ജാപ്പനീസ് എൻജിനീയറിങ് വിസ്മയവുമായി മികച്ച യാത്രാനുഭവം വാഗ്ദാനം നല്‍കി പുതിയ നിസ്സാന്‍ മാഗ്‌നൈറ്റ് ഫേസ് ലിഫ്റ്റ് മോഡല്‍ അണിയറയില്‍ ഒരുങ്ങുന്നു. മുഖം മിനുക്കിയെത്തുന്ന മാഗ്‌നൈറ്റ് ഒക്ടോബര്‍ നാലിന് വിപണിയിലെത്തും. ആഡംബരവും സാങ്കേതിക വൈദഗ്ധ്യവും കൂട്ടിയിണക്കിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ ശേഷം മാഗ്‌നൈറ്റ് ആദ്യമായാണ് മുഖം മിനുക്കുന്നത്. എക്സ്‌ട്രെയില്‍ എത്തുന്നതിന് മുമ്പ് നിസാനു വേണ്ടി ഇന്ത്യയില്‍ ഒറ്റക്കു പൊരുതിയ മോഡലാണ് മാഗ്‌നൈറ്റ്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ കോംപാക്ട് എസ്.യു.വികളിലൊന്നാണ് മാഗ്‌നൈറ്റ്.
ഫേസ് ലിഫ്റ്റ് മോഡലില്‍ ഡിസൈനില്‍ മുന്നിലെ ഗ്രില്ലിലും ബമ്പറിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പൂത്തന്‍ ലുക്ക് നല്‍കുന്നതിന്റെ ഭാഗമായി പുതിയ ഹെഡ് ലാമ്പും എല്‍.ഇ.ഡി ഡി.ആര്‍.എല്ലും മാഗ്‌നൈറ്റിന് നല്‍കിയിട്ടുണ്ട്. അലോയ് വീലുകളിലുള്ള മാറ്റമാണ് എടുത്തുപറയേണ്ടത്. പുറത്തുവന്ന ടീസറില്‍ ഇന്റീരിയറിനെക്കുറിച്ച് സൂചനകള്‍ നല്‍കുന്നില്ല. കൂടുതല്‍ മികച്ച ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും വയര്‍ലെസ് ചാര്‍ജര്‍, സണ്‍റൂഫ്, റെയിന്‍ സെന്‍സിങ് വൈപ്പര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകൾ മാഗ്‌നൈറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
സുരക്ഷയുടെ കാര്യത്തിലേക്കു വന്നാല്‍ ആറ് എയര്‍ബാഗുകള്‍ക്കു പുറമേ ഇ.എസ്.സി, എ.ബി.എസ് വിത്ത് ഇ.ബി.ഡി, പിന്നില്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ മാഗ്‌നൈറ്റിന്റെ എന്‍ജിനില്‍ മാറ്റത്തിന് സാധ്യത കുറവാണ്. നിലവിലെ 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ ആയിരിക്കാനാണ് സാധ്യത കൂടുതല്‍.
നാച്ചുറലി അസ്പയേഡ് 72 എച്ച്.പി കരുത്തും 96 എന്‍.എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിന്‍ ആയിരിക്കും വാഹനത്തിന്റെ ഹൃദയം. അതേസമയം ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100 എച്ച്.പിയിലേക്കും ടോര്‍ക്ക് 160 എന്‍.എമ്മിലേക്കും വര്‍ധിക്കാനും സാധ്യതയുണ്ട്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എ.എം.ടി, സി.വി.ടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലായിരിക്കും വാഹനം എത്തുക. റെനോ കൈഗര്‍, മാരുതി ഫ്രോങ്സ്, ടാറ്റ പഞ്ച്, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായ് വെന്യു എന്നിവയോടാണ് മാഗ്‌നൈറ്റ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.