിര്‍ത്തിയ ഉത്ക്കണ്ഠയും മനോവേദനയും നഷ്ടചിന്തകളെയുമൊക്കെയൊന്നു തുറന്നു വിടാന്‍ ഇതവരെ സഹായിക്കും. അവരെ കേള്‍ക്കാനിരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സിലുണ്ടാവണം:

7. സംസാരിക്കാന്‍, പറ്റുന്നത്ര സ്വകാര്യതയുള്ള ഇടങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

8. അവര്‍ പറയുന്നത് ക്ഷമയോടെയും ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കേള്‍ക്കുക. അവരെ തടസ്സപ്പെടുത്താതിരിക്കുക. മുഖത്തു നോക്കാന്‍ ശ്രദ്ധിക്കുക. സന്ദര്‍ഭോചിതമായ മുഖഭാവങ്ങളും ആംഗ്യങ്ങളും ഉപയോഗിക്കുക. ഇടയ്ക്ക് വാച്ചിലോ ഫോണിലോ ഒന്നും നോക്കാതിരിക്കുക. കരയാതിരിക്കൂ എന്നൊന്നും പറയാതിരിക്കുക. കാര്യങ്ങള്‍ തുറന്നു വിശദീകരിക്കാന്‍ നിര്‍ബന്ധിക്കാതിരിക്കുക. ശാന്തത കൈവിടാതിരിക്കുക. ആ വ്യക്തിയെ ആവുന്നത്ര ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക.

9. കാര്യങ്ങളെ ആ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുക. ഇടയ്ക്കൊക്കെ, അവര്‍ അപ്പോള്‍ പറഞ്ഞ ഒരു കാര്യത്തെ നിങ്ങളുടേതായ വാക്കുകളില്‍ തിരിച്ച് അങ്ങോട്ടു പറയുക. ഏതെങ്കിലും ഭാഗം നിങ്ങള്‍ക്കു വ്യക്തമായില്ലെങ്കില്‍ അതേപ്പറ്റി ഒന്നുകൂടി വിശദീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുക. ഇതൊക്കെ, നിങ്ങള്‍ക്കവരെ മനസ്സിലാക്കാനാവുന്നുണ്ടെന്ന ബോധം അവരിലുളവാക്കും, അതവര്‍ക്കു കൂടുതല്‍ തുറന്നു സംസാരിക്കാന്‍ പ്രോത്സാഹനമാകും.

10. അവര്‍ ഇതുവരെ അതിജീവനത്തിന് ഉപയോഗപ്പെടുത്തിയ (ശുഭാപ്തിവിശ്വാസം, ആത്മനിയന്ത്രണം, പ്രശ്നപരിഹാരപാടവം തുടങ്ങിയ) മുന്നേതന്നെ അവര്‍ക്കുള്ള കഴിവുകളെ തുറന്നംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

11. ആളുകളുടെ സ്വകാര്യതയെ മാനിക്കുക. ഓരോരുത്തരും വെളിപ്പെടുത്തുന്ന വിവരങ്ങള്‍ രഹസ്യമാക്കി വെക്കുക. ഒരാളെ ആശ്വസിപ്പിക്കാനായി മറ്റൊരാളുടെ കൂടുതല്‍ ഭീമമായ നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കുക.

12. അവര്‍ വെളിപ്പെടുത്തുന്ന ഓരോ പ്രശ്നത്തിനും റെഡിമെയ്ഡ് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള ത്വര നിയന്ത്രിക്കുക.

13. അവരുടെ അനുഭവങ്ങളെപ്പറ്റി നിങ്ങളുടേതായ അനുമാനങ്ങളില്‍ എത്താതിരിക്കുക.

14. അവരുടെ ചെയ്തികളെയോ വിചാരങ്ങളെയോ കുറ്റപ്പെടുത്താതിരിക്കുക. (“കുറച്ചു കൂടി നേരത്തേ വീടൊഴിഞ്ഞു പോകാമായിരുന്നില്ലേ?” “എന്തിനാണ് നിയമവിരുദ്ധമായി പുഴക്കരയില്‍ വീടു വെച്ചത്?” എന്നൊന്നും ചോദിക്കരുത്.)

15. നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം, എന്തൊക്കെ അറിയില്ല എന്നതിനെപ്പറ്റി സത്യസന്ധത പാലിക്കുക. സത്യാവസ്ഥ പൂര്‍ണമായും ഉറപ്പുള്ള വിവരങ്ങള്‍ മാത്രം പങ്കുവെക്കുക.

16. പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ കൊടുക്കാതിരിക്കുക.

17. ആരെയും മറ്റൊരാളുമായി താരതമ്യപ്പെടുത്തി സംസാരിക്കാതിരിക്കുക.

18. ആത്മഹത്യാചിന്തകളോ പദ്ധതികളോ വെളിപ്പെടുത്തുന്നവരെ ഗൌരവത്തിലെടുക്കുക. അവര്‍ ചുമ്മാ പറയുന്നതാകുമെന്ന നിഗമനം ഒഴിവാക്കുക.

19. സ്വന്തം മുന്‍വിധികളെയും പക്ഷപാതങ്ങളെയും പറ്റി ബോദ്ധ്യം പുലര്‍ത്തുകയും അവയെ കടിഞ്ഞാണിട്ടുനിര്‍ത്തുകയും ചെയ്യുക.

20. അവരെ കേട്ടതിനു ശേഷം, പ്രസക്തമെങ്കില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാം:

കൊടുംദുരന്തങ്ങള്‍ക്കു ശേഷം ചില അസാധാരണ ചിന്തകളോ വികാരങ്ങളോ ശാരീരിക മാറ്റങ്ങളോ വരിക സ്വാഭാവികമാണ്. പേടി, നഷ്ടബോധം, സങ്കടം, പ്രതീക്ഷയില്ലായ്മ, ആകെയൊരു നിര്‍വികാരത, ശക്തിയായ നെഞ്ചിടിപ്പ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, മസിലുകളില്‍ വലിഞ്ഞുമുറുക്കം, ഉറക്കക്കുറവ് എന്നിവ ഉദാഹരണങ്ങളാണ്. ഇതൊക്കെ ശരീരത്തിന്റെയും മനസ്സിന്റെയും തികച്ചും നോര്‍മലായ പ്രതികരണങ്ങള്‍ മാത്രമാണ്, അവയെ മാനസികരോഗങ്ങളുടെയോ മറ്റോ ലക്ഷണങ്ങളായെടുത്ത് ആശങ്കപ്പെടേണ്ടതില്ല, മിക്കവരിലും ഇതൊക്കെ ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണു പതിവ് എന്നൊക്കെ ഓര്‍മിപ്പിക്കുക.

തൊഴിലിലും വിനോദങ്ങളിലും സുഹൃദ്ബന്ധങ്ങളിലും ആത്മീയ കാര്യങ്ങളിലും എത്രയും നേരത്തേ തന്നെ പഴയതു പോലെ മുഴുകിത്തുടങ്ങാന്‍ പ്രേരിപ്പിക്കുക.

മാനസികസമ്മര്‍ദ്ദത്താല്‍ തളര്‍ച്ചയോ ഉത്സാഹക്കുറവോ ഉദാസീനതയോ വന്നവര്‍ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുമാറി ഒറ്റയ്ക്കിരിക്കാനുള്ള പ്രവണത കാണിക്കുകയും തന്മൂലം അവരുടെ വൈഷമ്യങ്ങള്‍ പിന്നെയും വര്‍ദ്ധിക്കുകയും ചെയ്യാം. അതിനാല്‍ത്തന്നെ, കഴിയുന്നത്ര ശക്തി സംഭരിച്ച് പഴയ ദിനചര്യകളിലേക്ക് എത്രയും നേരത്തേ മടങ്ങിപ്പോകാന്‍ അവരെ പ്രേരിപ്പിക്കുക.

ശാരീരിക വ്യായാമങ്ങള്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കുമെന്നതിനാല്‍ അതും പ്രോത്സാഹിപ്പിക്കുക.

