കുന്നോളം വേദനയോ കുന്നിമണിയോളം സന്തോഷമോ ഉള്ളിലുണ്ട്. പറയുവാനും ഏറെയുണ്ട്. പക്ഷേ കേള്‍ക്കുവാന്‍ അരികിലാരുമില്ല. ഈ വേദന മറ്റൊരു ചിത്രത്തിലേക്കും പകര്‍ത്താനാകാത്ത വിധമുള്ള മനസിന്റെ ഒറ്റപ്പെടലാണ്. കേള്‍ക്കുവാനാരോരുമില്ലല്ലോ എന്നൊരു ആവലാതി മനുഷ്യനെയും മനസിനെയും ഒരു പോലെ അലട്ടുന്ന വ്യാധിയാണ്. അങ്ങനെയുള്ള മനുഷ്യരുടെ മനസിനരുകിലിരുന്ന് കാതും ഹൃദയവും തുറന്ന് കേള്‍ക്കുവാനൊരുങ്ങി വരുന്നവരാണ് ലിസണിങ് കമ്യൂണിറ്റിയുടെ പ്രവര്‍ത്തകര്‍.
മാനസികാരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ലിസണിങ് കമ്യൂണിറ്റി ഇന്ത്യ എന്ന കൂട്ടായ്മ ഇന്ന് ഇക്കാര്യത്തില്‍ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയാണ്. ഒക്ടോബര്‍ 10 ലോക മാനസിക ആരോഗ്യ ദിനമായി ആചരിക്കുമ്പോള്‍ അതിന്റെ ഈ വര്‍ഷത്തെ വിഷയം തന്നെ 'എല്ലാവര്‍ക്കും മാനസിക ആരോഗ്യം' എന്നതാണ്. നമുക്കരുകിലുള്ള ഒരാളുടെ മനസ് തുറക്കാന്‍, കേള്‍വിക്കാരനായി അടുത്തിരിക്കാന്‍ കഴിയുന്നു എങ്കില്‍ ഈ ലക്ഷ്യം പലരിലൂടെ നിറവേറുക തന്നെ ചെയ്യും. അതു തന്നെയാണ് ലിസണിങ് കമ്യൂണിറ്റിയും തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തമാക്കുന്നത്.
ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സംഘടനയായ ഡിനിപ് കെയറിന് കീഴില്‍ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും എയിംസ് ട്രോമകെയര്‍ സെന്ററിലും മറ്റും കിടപ്പിലായ രോഗികള്‍ക്കിടയിലും സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധരായ ഒരുകൂട്ടം മനശാസ്ത്ര വിദ്യാര്‍ഥികള്‍ രോഗികള്‍ക്കിടയില്‍ 'ലിസണിങ്' ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേള്‍വിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് പ്രചോദിപ്പിച്ചതും ഡല്‍ഹിയിലെ മലയാളികളുടെ നേതൃത്വത്തില്‍ 'ലിസണിങ് കമ്മ്യൂണിറ്റി ഇന്ത്യ' എന്ന കൂട്ടായ്മ പിറക്കുന്നതും.
ലിസണിങ്ങിന്റെ ആവശ്യകതയെ കുറിച്ച് ദേശീയ തലത്തില്‍ ഇവര്‍ നടത്തിയ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും തങ്ങളെ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടാവണമെന്ന് ആഗ്രഹിച്ചവരായിരുന്നു. കേള്‍ക്കാന്‍ ആളില്ലാതെ പോയതിലുള്ള പ്രയാസം ഓരോ രണ്ടാമനും, അഥവാ 50 ശതമാനം ആളുകളും പങ്ക് വെച്ചു. സങ്കടങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ സന്തോഷങ്ങള്‍ കേള്‍ക്കാനും ആളില്ലെന്നായിരുന്നു 75 ശതമാനം പേരും പങ്ക് വെച്ചത്.
