മുംബൈ: മഹാരാഷ്ട്രയിൽ കോലാപുരിന് പിന്നാലെ ഔറംഗസീബിനെ സംബന്ധിച്ച വാട്സ്ആപ് ചാറ്റിനെ ചൊല്ലി ബീഡിലും സംഘർഷാവസ്ഥ. ഹിന്ദുത്വ സംഘടനയുടെ ആഹ്വാനത്തെ തുടർന്ന് വെള്ളിയാഴ്ച ബീഡിലെ ആശ്തിയിൽ കടകമ്പോളങ്ങൾ അടച്ചിട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച 14കാരനാണ് ഔറംഗസീബിനെ പുകഴ്ത്തി വാട്സ്ആപ് സ്റ്റാറ്റസിട്ടത്. ഇതേചൊല്ലി നാട്ടിൽ പ്രശ്നമുണ്ടായത് അറിഞ്ഞ ഉടൻ സ്റ്റാറ്റസ് പിൻവലിച്ച് വിഡിയോയിലൂടെ മാപ്പ് പറഞ്ഞിരുന്നു.
പരാതിയെ തുടർന്ന് 14കാരനെതിരെ വ്യാഴാഴ്ച രാത്രി കേസെടുത്തതായി ബീഡ് പൊലീസ് സൂപ്രണ്ട് നന്ദകുമാർ ഠാകുർ അറിയിച്ചു. നിലവിൽ മുംബൈയിലുള്ള കൗമാരക്കാരൻ ബീഡിൽ എത്തിയാലുടൻ ചോദ്യംചെയ്യുമെന്നും ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: മുഗൾ ചക്രവർത്തി ഔറംഗസീബിനെ സംബന്ധിച്ച വാട്സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി കോലാപുരിൽ സംഘർഷമുണ്ടാകുമെന്ന് ബോധ്യമായിട്ടും പൊലീസ് അനാസ്ഥകാട്ടിയെന്ന് പ്രതിപക്ഷ ആരോപണം. എന്നാൽ, സർക്കാറിൽനിന്ന് ഉത്തരവ് കിട്ടാൻ വൈകിയതിനാലാണ് മുൻകരുതൽ നടപടി സ്വീകരിക്കാൻ കഴിയാതിരുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കഴിഞ്ഞ ആറിനാണ് ഔറംഗസീബിനെ പുകഴ്ത്തുന്ന സ്റ്റാറ്റസുകൾ പ്രചരിച്ചത്. ഉടൻതന്നെ ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ഏഴിന് ബന്ദിന് ആഹ്വാനം ചെയ്തു. ആറിന് രാത്രിവരെ സർക്കാറിന്റെ നിർദേശത്തിനായി കാത്തുനിന്നെന്നാണ് പൊലീസ് പറയുന്നത്. ഏഴിന് രാവിലെ ശിവാജി ചൗകിൽ 5,000 ഓളം പേർ തടിച്ചുകൂടി. വടക്കൻ കോലാപുരിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് കല്ലേറടക്കമുള്ള ആക്രമണങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.