തന്നെ കൊറോണ ബാധിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരുടെയും ചിന്ത. പുറത്തിറങ്ങി തിരികെ വീട്ടിലെത്തി വീണ്ടും വീണ്ടും അംഗശുദ്ധി വരുത്തുന്നവര്‍... എപ്പോഴും ഭീതിയില്‍ ഇരിക്കുന്നവര്‍... പക്ഷേ, മനസ്സില്‍ ഭീതി നിലനിന്നാൽ രോഗപ്രതിരോധ ശേഷി കുറയുമെന്ന് അറിയുക. രോഗപ്രതിരോധം കുറയുമ്പോഴാണ് കൊറോണ ഉള്‍പ്പെടെ രോഗങ്ങള്‍ നമ്മെ ബാധിക്കുന്നത്. ജാഗ്രത മതി, ഒന്നിനെകുറിച്ചും ഭീതി പാടില്ല. ഏതെങ്കിലും ഒരു രോഗത്തെക്കുറിച്ച് വായിക്കുമ്പോഴോ പറഞ്ഞു കേള്‍ക്കുമ്പോഴോ തനിക്കും ആ രോഗമുണ്ടെന്ന് തോന്നലുണ്ടാകുന്നവര്‍ നമുക്കിടയിലുണ്ട്. ഈ ഭയയും ആശങ്കയും ദൂരീകരിക്കാന്‍ ബന്ധുക്കളോ ഡോക്ടര്‍മാരോ തയാറായില്ലെങ്കില്‍ ആശങ്ക വളര്‍ന്നു വലുതാവുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ആശങ്കപ്പെടുന്നവര്‍ പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് അറിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല.
എപ്പോഴും വയ്യ, തലവേദന, നടുവേദന അങ്ങനെ പലതരം വേദനകള്‍ പറയുന്നവരും കൂടക്കൂടെ പനി ബാധിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. രോഗങ്ങള്‍ കൂടുതലും നാം ക്ഷണിച്ചു വരുത്തുന്നതാണ്. തനിക്കു രോഗം വരുമോയെന്ന് ആശങ്കപ്പെടുന്നവര്‍ ഗുരുതരമായ രോഗങ്ങള്‍ക്കു വരെ പില്‍ക്കാലത്ത് അടിമപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ ശാരീരിക വേദനകളോ അസ്വാസ്ഥ്യങ്ങളോ ആയി പരിണമിക്കുന്നതിനെ 'സൊമറ്റൈസേഷന്‍' എന്നാണ് പറയുന്നത്.
രോഗങ്ങള്‍ മാനസിക സംഘര്‍ഷം മൂലം
70 ശതമാനം രോഗങ്ങളും മാനസിക സംഘര്‍ഷം മൂലം ഉണ്ടാകുന്നതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അസിഡിറ്റി, വാതരോഗങ്ങള്‍ എന്നിവ നേരിയ തോതില്‍ ഉള്ളവര്‍ പോലും മാനസിക സംഘര്‍ഷം അനുഭവിക്കുന്നതുവഴി രോഗം മൂര്‍ച്ഛിക്കുന്ന സ്ഥിതിയിലെത്തും. അമിത ഉത്കണ്ഠ എന്നും ഇതിനെ വിളിക്കുന്നു. ഇത്തരം 'രോഗി'കളില്‍ നിത്യേന സംഭവിക്കുന്ന മൂത്രമൊഴിവിന്‍റിയോ മലവിസര്‍ജ്ജനത്തിന്റെയോ അളവു തെറ്റുമ്പോള്‍, ഹൃദയമിടിപ്പില്‍ വ്യത്യാസം വന്നാല്‍ താന്‍ രോഗി ആണെന്ന് സ്വയം തീരുമാനിക്കുകയാണ് പതിവ്. ഇവര്‍ ശരിയായ ചികിത്സ ലഭിക്കുന്ന ഡോക്ടറുടെയോ ആശുപത്രിയിലോ പോയില്ലെങ്കില്‍ ഇല്ലാത്ത രോഗത്തിന് ചികിത്സിച്ച് പണി വാങ്ങുക തന്നെ ചെയ്യും. ആറു മാസത്തിലധികം ഇത്തരം ശങ്കകള്‍ നീണ്ടു നിന്നാല്‍ മനഃശാസ്ത്രജ്ഞന്‍റെ ഉപദേശവും ചികിത്സയും തേടേണ്ടതാണ്. അതായത് രോഗമുണ്ടോ എന്ന സംശയത്തിനും ചികിത്സ വേണം എന്ന് അർത്ഥം.
