ഹാഥറസ്: ഉത്തർപ്രദേശിലെ ഹാഥറസിൽ പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 116 മരണം. സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫുൽറായി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മരിച്ചവരിൽ നിരവധി സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നാരായൺ സാകർ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക ഗുരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സത്സംഗ്’ ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. 50,000ത്തിലധികം പേർ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങുമ്പോഴാണ് ദുരന്തം.
ബാബയെ ദർശിക്കാനും കാലിനടിയിൽനിന്ന് മണ്ണ് ശേഖരിക്കാനുമുള്ള തിരക്കിൽ അടിതെറ്റിയവർക്കുമേൽ ഒന്നിനുപിറകെ ഒന്നായി ആളുകൾ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ചെറിയ സ്ഥലത്ത് പരിധിയിൽ കൂടുതൽ പേർ ഒത്തുകൂടിയതാണ് അപകട കാരണമെന്ന് സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ആശിഷ് കുമാർ പറഞ്ഞു. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമാണ് അടുത്തുള്ള ആശുപത്രികളിലെത്തിച്ചത്. അതിനകം പലരും മരിച്ചിരുന്നു.
മൃതദേഹങ്ങൾ ആശുപത്രി പരിസരത്ത് നിരത്തിയിട്ടിരിക്കുന്നതും ബന്ധുക്കൾ വിലപിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഹാഥറസ് ജില്ല മജിസ്ട്രേറ്റ് ആശിഷ് കുമാർ പറഞ്ഞു. പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പര്യാപ്തമല്ലായിരുന്നുവെന്ന് പറയുന്നു.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആഗ്ര അഡീഷനൽ ഡി.ജി.പിയെയും അലീഗഢ് ഡിവിഷനൽ കമീഷണറെയും സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിൽ അനുശോചിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥരോട് എത്രയുംവേഗം സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിർദേശിച്ചു. മന്ത്രിമാരായ ലക്ഷ്മി നാരായൺ ചൗധരിയും സന്ദീപ് സിങ്ങും സംഭവസ്ഥലത്തേക്ക് തിരിച്ചു.
ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ദുരന്ത സ്ഥലത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.
പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ അനുശോചിച്ചു.
ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിൽ ജനിച്ച ഭോലെ ബാബ ഇന്റലിജൻസ് ബ്യൂറോയിലെ മുൻ ഉദ്യോഗസ്ഥനെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 26 വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് മതപ്രഭാഷണം നടത്താൻ തുടങ്ങിയെന്നും അവകാശവാദം ഉന്നയിക്കുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് അനുയായികളാണ് ഇദ്ദേഹത്തിനുള്ളത്. മറ്റു മത പ്രഭാഷകരിൽനിന്ന് വ്യത്യസ്തമായി സമൂഹ മാധ്യമ സാന്നിധ്യം ഇല്ലെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. യു.പിയിലെ അലീഗഢ്, ഹാഥറസ് ജില്ലകളിൽ എല്ലാ ചൊവ്വാഴ്ചയും പ്രാർഥന ചടങ്ങ് സംഘടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.