ചിരിയിൽ മറഞ്ഞിരിക്കുന്ന വിഷാദരോഗം

ചിലർ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. നമ്മൾ പറയും "നോക്കൂ അയാൾ എത്ര സന്തോഷവാനാണ്. ജീവിതത്തിൽ നല്ലതു പോലെ വിജയിച്ച ആൾ ആയിരിക്കും അയാൾ." എന്നാൽ ഒരു ദിവസം നമ്മൾ കേൾക്കുന്നു- ആൾ ജീവനൊടുക്കിയെന്ന്. കൂടെ ഉറങ്ങുന്ന പങ്കാളിക്ക് പോലും അറിയില്ല എന്താണ് അയാൾ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്ന്.

ചിരിയില്‍ ഒളിപ്പിക്കുന്നത്‌ 

മുകളില്‍ പറഞ്ഞ സംഭവം സ്മൈലിങ് ഡിപ്രഷൻ ആയിരുന്നു . അതായത് ഉള്ളിൽ വെന്തുരുകുമ്പോൾ പോലും ഇവരുടെ ചെയ്തികളിൽ, മുഖഭാവങ്ങളിൽ വിഷാദത്തിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ സാധിക്കില്ല. ഇത്തരക്കാര്‍ വിവാഹിതരോ, വിദ്യാസമ്പന്നരോ, മികച്ച സാമ്പത്തിക ഭദ്രതയുള്ളവരോ, ഉയര്‍ന്ന കരിയര്‍ ഉള്ളവരോ ആവാം. അല്ലെങ്കില്‍ ജീവിതത്തില്‍ വിജയിച്ചുവെന്ന് ബാക്കിയുള്ളവര്‍ കരുതുന്നവരും ആയിരിക്കും.

ഇവരുടെ അടഞ്ഞ മനസ്സിനുള്ളിൽ നിരാശ, ഉൽക്കണ്ഠ, ആകുലത താനൊരു പരാജയമാണെന്ന തോന്നൽ, കുറ്റബോധം ഒക്കെ ഒക്കെ നിരന്തരം അലയടിക്കുന്നുണ്ടാവും, വർഷങ്ങളായി ഒരേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഇവർ ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാറില്ല. അത് ഉറ്റസുഹൃത്തുക്കളാകട്ടെ, ബന്ധുക്കളാകട്ടെ, കുടുംബാംഗങ്ങളാവട്ടെ -അവര്‍ സ്വന്തം പ്രശ്‌നങ്ങള്‍ ആരോടും പറയില്ല. മറ്റുള്ളവര്‍ തന്നെക്കുറിച്ച്‌ എന്തു ചിന്തിക്കും എന്ന ഭയത്താൽ അവർ തങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളത് ബാക്കിയുള്ളവരെ അറിയിക്കില്ല.

എന്തുകൊണ്ട് ഇത് അപകടകരമാകുന്നു?

സ്മൈലിങ് ഡിപ്രഷനും ആത്മഹത്യയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റു വിഷാദ രോഗങ്ങൾക്ക് അടിമയായവർ അമിതമായ ക്ഷീണം, മടി, ഉറക്കമില്ലായ്മ/ അമിതമായ ഉറക്കം, ഊർജ്ജം ഇല്ലായ്മ എന്നിവ കാരണം ജീവനൊടുക്കാന്‍ ശ്രമിക്കാന്‍ സാധ്യത കുറവാണെങ്കിൽ ഇക്കൂട്ടർക്ക് സ്വയം അപായപ്പെടുത്താന്‍ കൂടുതൽ ഊർജസ്വലത ഉണ്ടാവും.


പെട്ടെന്ന് ജോലി നഷ്ടപ്പെടുക, ഉറ്റവരുടെ മരണം, വിവാഹമോചനം എന്നിവയാണ് പുരുഷന്മാരിൽ ആത്മഹത്യയ്ക്ക് പെട്ടെന്നുള്ള കാരണം.

കുട്ടികൾ ഉള്ളതും നല്ല മാനസിക പിന്തുണ ഉള്ളതും ഒക്കെ ഇവരെ ഇതിൽനിന്നു പിന്തിരിപ്പിച്ചേക്കാം...

നമുക്ക് എങ്ങനെ ഇവരെ സഹായിക്കാൻ സാധിക്കും?

സ്‌മൈലിങ് ഡിപ്രഷന്‍ രോഗികള്‍ മിക്കവരും പെര്‍ഫെക്ഷനിസ്റ്റുകള്‍ ആയിരിക്കും. തങ്ങള്‍ ദുര്‍ബലരാണെന്ന് പുറത്തറിയിക്കാതിരിക്കാന്‍ അവര്‍ ആവുന്നത് ശ്രമിക്കും. രോഗം ഒരു ദൗര്‍ബല്യമല്ല എന്ന ബോധം അവരില്‍ ആദ്യം ഉണ്ടാക്കേണ്ടതുണ്ട്.

നിങ്ങളുടെ പങ്കാളി /സുഹൃത്ത്/ ബന്ധുക്കൾ എന്നിവരിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. ഉദാഹരണം ബന്ധങ്ങൾ അറത്തു മുറിക്കുക, ഫോൺ എടുക്കാതിരിക്കുക, സംസാരിക്കുമ്പോൾ ഉത്തരം പറയാതിരിക്കുക തുടങ്ങിയവ.

ഇക്കൂട്ടരോട് സംസാരിക്കാൻ ശ്രമിക്കുകയും അവർക്ക് കരുതൽ നൽകുകയും ചെയ്യാം. എല്ലാത്തിനുമുപരി ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.