വെബ്‌സൈറ്റ് 'അറിവു'കളെ സൂക്ഷിക്കുക
രോഗങ്ങളെക്കുറിച്ച് ഇൻറര്‍നെറ്റിലും മറ്റും ലഭിക്കുന്ന അനാവശ്യ അറിവുകള്‍ പകര്‍ത്തിയെടുക്കുന്നത് നന്നല്ല. മരുന്നു കമ്പനിക്കാരും മറ്റും അവരുടെ ഹിതമനുസരിച്ച് നടത്തുന്ന വെബ്‌സൈറ്റുകളാണ് മിക്കവയും. ഇവ മരുന്നു വില്‍പന ലക്ഷ്യമാക്കിയുള്ള പ്രചാരണങ്ങളാവും നടത്തുക. ഡോക്ടര്‍മാരും ആശുപത്രികളും വ്യാപാര മനോഭാവം പുലര്‍ത്തുന്നതു വഴി ഇത്തരം ആളുകളെ തെറ്റായ വഴിയിലൂടെ നടത്താറുണ്ട്.
ഡോക്ടറുമായുള്ള സ്‌നേഹസംവാദത്തിലൂടെ രോഗിക്ക് ഏറെ ആശ്വാസം ലഭിക്കും. ഇവിടെയാണ് ഡോക്ടറുടെ പരിചരണം രോഗിക്ക് ആശ്വാസമേകുന്നത്. എന്നാല്‍ നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പോലും ഇത്തരം പരിചരണം രോഗിക്കു ലഭിക്കുന്നില്ലെന്നത് വാസ്തവമാണ്. ഇത്തരുണത്തില്‍ രോഗിക്ക് രോഗശമനം ലഭിക്കുന്നില്ലെന്നു മാത്രമല്ല ഡോക്ടറുടെ പെരുമാറ്റം മൂലം അസുഖം വര്‍ധിക്കുകയും ചെയ്യും. രോഗത്തെക്കുറിച്ച് അധികരിച്ച് പറഞ്ഞ് രോഗിയെ പേടിപ്പിക്കുക, രോഗിക്ക് പറയേണ്ടുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ മനസു കാട്ടാതിരിക്കുക എന്നിവയൊക്കെ ചില ഡോക്ടര്‍മാര്‍ തുടര്‍ന്നു വരുന്ന തെറ്റായ പ്രവണതകളാണ്.
നല്ല ഡോക്ടര്‍, നല്ല ചികിത്സ
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചില ഡോക്ടര്‍മാരെക്കുറിച്ച് ചികിത്സ തേടി പോയവര്‍ പറഞ്ഞത് ഓര്‍ക്കുന്നു. രോഗിക്ക് രോഗവിവരങ്ങള്‍ ഒന്നും തന്നെ ഡോക്ടറോടു പറയാന്‍ അനുവാദമില്ല. ഡോക്ടര്‍ ചോദിക്കുന്നതിന് 'ആണ്' അല്ലെങ്കില്‍ 'അല്ല' എന്നു മാത്രമേ രോഗി ഉത്തരം പറയാവൂ. സംശയങ്ങളൊന്നും ചോദിക്കാന്‍ പാടില്ല.
വൃക്ക സംബന്ധമായ അസുഖമായി മെഡിക്കല്‍ കോളേജില്‍ പോയ യുവാവിനെ ഇത്തരം ചോദ്യവും ഉത്തരവുമായി 'ചികിത്സിച്ച്' വേദനാസംഹാര ഗുളികകള്‍ അമിത ഡോസില്‍ നല്‍കി രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കു ശേഷം പഴയ ഡോക്ടറുടെയടുത്ത് ചെന്ന് വേണ്ടവിധം പെരുമാറിയ സംഭവവും അറിയാം. രോഗികളോട് മൃദു സമീപനം കാണിക്കുന്ന ഡോക്ടര്‍മാരും ആശുപത്രികളും വിരളമായേ കാണൂ.
'ആസ്ത്മ രോഗി' തീര്‍ഥാടന-വിനോദ സഞ്ചാരത്തിനു പോകുമ്പോഴോ പുഴയില്‍ മുങ്ങികുളിക്കുമ്പോഴോ പ്രശ്‌നമുണ്ടാകുന്നില്ല. തിരിച്ച് വീട്ടില്‍ വന്നു കിടക്കുമ്പോഴോ ഉറങ്ങി ഏതെങ്കിലും നിശ്ചിതസമയമാകുമ്പോഴോ ആണ് ശ്വാസംമുട്ട് അനുഭവപ്പെടുന്നത്. കാരണം അത്തരം യാത്രകളിലും പുഴയില്‍ മുങ്ങികുളിക്കുമ്പോഴുമൊക്കെ അവര്‍ ആ പ്രവര്‍ത്തനത്തില്‍ മുഴുകുന്നു. ചിലര്‍ക്ക് പൊടി കാണുമ്പോഴോ തണുപ്പ് അനുഭവപ്പെടുമ്പോഴോ ശ്വാസംമുട്ട് ഉണ്ടാകും. പൊടിയെയും തണുപ്പിനെയും ഭയക്കുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഏതായാലും മാനസിക സംഘര്‍ഷം മൂലം അനുഭവിക്കുന്ന ശാരീരിക രോഗങ്ങള്‍ തടയുന്നതിന് വിദ്യാലയ തലം മുതല്‍ തന്നെ സൈക്കോളജിസ്റ്റിന്‍റെ സേവനം ഉപയോഗപ്പെടുത്തുക തന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.