ന്യൂഡൽഹി: ഈ വർഷാവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകുമെന്ന് കേന്ദ്രം. ഇതിന് ചുരുങ്ങിയത് അഞ്ച് നിർമാതാക്കളിൽ നിന്ന് 188 കോടി ഡോസ് വാക്സിൻ ശേഖരിക്കുമെന്നും സുപ്രീംകോടതിയിൽ കേന്ദ്രം ബോധിപ്പിച്ചു. അതേ സമയം, 18 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാരിൽ കേവലം 5.6 ശതമാനം പേർ മാത്രമാണ് രണ്ട് ഡോസ് വാക്സിൻ എടുത്തതെന്നും സർക്കാർ വ്യക്തമാക്കി.
വാക്സിൻ വിഷയത്തിൽ തുടക്കം മുതൽ കേന്ദ്രത്തിെൻറ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന സുപ്രീംകോടതി, വാക്സിൻ യജ്ഞത്തിെൻറ രൂപരേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ആരോഗ്യമന്ത്രാലയം അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനിയാണ് 375 പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചത്.
രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർ 93 -94 കോടിക്കിടയിലാണെന്ന് കേന്ദ്രം വിശദീകരിച്ചു. ഇവർക്ക് രണ്ട് ഡോസ് വാക്സിനെടുക്കണമെങ്കിൽ 186-188 കോടി വരെ വാക്സിൻ വേണം. ജൂൺ 25 വരെ രാജ്യമൊട്ടാകെ 31 കോടി ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതടക്കം 51.6 കോടി ഡോസ് ജൂലൈ 31നകം തികക്കും. അവശേഷിക്കുന്ന ഡോസ് ഡിസംബർ 31നകം നൽകുമെന്നും സർക്കാർ അറിയിച്ചു. അഞ്ച് മാസത്തിനകം ബാക്കി ആവശ്യമായി വരുന്ന 135 കോടി വാക്സിൻ എങ്ങനെ ലഭ്യമാക്കുമെന്നും കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സിൻ നൽകി തുടങ്ങി. ഇന്ത്യൻ കമ്പനികളായ ബയോളജിക്കൽ ഇ, സൈഡസ് കാഡില എന്നിവരുടെ വാക്സിനുകൾ അവസാന പരീക്ഷണ ഘട്ടത്തിലാണ്. അനുമതി കിട്ടിയാൽ അവ ഉപയോഗിക്കും. 12- 18 പ്രായക്കാർക്കായി സൈഡസ് കാഡില വാക്സിൻ വികസിപ്പിക്കുന്നുണ്ട്. അതുടൻ ലഭ്യമായേക്കും. ഗ്രാമീണമേഖലയിലുള്ളവർക്ക് അടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ പോയി നേരിട്ട് വാക്സിൻ കുത്തിവെക്കാമെന്നും ജൂൺ 21 മുതൽ 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ സൗജന്യമാണെന്നും കേന്ദ്രം ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.