പശ്ചിമ ബംഗാളിലെ മുസ്ലിം ന്യൂനപക്ഷത്തിെൻറ ദുരവസ്ഥ പുറത്തുകൊണ്ടുവന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് മുമ്പും പിമ്പും ബംഗാളിൽ സേവനമനുഷ്ഠിക്കുകയും ബംഗാൾ ന്യൂനപക്ഷ വകുപ്പിെൻറ ക്ഷേമപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത മലയാളി ഐ.എ.എസ് ഓഫിസറാണ് പി.ബി സലീം. മുഖ്യമന്ത്രി മമത ബാനർജിയുടെ ഒ.എസ്.ഡി (ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) കൂടിയായ അദ്ദേഹം സച്ചാറാനന്തര ബംഗാളിലെ ന്യൂനപക്ഷ ക്ഷേമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നു...
ജസ്റ്റിസ് രജീന്ദർ സച്ചാറിെൻറ നേതൃത്വത്തിലെ കമ്മിറ്റി രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി പഠിച്ച് സമർപ്പിച്ച റിപ്പോർട്ട് പശ്ചിമ ബംഗാളിലെ ന്യൂനപക്ഷത്തെക്കുറിച്ച് പുറത്ത് വിട്ട വസ്തുതകൾ ഞെട്ടിക്കുന്നതായിരുന്നു. പിന്നീട് ന്യൂനപക്ഷ വികസനത്തിനുള്ള സമീപനത്തിലും കർമപദ്ധതികളിലും സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഏതെങ്കിലും തരത്തിലെ മാറ്റങ്ങൾ കൊണ്ടുവന്നോ?
ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ട് ശരിക്കും കണ്ണു തുറപ്പിക്കുന്നതായിരുന്നു. ബംഗാളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പോലും കാര്യങ്ങൾ ഇത്രത്തോളം അവതാളത്തിലാണെന്നറിഞ്ഞിരുന്നില്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ട് വരുന്നത് വരെ ഇത്രയും മോശമാണ് അവസ്ഥ എന്നൊരു ധാരണയുണ്ടായിരുന്നില്ല.
അതിന് ശേഷം കേന്ദ്ര, സംസ്ഥാന സർക്കാറുകളിൽ നിന്ന് തുടർ നടപടികളുണ്ടായി. 11 ഇന പരിപാടിയും 15 ഇന പരിപാടിയും ആവിഷ്ക്കരിച്ചു. 2011ൽ പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സമർപ്പണ ബോധത്തോടെ ആ വിഷയം ഏറ്റെടുത്തു.
ബംഗാൾ കേഡർ ഐ.എ.എസ് ഓഫീസറായ താങ്കൾ 2011ൽ മമതാ ബാനർജി സർക്കാർ അധികാരമേൽക്കുേമ്പാൾ കേരളത്തിലായിരുന്നല്ലോ. പിന്നെങ്ങിനെയാണ് ബംഗാളിലേക്ക് വീണ്ടും വന്നത്?
2011ൽ ബംഗാളിൽ നിന്ന് പോയ ശേഷം 2012ലാണ് ബംഗാളിലേക്ക് തന്നെ തിരിച്ചുവരുന്നത്. 2012ൽ വന്ന ശേഷം അഞ്ച് വർഷം കലക്ടറായിരുന്നു. കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് ആറ് മാസം ന്യൂനപക്ഷ വകുപ്പിലുണ്ടായിരുന്നു. അപ്പോഴാണ് പല ന്യൂനപക്ഷ ക്ഷേമ പദ്ധതികളും നടപ്പാക്കുന്നതിന് തുടക്കമിട്ടത്. കേന്ദ്ര സർക്കാറിെൻറ ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമായും കാര്യക്ഷമമമായും നടപ്പാക്കാൻ ആസൂത്രണവുമുണ്ടായി. പിന്നീട് 2017ൽ വീണ്ടും ന്യൂനപക്ഷ വകുപ്പ് ഏൽപിച്ചു.
