ദുബൈ: യു.എ.ഇ ഫെഡറൽ അതോറിറ്റി (ഐ.സി.എ) അനുമതിയില്ലാതെ എത്തിയ 22 പേരെ അബൂദബി, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് തിരിച്ചയച്ചു. കൊച്ചിയിൽ നിന്നെത്തിയ നാലു മലയാളികൾ അബൂദബി വിമാനത്താവളത്തിലും ലഖ്നോവിൽ നിന്നെത്തിയ 18 ഉത്തർപ്രദേശ് സ്വദേശികൾ ഷാർജയിലുമാണ് കുടുങ്ങിയത്. അബൂദബിയിലെത്തിയ മലയാളികളെ 60 മണിക്കൂറിനുശേഷം ദുബൈ വിമാനത്താവളം വഴിയാണ് യാത്രയാക്കിയത്. റെസിഡൻറ് വിസക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ ഐ.സി.എ അനുമതി ആവശ്യമില്ലെന്ന് വാർത്തകൾ വന്നിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെ എയർലൈൻ കമ്പനികൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇതിൻെറ അടിസ്ഥാനത്തിലാണ് അനുമതി തേടാതെ യാത്രക്കാർ യു.എ.ഇയിലേക്ക് തിരിച്ചത്. ശനിയാഴ്ച പുലർച്ച 4.30ന് കൊച്ചിയിൽനിന്നു പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലാണ് മലയാളികളായ ബാബു, രമേശ് കുന്നംകുളം, മിഥുൻ, സാലിഹ് ചങ്ങരംകുളം, അബൂബക്കർ എന്നിവർ എത്തിയത്. ഇതിൽ അബൂബക്കറിന് പുറത്തിറങ്ങാൻ അനുമതി ലഭിച്ചു. ബാക്കിയുള്ളവരെ തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, തിങ്കളാഴ്ച പകൽ മുഴുവൻ ഇവർ പുറത്തിറങ്ങാനുള്ള ശ്രമംനടത്തിയെങ്കിലും വിഫലമായി. അബൂദബിയിൽനിന്ന് കേരളത്തിലേക്ക് വിമാനമില്ലാത്തതിനാൽ ദുബൈയിൽനിന്ന് രാത്രിയാണ് മടക്കയാത്രയൊരുക്കിയത്.
ടിക്കറ്റ് ചെലവ് ഇത്തിഹാദ് എയർവേസ് നൽകി. കറാച്ചിയിൽ നിന്നെത്തിയ പാകിസ്താൻ സ്വദേശികളെയും തിരിച്ചയച്ചതായി ഇവർ പറഞ്ഞു. തിങ്കളാഴ്ച പുലർച്ച ഒരു മണിക്കാണ് ലഖ്നോ സ്വദേശികളായ തൊഴിലാളികൾ ഷാർജ വിമാനത്താവളത്തിൽ എത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെ ഇവരെ തിരിച്ചയച്ചു. അതേസമയം, സാങ്കേതിക പിഴവുമൂലം ബംഗ്ലാദേശിൽ നിന്നെത്തിയ 127 തൊഴിലാളികളെയും അബൂദബി വിമാനത്താവളത്തിൽനിന്ന് മടക്കി. ഇവർക്ക് അടുത്ത ദിവസംതന്നെ തിരിച്ചുവരാൻ അവസരം നൽകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.