രാജ്യ​െത്ത ആദ്യ ഇലക്​ട്രിക്​ സൂപ്പർ സ്റ്റാർ എന്ന വിളിക്കാവുന്ന വാഹനം അവതരിപ്പിക്കപ്പെട്ടു. ടി.വി.എസ് ആണ്​ പുത്തൻ ഇലക്​ട്രിക്​ സ്കൂട്ടർ പുറത്തിറക്കിയത്​. നാം ഇതുവരെ കണ്ട്​ പരിചയിച്ചിരുന്ന ഇ.വി സ്കൂട്ടറുകളേക്കാൾ ഒരുപടി മുന്നിലാണ്​ ടി.വി.എസ്​ എക്സ് എന്ന പുതിയ വാഹനം​. മാക്സി സ്കൂട്ടറുകൾക്ക്​ സമാനമായ രൂപമാണ്​ ഈ സ്കൂട്ടറിന്​. ടി.വി.എസ് എക്സ്​ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിങ്​ ആരംഭിച്ചു.

ഏഥറും ഒലയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അരങ്ങുവാണിരുന്ന ഇ.വി രംഗത്തേക്ക് ടി.വി.എസ് ആദ്യമെത്തിയത്​ ഐക്യൂബുമായാണ്​. എന്നാൽ കൂടുതൽ ആളുകളും പുതിയ ബ്രാൻഡുകളെയാണ് തങ്ങളുടെ ആദ്യ ചോയ്‌സായി പരിഗണിച്ചത്. ഈ സാഹചര്യത്തിലാണ്​ പുതിയൊരു ഇലക്‌ട്രിക് സ്‌കൂട്ടറിനെ ടി.വി.എസ് വിപണിയിലെത്തിച്ചത്​. ദുബായില്‍ നടക്കുന്ന ഇവന്റിലാണ്​ കമ്പനി പുതിയ എക്സ്​ ഇവി പുറത്തിറക്കിയത്​.

പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറായി വരുന്ന ഈ മോഡലിന് 2.50 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ആദ്യത്തെ 2,000 കസ്റ്റമേഴ്‌സിന് 18,000 രൂപയുടെ പ്രത്യേക ഫസ്റ്റ് എഡിഷൻ പാക്കേജും ലഭ്യമാവും. 2018-ൽ അവതരിപ്പിച്ച ക്രിയോൺ കൺസെപ്റ്റിൽ നിന്നും ഡിസൈൻ കടമെടുത്താണ് എക്സ്​ പണികഴിപ്പിച്ചിരിക്കുന്നത്. പെർഫോമൻസിലായാലും സാങ്കേതികവിദ്യയിലായാലും പുതിയ ടി.വി.എസ് എക്സ്​ ഇവിക്ക് എതിരാളികളില്ല.


കാഴ്ച്ചയിലെ റോബോട്ടിക് സ്റ്റൈൽ ആരെയും കൈയിലെടുക്കാൻ പ്രാപ്‌തമാണ്​. പരമ്പരാഗത സ്‌കൂട്ടറുകളേക്കാൾ 2.5 മടങ്ങ് കാഠിന്യമുള്ളതായി പറയപ്പെടുന്ന പുതുതായി വികസിപ്പിച്ച ‘എക്​സൽടോൺ’ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്‌കൂട്ടർ നിർമിച്ചിട്ടുള്ളത്. റൈഡർക്കായി വീതിയേറിയ സ്പ്ലിറ്റ് സീറ്റുകളുമായാണ് മോഡൽ വരുന്നത്. എക്‌സ്‌റ്റെൽത്ത്, എക്‌സ്‌ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിങ്​ മോഡുകളുമായാണ് ഇ-സ്‌കൂട്ടർ വരുന്നത്.

റീജനറേറ്റീവ് ബ്രേക്കിംഗും ടി.വി.എസ് എക്സ്​ ഇവിയുടെ ഭാഗമാണ്. കമ്പനി ആന്തരികമായി വികസിപ്പിച്ചെടുത്ത നാവ്പ്രോ എന്ന പുതിയ തലമുറ സ്മാർട്ട്​ കണക്ട്​ പ്ലാറ്റ്‌ഫോമാണ് ഇതിന് ലഭിക്കുന്നത്. 10.25 ഇഞ്ച് എച്ച്ഡി ടിൽറ്റ് സ്ക്രീൻ സജ്ജീകരണവും പ്രീമിയം ഫീലാണ് നൽകുന്നത്. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പൂർണമായും കസ്റ്റമൈസ് ചെയ്യാനാവുന്നതാണ്. 19 ലിറ്ററാണ് അണ്ടർസീറ്റ് സ്റ്റോറേജ്​. ക്രാഷ് ഡിറ്റക്ഷൻ, സ്പീഡ് ലിമിറ്റ്, ഓവർ സ്പീഡ് അലേർട്ട്, ടോവിംഗ് അലേർട്ട്, ജിയോഫെൻസിംഗ്, ഓട്ടോ ലോക്കിംഗ് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ടി.വി.എസ് സ്‌മാർട്ട് ഷീൽഡും സജ്ജീകരിച്ചിട്ടുണ്ട്​.


ഈ പെർഫോമൻസ് ഇലക്‌ട്രിക് ടൂവീലറിന് 4.44 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകും. 14.7 bhp പവറുള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് ഒരുക്കിയിട്ടുള്ളത്. എക്സ്​ ഇവിക്ക് 0-40 കിലോമീറ്റർ വേഗത 2.6 സെക്കൻഡിൽ കൈവരിക്കാനാകും. 0-60 കിലോമീറ്റർ വേഗത 4.5 സെക്കൻഡിൽ എത്തും.മണിക്കൂറിൽ 105 കിലോമീറ്ററാണ് ടോപ്പ് സ്പീഡ്. റാം ഇൻടേക്ക് എയർ-കൂൾഡ് മോട്ടോറിനൊപ്പം വിപുലമായ തെർമൽ മാനേജ്‌മെന്റും വാഹനത്തിലുണ്ടെന്നാണ് കമ്പനി പറയുന്നത്. 0-80 ശതമാനം ചാർജിംഗിനായി 3 മണിക്കൂറും 40 മിനിറ്റും സമയമാണ് വേണ്ടിവരുന്നത്.

മുൻവശത്ത് ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും ഉള്ള അലുമിനിയം അലോയ് ഫ്രെയിമും ആണ്​. ബ്രേക്കിങിഗിനായി ലും സിംഗിൾ-ചാനൽ എബിഎസോടുകൂടിയ 220 mm സിംഗിൾ ഫ്രണ്ട് ഡിസ്‌ക്കും 195 mm റിയർ ഡിസ്‌ക്കുമാണ് ഉണ്ടാവുക. 12 ഇഞ്ച് അലോയ് വീലുകളാണ് ഇ-സ്‌കൂട്ടറിന് ലഭിക്കുന്നത്​. ഗ്രൗണ്ട് ക്ലിയറൻസ് 175 മില്ലീമീറ്ററും സീറ്റ് ഹൈറ്റ് 770 മില്ലീമീറ്ററുമാണ്.

Tags:    
News Summary - TVS X Electric Scooter Launched At Rs 2.50 Lakh; Has 140 KM Range, 105 Kmph Top Speed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.