അമിതമായ നെഞ്ചിടിപ്പോ വലിഞ്ഞുമുറുക്കമോ ഉത്ക്കണ്ഠയോ ഉള്ളവര്‍ക്ക് താഴെക്കൊടുത്ത റിലാക്സേഷന്‍ വിദ്യകള്‍ നിര്‍ദ്ദേശിക്കാം:

ക്രിയേറ്റീവ് വിഷ്വലൈസേഷന്‍: സൗകര്യപ്രദമായ ഒരു പൊസിഷനില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. കണ്ണുകളടയ്ക്കുക. രണ്ടുമൂന്നു പ്രാവശ്യം ആഴത്തില്‍ ശ്വാസം വലിച്ചുവിടുക. ശ്രദ്ധ പുറംലോകത്തു നിന്നു കഴിയുന്നത്ര ചുരുക്കി, സ്വന്തം മനസ്സിലും ശരീരത്തിലുമായി കേന്ദ്രീകരിക്കുക. നേരിട്ടവിടെച്ചെന്നാല്‍ നല്ല മനശ്ശാന്തി കിട്ടാറുള്ള ഒരു സ്ഥലം – പൂന്തോട്ടമോ കടല്‍ത്തീരമോ മറ്റോ – ഉള്‍ക്കണ്ണുകളില്‍ ആവുന്നത്ര വ്യക്തതയോടെ സങ്കല്‍പ്പിക്കുക. ദൃശ്യം മാത്രമല്ല, ആ സ്ഥലത്തെ ശബ്ദങ്ങള്‍, സ്പര്‍ശങ്ങള്‍, ഗന്ധങ്ങള്‍ എന്നിവയും മനസ്സിലേക്കു കൊണ്ടുവരിക.

ഡയഫ്രമാറ്റിക് ബ്രീത്തിംഗ്: അയവുകുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, തലക്കും കാല്‍മുട്ടുകള്‍ക്കും താഴെ രണ്ടു തലയിണകള്‍ വീതം വെച്ച്, കിടക്കയില്‍ കാലുനീട്ടിക്കിടക്കുക (ചിത്രങ്ങളും ഒരു വീഡിയോയുടെയും ആപ്പിന്റെയും ലിങ്കുകളും താഴെ). ഒരു കൈ നെഞ്ചിനും മറുകൈ വയറിനും മുകളില്‍ വെക്കുക. വയറ്റില്‍വെച്ച കൈ ഉയരുന്നുണ്ടെന്നും നെഞ്ചിലെ കൈ അധികം ഇളകുന്നില്ലെന്നും ഉറപ്പുവരുത്തിക്കൊണ്ട്, മൂ‍ക്കിലൂടെ പതിയെ ശ്വാസമെടുക്കുക. എന്നിട്ട്, കവിളുകള്‍ വീര്‍പ്പിച്ച് ശ്വാസം വായിലൂടെ പതിയെ പുറത്തേക്കു വിടുക; അതിനൊപ്പം വയറ്റിലെ പേശികളെ ബലംകൊടുത്ത് ഉള്ളിലേക്കു വലിക്കുകയും നെഞ്ചിലെ കൈ അപ്പോഴും അധികമിളകാതെ ശ്രദ്ധിക്കുകയും വേണം. ഈ സ്റ്റെപ്പുകള്‍ അഞ്ചുപത്തു മിനിട്ട് ആവര്‍ത്തിക്കുക. (കുറച്ചു നാള്‍, പല പ്രാവശ്യം പരിശീലിച്ചാലേ ഇതിന്റെ ഫലം കിട്ടിത്തുടങ്ങൂ. പിന്നീട് മാനസികസമ്മര്‍ദ്ദമോ ഉത്ക്കണ്ഠയോ തോന്നുമ്പോഴൊക്കെ ശമനത്തിന് ഇതിനെയാശ്രയിക്കാം.)

ഡയഫ്രമാറ്റിക് ബ്രീത്തിംഗ് : സ്​റ്റെപ്പ്​ 1

സ്​റ്റെപ്പ്​ 2

സ്​റ്റെപ്പ്​ 3

 