2011 വരെ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ ബംഗാളിെല ആകെ ഗുണഭോക്താക്കൾ നാല് ലക്ഷമായിരുന്നു. 2021ലെത്തുേമ്പാൾ അപേക്ഷകർ 44 ലക്ഷം കവിഞ്ഞിരിക്കുന്നു. ഇതിൽ പരമാവധി രണ്ടോ മൂന്നോ ലക്ഷം പേരുടെ അപേക്ഷകൾ യോഗ്യതയില്ലാതെ തള്ളപ്പെട്ടാലും ഗുണഭോക്താക്കൾ 2011ലേതിെൻറ പത്തിരട്ടി വരും. പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് എന്നിവയെല്ലാം അടക്കമാണിത്. 27 ലക്ഷം ഗുണഭോക്താക്കളെയുണ്ടാക്കി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലെ സ്കോളർഷിപ്പുകൾ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്ന സംസ്ഥാനമായി ബംഗാൾ മാറി. ഇത് പറയുേമ്പാൾ രാജ്യത്ത് കൂടുതൽ ന്യൂനപക്ഷ ജനസംഖ്യ ബംഗാളിലല്ലെന്ന് ഓർക്കണം.
സച്ചാർ റിപ്പോർട്ടിെൻറ തുടർ നടപടിയായി 2008ലാണല്ലോ കേന്ദ്ര സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് തുടക്കമിടുന്നത്. എന്നിട്ടും 2011 വരെ ബംഗാളിൽ നാല് ലക്ഷം ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാത്രമേ ഇതിെൻറ പ്രയോജനം ലഭിച്ചിരുന്നുള്ളൂ ?
അതെ. പരീക്ഷയിൽ 50 ശതമാനത്തിലേറെ മാർക്കും കുടുംബത്തിെൻറ വാർഷിക വരുമാന പരിധി രണ്ട് ലക്ഷവുമാണ് സ്കോളർഷിപ്പിെൻറ യോഗ്യതാ മാനദണ്ഡം. വിദ്യാഭ്യാസ സ്ഥാനങ്ങളിലെ രജിസ്റ്റർ പ്രകാരം ബംഗാളിലെ ന്യൂനപക്ഷ വിദ്യാർഥികളുടെ ആകെ എണ്ണം 50 ലക്ഷമാണ്. ഇതിൽ 40 -42 ലക്ഷം പേർക്ക് ഈ വർഷം സ്കോളർഷിപ്പ് ലഭിക്കുമെന്നാണ് കരുതുന്നത്. അതോടെ ബംഗാളിലെ ഏകദേശം 90 ശതമാനത്തോളം ന്യൂനപക്ഷ വിദ്യാർഥികൾ സ്കോളർഷിപ്പ് നേടും. ഇതിന് പുറമെ ന്യൂനപക്ഷ വികസന കോർപറേഷൻ ഏർപ്പെടുത്തിയ വായ്പകളും രാജ്യത്ത് ഏറ്റവും കൂടുതൽ നേടിയയ സംസ്ഥാനമാണ് ബംഗാൾ. ഇപ്പോൾ ഒരു ലക്ഷത്തിനും ഒന്നേകാൽ ലക്ഷത്തിനുമിടയിൽ ആളുകൾ ബംഗാളിൽ വർഷം തോറും ഈ വായ്പ വാങ്ങുന്നുണ്ട്.
ഇൗ രണ്ട് കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയതിന് പുറമെ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ സ്വന്തം നിലക്കും ആവിഷ്ക്കരിച്ചു. അതിലെ നൂതനമായ പദ്ധതിയാണ് 2015ൽ ബംഗാളിൽ തുടങ്ങിയ ഇംഗ്ലീഷ് മീഡിയം മദ്രസകൾ. രാജ്യത്തെവിടെെയങ്കിലും ഈ തരത്തിൽ ഇംഗ്ലീഷ് മീഡിയം മദ്രസകൾ ഉണ്ടോ എന്നറിയില്ല. ന്യൂനപക്ഷ വകുപ്പിന് കീഴിലെ വിവിധ കോർപറേഷനുകൾ, ഉറുദു അക്കാദമി, വഖഫ് ബോർഡ് എന്നിവ വിവിധ പദ്ധതികളിലൂടെ വലിയ തോതിൽ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ആലിയ സർവകലാശാല യാഥാർഥ്യമാക്കി എഞ്ചിനീയറിങ്, നഴ്സിങ്, എം.ബി.എ, ജേണലിസം ഉൾപ്പെടെയുള്ള കോഴ്സുകളിലൂടെ ഏഴായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സാഹചര്യമൊരുക്കി.
