24 മണിക്കൂറും കുട്ടികള്‍ പഠിക്കണമെന്നതാണ് പല രക്ഷാകര്‍ത്താക്കളുടെയും ആഗ്രഹം. രാത്രി വൈകി ഉറങ്ങുന്ന വിദ്യാര്‍ഥി നേരം പുലരുന്നതിനു മുമ്പ് എണീല്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നു. പരീക്ഷക്ക് വേണ്ടി ഉറക്കമൊഴിച്ച് പഠിക്കുന്നത് നല്ല ശീലമല്ല. പഠിച്ചത് ഓര്‍മവെക്കാന്‍ നന്നായി ഉറങ്ങേണ്ടത് അത്യന്താപേക്ഷിതമാണ്. ഉറങ്ങുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളും എല്ലാ അവയവങ്ങളും പൂര്‍ണ വിശ്രമത്തിലാകും. ഏഴ്-എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം ലഭിക്കണം. രാത്രി നേരത്തെ കിടന്ന് രാവിലെ നേരത്തെ എണീല്‍ക്കാന്‍ ശ്രമിക്കുക. രാത്രി വൈകിയിരുന്ന് പഠിക്കുന്ന കുട്ടിയാണെങ്കില്‍ രക്ഷാകര്‍ത്താക്കള്‍ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട.
രാവിലെ അല്‍പം താമസിച്ച് എണീറ്റോട്ടെ. ചിലര്‍ക്ക് രാത്രി പഠിക്കുന്നതാവും മെച്ചം. എനിക്ക് പഠിക്കാന്‍ കഴിയില്ല, ഞാന്‍ ജയിക്കില്ല, ഞാന്‍ പഠിച്ചിട്ട് കാര്യമില്ല, എനിക്ക് ജോലി കിട്ടില്ല എന്നൊക്കെയുള്ള നെഗറ്റീവ് ചിന്തകള്‍ ഉപേക്ഷിക്കുക. എനിക്കു നന്നായി ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം ഏതു കാര്യത്തിലും ഉണ്ടായാല്‍ ഫലവും പോസിറ്റീവ് ആയിരിക്കും. ഉപബോധ മനിലേക്ക് നാം എന്ത് നല്‍കുന്നുവോ അതായിരിക്കും തിരിച്ചും ലഭിക്കുക. പഠനസമയം കുട്ടികളുടെ അടുത്ത് ചില രക്ഷാകര്‍ത്താക്കളെങ്കിലും കാവലിരിക്കാറുണ്ട്. കുട്ടി ഒന്ന് കണ്ണ് ചിമ്മിപ്പോയാല്‍ ഉണരാനായി മുഖത്ത് വെള്ളമൊഴിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്കും ആവശ്യങ്ങളും അവകാശങ്ങളും ഉണ്ടെന്ന സത്യം മറന്നു പോകുന്നു.
കളിക്കാനും ഉല്ലസിക്കാനും വിശ്രമിക്കാനും അനുവദിക്കാതെയുമുള്ള രക്ഷാകര്‍ത്താക്കളുടെ സമീപനങ്ങള്‍, കുട്ടികളില്‍ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കും. നന്നായി പഠിച്ചത് പരീക്ഷാസമയത്ത് മറന്നു പോകുന്നതും ഇത്തരത്തിലാണ്. മാര്‍ക്ക് കുറഞ്ഞു പോകുമോ എന്നു ഭയന്ന്് നാടുവിടുന്നതും ആത്മഹത്യ ചെയ്യുന്നതും ഇത്തരം വിദ്യാര്‍ഥികളാണ്. മക്കള്‍ ഉന്നത വിജയം നേടണമെന്നാഗ്രഹിക്കുന്ന രക്ഷാകര്‍ത്താക്കള്‍ അവരോട് സൗമ്യമായി പെരുമാറുകയാണു വേണ്ടത്. കുട്ടി ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങളാണെങ്കില്‍ പോലും പ്രോത്സാഹനം നല്‍കണം. ഭയവും ആശങ്കയുമില്ലാതെ ശുഭാപ്തി വിശ്വാസത്തോടെയാകണം പരീക്ഷയെ അഭിമുഖീകരിക്കേണ്ടത്. സാധാരണ പഠിച്ച കാര്യങ്ങള്‍ പരീക്ഷാ ഹാളിലിരിക്കുമ്പോള്‍ അവ ഓര്‍മയിലെത്തുകയും ഉത്തരമെഴുതാന്‍ സാധിക്കുകയും ചെയ്യാറുണ്ട്. തോല്‍വിയെക്കുറിച്ച് ആശങ്ക ഉണ്ടാവരുത്.
