റായ്പൂർ: ഛത്തിസ്ഗഢിൽ സുരക്ഷാ സനേയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 10 മാവോവാദികൾ കൊല്ലപ്പെട്ടു. രണ്ടാഴ്ചക്കിടെയുള്ള രണ്ടാമത്തെ മാവോവാദി വേട്ടയാണിത്. സംസ്ഥാനത്തെ നക്സൽ വിരുദ്ധ പോരാട്ടത്തിലെ വൻ നേട്ടങ്ങളിലൊന്നാണ് ഇതെന്ന് ഉപമുഖ്യമന്ത്രി വിജയ് ശർമ പറഞ്ഞു.
നാരായൺപൂർ, കാങ്കെർ ജില്ലകളിലെ വനാതിർത്തിയിൽ ചൊവ്വാഴ്ച പുലർച്ചയാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികളുടെ ശക്തികേന്ദ്രമാണ് ഈ പ്രദേശം. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, പ്രത്യേക ദൗത്യസേന എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരിൽനിന്ന് എ.കെ 47 റൈഫിൾ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു. ആയുധമുപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാകാൻ അദ്ദേഹം മാവോവാദികളോട് ആവശ്യപ്പെട്ടു. ഏപ്രിൽ 16ന് കാങ്കെർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു. നാരായൺപൂർ, കാങ്കെർ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ ഈ വർഷം മാത്രം 91 മാവോവാദികളാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.