ബംഗാളിൽ ന്യൂനപക്ഷ വകുപ്പിന് 2011ലെ ബജറ്റ് വിഹിതം 470 കോടിരൂപയാണെങ്കിൽ 2020ലെ ബജറ്റ് വിഹിതം 4500 കോടി രൂപയാണ്. ന്യൂനപക്ഷ വകുപ്പിന് 4000 കോടി രുപ മതിയായ വിഹിതമാണ്. ബജറ്റ് വിഹിതത്തിൽ വലിയ വർധനവാണ് പട്ടിക ജാതി പട്ടിക വർഗ പദ്ധതികളിലും പിന്നാക്ക വികസന പദ്ധതികളിലുമുണ്ടായത്. ഇത് കൂടാതെ മറ്റു സംവരണ സമുദായങ്ങൾക്ക് കുറവുവരുത്താതെ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മുസ്ലിംകൾക്കും 10 ശതമാനം പിന്നാക്ക സംവരണം അനുവദിച്ചു. ഏറെയും പിന്നാക്ക ജാതിക്കാരായതിനാൽ ബംഗാളി മുസ്ലിംകളിൽ 90 ശതമാനത്തിനും ഈ സംവരണം ലഭിക്കും. 2011ൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ നടപടിക്രമങ്ങൾ തുടങ്ങി ഒരു വർഷം കൊണ്ട് പിന്നാക്ക മുസ്ലിം സംവരണം യാഥാർഥ്യമാക്കി. ഈ വിധം ന്യൂനപക്ഷ വികസന പദ്ധതികളാണ് ബംഗാളിൽ ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതെല്ലാം മുസ്ലിം ന്യൂനപക്ഷത്തിെൻറ ശാക്തീകരണത്തെ സഹായിക്കുന്നുമുണ്ട്.
ന്യൂനപക്ഷ ബജറ്റ് വിഹിതം കണക്ക് പറയുേമ്പാൾ അതിൽ വഖഫ് ബോർഡിെൻറ ഫണ്ടും ഉൾപ്പെടില്ലേ ?
കേവലം 15 കോടി രൂപയുടെ പദ്ധതിയാണ് വഖഫ് ബോർഡിേൻറതായുള്ളത്. മറ്റു പൊതുവായ വികസന ക്ഷേമ പദ്ധതികൾ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിലും ഇപ്പോൾ വിവേചനമില്ലാതെ നടപ്പാക്കിയതും വലിയ മാറ്റമാണ്.
ഇൗ പ്രവർത്തനങ്ങളുടെയെല്ലാം ഫലം ബംഗാളിലെ ന്യൂനപക്ഷ സമൂഹത്തിൽ ദൃശ്യമാണോ?
അടിത്തട്ട് വളരെ താഴ്ന്ന നിലയിലായിരുന്നതിനാൽ പദ്ധതികളുടെ ഫലം സമൂഹത്തിൽ ദൃശ്യമാകുന്നതിന് സമയമെടുക്കും. ഒരു സമൂഹത്തിന് എത്ര സഹായം വന്നാലും എന്ത് പിന്തുണ നൽകിയാലും അത് എടുക്കാനുള്ള ശേഷി കൂടി ആ സമുഹത്തിനുണ്ടാകേണ്ടതുണ്ട് എന്ന് അനുഭവത്തിൽ നിന്ന് ഞാൻ പറയും. എങ്കിൽ മാത്രമേ പൂർണഫലസിദ്ധി ഉണ്ടാകൂ.
സ്വന്തം ശാക്തീകരണത്തിനുള്ള അത്തരെമാരു മനസ് ബംഗാളിലെ മുസ്ലിം ന്യൂനപക്ഷത്തിൽ രൂപപ്പെടുന്നില്ല എന്നാണോ പറയുന്നത്?
അങ്ങിനെ രൂപപ്പെടുന്നില്ല എന്നു തന്നെ പറയേണ്ടിവരും.
അങ്ങിനെ രൂപപ്പെടുന്നതിനുള്ള തടസങ്ങളെന്താണ്? അവ സൃഷ്ടിച്ച സാഹചര്യങ്ങളെന്താണ്? കേരളത്തിലെ മുസ്ലിംകൾ പലപ്പോഴും ആരുടെയും താങ്ങില്ലാതെ തന്നെ സ്വയം ശാക്തീകരണത്തിലൂടെ ഇവയൊക്കെ മറികടക്കുന്നത് കണ്ടയാളെന്ന നിലയിൽ എന്തു തോന്നുന്നു?
