ന്യൂഡൽഹി: മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി സാമൂഹിക നീതിക്കെതിരാണെന്നും ഭേദഗതി റദ്ദാക്കണമെന്നും സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. സംവരണം എന്നത് ദാരിദ്ര്യ നിർമ്മാർജന പരിപാടിയല്ലെന്നും ഉയർന്ന ജാതിയിലെ ദരിദ്രരെക്കുറിച്ച് കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെങ്കിൽ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുകയാണ് വേണ്ടതെന്നും എ.ഐ.വൈ.എഫ് ദേശീയ അധ്യക്ഷൻ സുഖ്ജീന്ദർ മഹേശരിയും ജനറൽ സെക്രട്ടറി തിരുമലൈ രാമനും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ 2019ലെ നിയമം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്നലെയാണ് ശരിവെച്ചത്. അഞ്ചംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി പാർദിവാല എന്നിവർ കേന്ദ്ര സർക്കാറിന്റെ നിയമനിർമാണം പൂർണമായും ഭരണഘടനാപരമാണെന്ന് ശരിവെച്ചു. എന്നാൽ, സാമ്പത്തിക സംവരണം നിയമപരമാണെങ്കിലും പട്ടികജാതി-പട്ടിക വർഗങ്ങളെയും, മറ്റു പിന്നാക്ക വിഭാഗങ്ങളെയും സാമ്പത്തിക സംവരണത്തിൽനിന്ന് പുറന്തള്ളിയത് ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും തങ്ങളുടെ ന്യൂനപക്ഷ വിധിയിൽ കുറിച്ചു.
എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലുള്ള ദരിദ്രരെ ഒഴിവാക്കിയാണ് മുന്നാക്കജാതിക്കാർക്ക് സംവരണം നൽകുന്നത്. ഉയർന്ന ജാതിക്കാർക്ക് മാത്രമുള്ള 10% സംവരണം പൊതു ക്വാട്ടയിലെ എസ്.സി, എസ്.ടി, ഒ.ബി.സി സമുദായങ്ങളുടെ അവസരങ്ങളെ ബാധിക്കും. ഇത് വിവേചനപരമാണ്. കൂടാതെ, പ്രതിവർഷം എട്ടുലക്ഷം രൂപ വരെ വരുമാനമുള്ളവരെ പിന്നാക്കമായി നിശ്ചയിച്ചതും സ്വീകാര്യമല്ലന്നും എ.ഐ.വൈ.എഫ് പ്രസ്താവിച്ചു.
ബിജെപിയും ആർഎസ്എസും സംവരണത്തിനും സാമൂഹിക നീതിക്കും എതിരാണ്. സംവരണ സമ്പ്രദായം ഇല്ലാതാക്കാനുള്ള ബി.ജെ.പി-ആർ.എസ്.എസ് സർക്കാരിന്റെ നീക്കമാണ് ഉയർന്ന ജാതിക്കാർക്ക് സംവരണം ഏർപ്പെടുത്തിയത്. കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വ്യാപകമായി സ്വകാര്യവത്കരിക്കുന്നതും സംവരണം ഇല്ലാതാക്കും.
ഉയർന്ന ജാതിക്കാരുടെ ദരിദ്ര്യം അകറ്റാൻ കേന്ദ്രസർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജും പലിശരഹിത ഭവന, ബിസിനസ്, വ്യാവസായിക വായ്പകളും നികുതി ഇളവുകളും നൽകുകയാണ് വേണ്ടത്. വിദ്യാഭ്യാസ-കാർഷിക വായ്പകൾ എഴുതിത്തള്ളിയും അത്തരക്കാരെ സഹായിക്കാം. അല്ലാതെ, മുന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നത് സാമൂഹ്യനീതി വിരുദ്ധവും ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണ്. അതിനാൽ ഭേദഗതി പിൻവലിക്കണം. പിന്നാക്ക സംവരണം സ്വകാര്യ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.