പ്രാര്‍ഥനയോടെ പഠനം തുടങ്ങുക. ധ്യാനം ശീലമാക്കുക. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ ആദ്യം പഠിക്കുക. ഇടക്ക് കണ്ണിനും ശരീരത്തിനും വിശ്രമം നല്‍കുക. ഇടവേളകളില്‍ മലര്‍ന്ന് കിടന്നോ കസേരയില്‍ നിവര്‍ന്നിരുന്നോ എല്ലാ ചിന്തകളും മനില്‍ നിന്ന് ഒഴിവാക്കണം. നീണ്ടുനിവര്‍ന്ന് കണ്ണടച്ചാകണം കിടക്കേണ്ടത്. ഇരിക്കുമ്പോള്‍ കൈകള്‍ രണ്ടും തുടകള്‍ക്കു മുകളിൽ ചേര്‍ത്തു വെക്കണം. കണ്ണടച്ച് വെളുത്ത സ്‌ക്രീന്‍ അകക്കണ്ണില്‍ കണ്ട് പതിയെ ശ്വാസം അകത്തേക്കു വലിച്ച് പതിയെ പുറത്തേക്കു വിടുക. ഇങ്ങനെ ശ്വാസം അകത്തേക്കു വലിക്കുമ്പോള്‍ പോസിറ്റീവ് ചിന്തകള്‍ ഉള്ളിലേക്കു പോകുന്നതായും ശ്വാസം പുറത്തേക്കു വിടുമ്പോള്‍ നെഗറ്റീവ് ചിന്തകള്‍ പുറത്തേക്കു തള്ളുന്നതായും സങ്കല്‍പ്പിക്കുക. ഇപ്രകാരം ചെയ്യുമ്പോള്‍ മനസ് ശാന്തമാകുകയും ഉന്മേഷം ഉണ്ടാകുകയും ചെയ്യും. എത്ര സമയം പഠിക്കുന്നുവെന്നതല്ല, ചുരുങ്ങിയ സമയം കാര്യക്ഷമമായി പഠിക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. മുന്‍ പരീക്ഷാ ചോദ്യങ്ങള്‍ ശേഖരിച്ച് ഉത്തരങ്ങള്‍ കണ്ടെത്തണം.
പാഠങ്ങള്‍ വായിക്കുമ്പോള്‍ ചോദ്യം വരാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. രാവിലെയും വൈകുന്നേരവും കുളിക്കണം. ധാരാളം വെള്ളം കുടിക്കുകയും പഴവര്‍ഗങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണം. അമിതാഹാരം ഒഴിവാക്കണം. ലഘുവായ ആഹാരം മതി പരീക്ഷാക്കാലത്ത്. അയവുള്ള പരുത്തി വസ്ത്രമാണ് അഭികാമ്യം. ഓരോ വിഷയങ്ങള്‍ക്കും പരീക്ഷക്കാവശ്യമായ സാമഗ്രികള്‍ തലേന്ന് തയാറാക്കി വെക്കുകയും പരീക്ഷക്ക് പുറപ്പെടുമ്പോള്‍ അവയെല്ലാം കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. മാനസിക പിരിമുറുക്കമില്ലാതെ ഉത്ക്കണ്ഠയില്ലാതെ നിശ്ചിത സമയത്തിന് മുമ്പേ തന്നെ പരീക്ഷാ കേന്ദ്രത്തിലെത്തണം.
എഴുതാന്‍ എളുപ്പവും തെളിമയുമുള്ള പേന ഉപയോഗിക്കുക. ഒന്നിലേറെ പേനകള്‍ കരുതുക. ഹാള്‍ടിക്കറ്റ് നമ്പര്‍ ഉത്തരക്കടലാസില്‍ തെറ്റ് കൂടാതെ എഴുതുക. പരസ്പര ബന്ധമില്ലാത്ത ഉത്തരം എഴുതരുത്. ആത്മവിശ്വാസത്തോടെ ചോദ്യപേപ്പറുകള്‍ സ്വീകരിക്കുകയും വായിച്ചു മനിലാക്കുകയും ചെയ്യുക. മനിലാകാത്ത ചോദ്യങ്ങള്‍ എക്‌സാമിനറോട് ചോദിക്കുക. നല്ല കൈയക്ഷരത്തില്‍ എഴുതുക. എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യവും പ്രയാസമുള്ളവക്ക് അവസാനവും ഉത്തരം എഴുതുന്നതാണ് നല്ലത്. ഉത്തരം എഴുതിക്കഴിഞ്ഞ ചോദ്യങ്ങള്‍ അടയാളപ്പെടുത്തുക. ഉപന്യാസമെഴുതാന്‍ സമയമില്ലെങ്കില്‍ പോയന്റുകള്‍ എഴുതുക. ഉത്തരം പൂര്‍ണമായി അറിയില്ലെങ്കില്‍ അറിയാവുന്നത് എഴുതുക.
അനുവദിച്ച സമയത്തിന് പത്ത് മിനിറ്റ് മുമ്പെങ്കിലും ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ ശ്രദ്ധിക്കുകയും നേരത്തെ എഴുതിത്തീര്‍ന്നാലും പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞ ശേഷം മാത്രം ഹാള്‍ വിടുകയും ചെയ്യുക. പരീക്ഷ കഴിഞ്ഞാല്‍ അതെക്കുറിച്ച് ആവലാതിപ്പെടുകയോ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുകയോ വേണ്ട. അടുത്ത പരീക്ഷാ വിഷയം പഠിക്കുന്നതിലാവണം ശ്രദ്ധ. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരീക്ഷ ഭിതിരഹിതവും ലളിതവുമാക്കാം. ഇനി പരീക്ഷാപേടി വേണ്ടേ വേണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.