എനിക്ക് തോന്നിയ മൂന്ന് കാര്യങ്ങളുണ്ട്. ഇന്ത്യാ - പാക് വിഭജനമാണ് അതിലൊന്ന്. കാശും വിദ്യാഭ്യാസവുണ്ടായിരുന്ന ബംഗാളി മുസ്ലിംകളെല്ലാം അന്നത്തെ കിഴക്കൻ പാകിസ്ഥാനായ ബംഗ്ലാദേശിലേക്ക് പോയി. അവശേഷിച്ച ബംഗാളി മുസ്ലിംകളിൽ 90 ശതമാനവും അങ്ങോട്ടു പോകാൻ വണ്ടിക്കൂലി പോലും ഇല്ലാത്തവരായിരുന്നു. 10 ശതമാനം മുസ്ലിംകൾ സമ്പത്തും വിദ്യാഭ്യാസമുണ്ടെങ്കിലും ദേശീയബോധത്താൽ വിഭജനത്തെ എതിർത്തവരുമായിയിരുന്നു.
ബംഗാളി മുസ്ലിംകളിൽ 95 ശതമാനവും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളും മറ്റു പിന്നാക്ക ജാതിക്കാരും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്തവരാണ് എന്നതാണ് രണ്ടാമത്തെ കാര്യം. മുസ്ലിംകളാകും മുെമ്പ തന്നെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന അവർ സാമൂഹികമായി ആ നിലയിൽ തന്നെ തുടർന്നു.
ഉറുദു സംസാരിക്കുന്നവരും ബംഗാളി സംസാരിക്കുന്നവരും തമ്മിലെ വിടവാണ് മൂന്നാമത്തെ കാര്യം. ഇന്ത്യയിലായാലും ബംഗ്ലാദേശിലായാലും തങ്ങൾ അധികാര വർഗമാണെന്ന ഒരു വികാരം ഉറുദു സംസാരിക്കുന്നവർക്കുണ്ട്. ജനസംഖ്യയിൽ വളരെ കുറവായിട്ടും ആധിപത്യം അവർക്കാണ്. തങ്ങളേക്കാൾ താഴ്ന്നവരായി ബംഗാളി മുസ്ലിംകളെ കാണുന്നത് മൂലം അവർ തമ്മിൽ വിവാഹ ബന്ധത്തിലേർപ്പെടുക പോലുമില്ല. ഈ വിടവ് ജാതീയമല്ല, ഭാഷാപരമാണ്.
പിന്നാക്കാവസ്ഥയിൽ കഴിയുന്ന സമൂദായങ്ങളെ ഉയർത്തി കൊണ്ടുവരാനുള്ള വേണ്ടത്ര ശ്രമങ്ങളോ, ഇടപെടലുകളോ 2011ന് മുമ്പ് ഉണ്ടായില്ല എന്നതാണ് മറ്റൊരു കാര്യം. അതേസമയം 2011 വരെ ഭരിച്ച ഇടതുപക്ഷ സർക്കാർ ബംഗാളിൽ വർഗീയ കലാപം ഉണ്ടാകാതെ നോക്കി എന്നത് വസ്തുതയാണ്. ധ്രുവീകരണമുണ്ടായാൽ പിന്നെ തങ്ങൾക്ക് ഇടമുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷത്തിന് തങ്ങളുടെ നിലനിൽപിന് ബംഗാളിനെ കലാപങ്ങളിൽ നിന്ന് കാക്കേണ്ടത് അനിവാര്യവുമായിരുന്നു.
2011ന് ശേഷമാണോ ന്യൂനപക്ഷ വികസന പ്രവർത്തനങ്ങളോടുള്ള സമീപനത്തിൽ മാറ്റമുണ്ടായത്?
ഇക്കാണുന്ന തരം മാറ്റങ്ങൾ അതിന് ശേഷമുണ്ടായതാണ്. കേരളത്തിൽ നിന്ന് ഈയിടെയായി നിരവധി വ്യക്തികളും സംഘടനകളും ബംഗാളിെൻറ വിവിധ പിന്നാക്ക പ്രദേശങ്ങളിൽ വന്ന് സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
അവയുടെയൊക്കെ ഫലമെന്താണ്?
ബംഗാളിലെ ആവശ്യം വെച്ചുനോക്കുേമ്പാൾ വളരെ കുറഞ്ഞ അളവിലാണവ. അത്തരം പ്രവർത്തനങ്ങൾക്ക് ഇനിയും സാധ്യതകളേറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.