Full View

21. നേരിട്ട ദുരന്തത്തിനു പല തെറ്റായ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും കല്‍പിച്ചു കൊടുക്കുന്നവരുണ്ട്. എന്തുകൊണ്ടാണ് പ്രളയദുരിതം നേരിടേണ്ടിവന്നത് എന്നതിനെപ്പറ്റി ഒരടിസ്ഥാനവുമില്ലാത്ത നിഗമനങ്ങളില്‍ എത്തിച്ചേരുക, “വീട് അവിടെത്തന്നെ വെക്കണമെന്നു താന്‍ വാശി പിടിച്ചതിനാലാണ് ഇപ്പോള്‍ ആ വീടു നഷ്ടപ്പെട്ടത്” എന്നൊക്കെപ്പോലെ അനാവശ്യമായി സ്വയം കുറ്റപ്പെടുത്തുക, ഇന്നയിന്ന ആളുകള്‍ക്ക് പ്രളയം തടയാമായിരുന്നു എന്ന അനുമാനത്തിലെത്തി അവരോടു പകയും കോപവും കൊണ്ടുനടക്കുക, “ജീവിതം എപ്പോഴും പ്രവചനാതീതം മാത്രമായിരിക്കും”, “ഈ ലോകം തീരെ സുരക്ഷിതമല്ല" എന്നൊക്കെയുള്ള നിഗമനങ്ങള്‍ കൈക്കൊള്ളുക എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ചിന്താവൈകല്യങ്ങള്‍ മാനസികവൈഷമ്യങ്ങള്‍ക്ക് ഇടനിലയാകാം എന്നതിനാല്‍ത്തന്നെ അവയെ തിരിച്ചറിയാന്‍ സഹായിക്കുകയും, അവയുടെ പൊള്ളത്തരവും ദൂഷ്യവും ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും വേണ്ടതുണ്ട്. താഴെക്കൊടുത്ത നടപടികള്‍ ഇതിനായി നിര്‍ദ്ദേശിക്കാം:

  • അമിതമായ ദേഷ്യമോ ടെന്‍ഷനോ സങ്കടമോ ഒക്കെത്തോന്നുമ്പോള്‍, അതിനു തൊട്ടുമുമ്പ് എന്തു ചിന്തകളാണ് മനസ്സിലൂടെക്കടന്നുപോയത് എന്നതു പരിശോധിക്കുക.
  • അവയെ കണ്ണുമടച്ചു വിശ്വസിച്ച് മനോവൈഷമ്യം വിളിച്ചുവരുത്തുന്നതിനു പകരം, ആ ചിന്തകളില്‍ വല്ല പന്തികേടുകളുമുണ്ടോ എന്നൊന്നു വിശകലനം ചെയ്യുക. ആ ചിന്തകള്‍ തെറ്റാണ് എന്നു സമര്‍ത്ഥിക്കുന്ന ഏതാനും മറുവാദങ്ങള്‍ കണ്ടെത്തുക. (നല്ലതും വിശ്വസനീയവുമായ മറുവാദങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ ആ ചിന്തയെ “അത് എന്റെ ചിന്തയല്ല, മറ്റൊരാള്‍ എന്നോടു പറഞ്ഞ അയാളുടെ അഭിപ്രായമാണ്, അതിലെ പാകപ്പിഴകള്‍ ഞാനയാള്‍ക്കു കണ്ടുപിടിച്ചുകൊടുക്കേണ്ടതുണ്ട്” എന്ന മട്ടില്‍ സമീപിക്കുന്നതും, അതുമല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായം തേടുന്നതും ഉപകാരപ്രദമാകും.)

22. താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ മാനസികാരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ക്കു റഫര്‍ ചെയ്യുന്നതാകും ഉചിതം:

1.ആവശ്യമായ വൈകാരിക പിന്തുണ കൊടുത്തിട്ടും വൈഷമ്യങ്ങള്‍ ഒന്നൊന്നര മാസത്തിലധികം നീളുന്നെങ്കിലോ, പഠനത്തിലോ ജോലിയിലോ മറ്റുത്തരവാദിത്തങ്ങളിലോ മുഴുകുക ക്ലേശകരമാക്കുന്നെങ്കിലോ

2.തന്നെത്തന്നെയോ മറ്റുള്ളവരേയോ ഉപദ്രവിക്കാന്‍ സാദ്ധ്യതയുള്ളപ്പോള്‍

3.അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുക, തന്നെയാരോ കൊല്ലാന്‍ വരുന്നുവെന്നതു പോലുള്ള അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍, അമിതമായ മദ്യപാനം, ലഹരികളുടെയുപയോഗം, എങ്ങും പോകാതെ ആകെ നിശ്ചലമായിരിക്കുക, തീരെ ആഹാരം കഴിക്കാതിരിക്കുകയോ ഉറങ്ങാതിരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ആത്മഹത്യാപ്രവണത, സ്ഥലകാലബോധം നഷ്ടമാവുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍

4.മനോരോഗങ്ങള്‍ക്കു മരുന്നെടുക്കുകയായിരുന്നവര്‍ അതു മുടക്കിയെങ്കില്‍

23. താഴെക്കൊടുത്ത രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടമാണെങ്കിലും റഫറല്‍ ആവശ്യമാകും:

1. വിഷാദം: കടുത്ത നിരാശ, മുമ്പ് ഹൃദ്യമായിരുന്ന പ്രവൃത്തികളില്‍നിന്നു സന്തോഷം കിട്ടാതാവുക, അവയില്‍ താല്‍പര്യം നഷ്ടമാവുക, അമിതമായ തളര്‍ച്ച എന്നിവയാണ് വിഷാദത്തിന്റെ മുഖമുദ്രകള്‍. ശ്രദ്ധക്കുറവ്, ആത്മവിശ്വാസമില്ലായ്ക, അനാവശ്യ കുറ്റബോധം, ഭാവിയെപ്പറ്റി പ്രത്യാശയില്ലായ്മ, തന്നെ ഒന്നിനും കൊള്ളില്ലെന്ന ചിന്ത, സ്വയം ഉപദ്രവിക്കാനോ സ്വജീവനെടുക്കാനോ ഉള്ള പ്രവണത, ഉറക്കത്തിലോ വിശപ്പിലോ വ്യതിയാനങ്ങള്‍ എന്നിവയും കാണപ്പെടാം. ഇപ്പറഞ്ഞ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലേറെ, മിക്ക നേരത്തും, ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്ര തീവ്രതയോടെ നിലനിന്നാലാണു വിഷാദം നിര്‍ണയിക്കാറ്.

2. പി.റ്റി.എസ്.ഡി (Post Traumatic Stress Disorder): ഇതിന്റെ മുഖ്യലക്ഷണങ്ങള്‍ പ്രളയത്തിന്റെ ഓര്‍മകള്‍ ഇടയ്ക്കിടെ ചിന്തകളായോ രംഗങ്ങളായോ മനസ്സിലേക്കു വരിക, പേടിസ്വപ്‌നങ്ങള്‍, പ്രളയത്തെ അനുസ്മരിപ്പിക്കുന്ന എന്തിനെയെങ്കിലും അഭിമുഖീകരിക്കുമ്പോള്‍ മാനസികവും ശാരീരികവുമായ വിഷമതകള്‍, അക്കാരണത്താല്‍ അവയെ നേരിടാന്‍ വിമുഖതയുണ്ടാവുക, പ്രളയവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും ഓര്‍മ കിട്ടാതിരിക്കുക എന്നിവയാണ്.

3. സൊമറ്റൈസേഷന്‍: മാനസിക പിരിമുറുക്കം ശാരീരിക ലക്ഷണങ്ങളുടെ രൂപമെടുത്തു പ്രകടമാകുന്ന അവസ്ഥയാണിത്‌. പല ശരീരഭാഗങ്ങളിലും വേദനയോ വയറ്റില്‍ വിഷമങ്ങളോ ലൈംഗികപ്രശ്നങ്ങളോ മസ്തിഷ്കരോഗ ലക്ഷണങ്ങളോ നിലനില്‍ക്കുകയും എന്നാല്‍ പരിശോധനകളില്‍ ശാരീരിക രോഗങ്ങളുടെ തെളിവുകളൊന്നും കണ്ടുകിട്ടാതിരിക്കുകയും ചെയ്യുന്നെങ്കില്‍ സൊമറ്റൈസേഷന്‍ സംശയിക്കണം.

ഈ പ്രളയദുരന്തത്തിന്‍റെ മാനസിക പ്രത്യാഘാതങ്ങള്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷങ്ങളോ ചിലപ്പോള്‍ അതിലും കൂടുതല്‍ കാലത്തേയ്ക്കോ നമുക്കു നേരിടേണ്ടി വന്നേക്കാം. ദുരന്തബാധിതര്‍, കുടുംബാംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മനശ്ശാസ്ത്രജ്ഞര്‍, മനോരോഗ വിദഗ്ദ്ധര്‍ തുടങ്ങിയവരുടെയും പൊതുസമൂഹത്തിന്‍റെയും സര്‍ക്കാരിന്‍റെയുമൊക്കെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ ഭീഷണിയെ നാം നേരിടേണ്ടതുണ്ട്.

എഴുതിയത്:Dr Shahul Ameen
കടപ്പാട്​: Info Clinic

Tags:    
News Summary - Alert to Return home After Heavy Rain - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.