ലിസണിങ്ങിന്റെ പ്രാധാന്യവും ആവശ്യകതയും ജനങ്ങളിലെത്തിക്കാനുള ബോധവല്‍ക്കരണ പരിപാടികള്‍, ലിസണിങ് സ്‌കില്‍ പരിപോഷിപ്പിക്കുന്നതിനായുള്ള പരിശീലനപരിപാടികള്‍, ആവശ്യമായി വരുന്നിടത്ത് പ്രത്യേക പരിശീലനം നേടിയ ലിസണിങ് വളണ്ടിയര്‍മാരെ ലഭ്യമാക്കല്‍ തുടങ്ങിയവയാണ് ലിസണിങ് കമ്മ്യൂണിറ്റി പ്രധാനമായും ചെയ്ത് വരുന്നത്. ഇന്ന് ഇന്ത്യയിലെ ഏത് ഭാഷയിലും ലിസണിങ് കമ്യൂണിറ്റിക്ക് വളന്റീയര്‍മാരുണ്ട്. ലിസണിങ് ക്ലിനിക്ക്, ലിസണിംഗ് സര്‍ക്കിള്‍, ആത്മഹത്യ പ്രതിരോധത്തിനായുള്ള 'ഗെയ്റ്റ് കീപ്പര്‍' ട്രയിനിങുകള്‍, മനശാസ്ത്ര വിദഗ്ദരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികള്‍ എന്നിവക്ക് പുറമെ കോവിഡ് കാലത്ത് ടെലി-ലിസണിങ്, വെബിനാറുകള്‍ തുടങ്ങിയ പരിപാടികളും ഈ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ച ലിസണിങ് കമ്മ്യൂണിറ്റിയില്‍ മനശാസ്ത്ര വിദ്യാര്‍ഥികളടക്കം അഞ്ഞൂറിലധികം പേര്‍ ഇതിനോടകം തന്നെ ഭാഗമാവുകയും, സാധരണക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ തുടങ്ങി പലവിഭാഗങ്ങളിലുള്ളവര്‍ സഹായം തേടുകയും ചെയ്തിട്ടുണ്ട്. ജനങ്ങളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുക വഴി പല രോഗികളുടെയും രോഗം തീവ്രഘട്ടങ്ങളിലേക്ക് പ്രവേശിക്കാതെ നോക്കാനും ആവശ്യമായി വരുന്നവരെ പ്രൊഫഷണലുകളിലേക്ക് റെഫര്‍ ചെയ്യാനും കഴിയുമെന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ലിസണിംഗ് കമ്മ്യൂണിറ്റി ഇന്ത്യ സ്ഥാപകനുമായ അബ്ദുല്‍ ഗഫൂര്‍ അഭിപ്രായപ്പെടുന്നത്.
മാനസിക പ്രശ്നങ്ങളില്‍ പലതും പ്രാഥമിക ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ കഴിയുകയെന്നത് പ്രാധാനമാണ്. പ്രത്യക്ഷത്തില്‍ രോഗികളല്ലാത്ത നമുക്കു ചുറ്റുമുള്ള ആളുകള്‍ നേരിട്ടും, സാമൂഹ്യ മാധ്യമങ്ങളിലൂടെയും പങ്കുവെക്കുന്ന നിരാശകളുടെയും ഒറ്റപ്പെടലുകളുടെയും ഏകാന്തതകളുടെയും തോന്നലുകള്‍, വിഷാദം മുറ്റിനില്‍ക്കുന്ന സംസാരങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കുകയും, അവരെ കേള്‍ക്കാനും നമ്മള്‍ തയ്യാറാവണം. അതിലൂടെ അവരുടെ മാനസിക പ്രശ്നങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ അവരെ സഹായിക്കാന്‍ നമുക്ക് സാധിക്കും.
വികസിത രാജ്യങ്ങളില്‍ മാനസികാരോഗ്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഗണിക്കപ്പെടുന്നുണ്ടെങ്കിലും വികസ്വര -അവികസിത രാജ്യങ്ങളില്‍ പൊതുജനാരോഗ്യത്തിന്റെ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയാണ് മാനസികാരോഗ്യം. ഓരോ 40 സെക്കന്‍ഡിലും ഒരാള്‍ സ്വയം ജീവനൊടുക്കുന്നുണ്ട്. മൂന്നാം ലോക രാജ്യങ്ങളിലെ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരില്‍ 75 ശതമാനം പേര്‍ക്കും ഒരു തരത്തിലുള്ള ചികിത്സയും ലഭിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ മാനസികാരോഗ്യ മേഖലയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെങ്കിലും പൊതുജനങ്ങള്‍ക്കിടയിലുള്ള മാനസികാരോഗ്യത്തെ കുറിച്ചുള്ള മുന്‍ വിധികള്‍ ഇനിയും മാറേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ മാനസികാരോഗ്യത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കുക കൂടി ചെയ്യണം.
തയാറാക്കിയത്: ബിനില്‍, ഫര്‍സീന്‍ അലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.