ഷിംല/ജമ്മു: ജമ്മു–കശ്മീർ, ലഡാക്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 16 പേർ മരിച്ചു. 30ലേറെ പേർക്ക് പരിക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാതായി. ഒരു ചെറു ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു. വൻ കൃഷിനാശവും റിപ്പോർട്ട് ചെയ്യുന്നു. മണ്ണിടിച്ചിലിൽ പലയിടത്തും റോഡ് തകർന്നു.
കശ്മീരിലെ കിശ്ത്വാർ ജില്ലയിലെ വിദൂര ഗ്രാമത്തിൽ ബുധനാഴ്ച പുലർച്ച 4.30ഓടെയാണ് മേഖവിസ്ഫോടനവും അതിശക്തമായ കാറ്റും മഴയമുണ്ടായത്. ഏഴു പേരാണ് ഇവിടെ മരിച്ചത്. 17 പേർക്ക് പരിക്കുണ്ട്. 14 പേരെ കാണാതായി. ഇവർക്കായി സംസ്ഥാന ദുരന്തനിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്. നദിക്കരയിലെ 20ഓളം വീടുകൾക്കും ഒരു പാലത്തിനും നാശം സംഭവിച്ചു. ഹിമാചൽപ്രദേശിൽ ലാഹോൾ-സ്പിതി ജില്ലയിലെ തോസിങ് നുള്ളയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടാണ് ഒമ്പതു പേർ മരിച്ചത്. രണ്ട് പേർക്ക് പരിക്കുണ്ട്. മൂന്നു പേരെ കാണാതായതായി സംസ്ഥാന ദുരന്തനിവാരണ നിയന്ത്രണ ഡയറക്ടർ സുദേശ് കുമാർ മുക്ത അറിയിച്ചു. കുളു ജില്ലയിൽ ഡൽഹിയിൽനിന്നുള്ള വിനോദസഞ്ചാരി ഉൾപ്പെടെ നാലു പേർ മരിച്ചതായും ഇദ്ദേഹം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലഡാക്കിലെ കാർഗിലിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അതിശക്തമായ മഴ കനത്ത നാശം വിതച്ചത്. ഇവിടെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറു ജലവൈദ്യുതിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. സഗ്ര, ഖാൻഗ്രൽ എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനങ്ങൾ ദേശീയ ദുരന്ത പ്രതികരണ സേന (എസ്.ഡി.ആർ.എഫ്) യുടെ സഹായംതേടിയിട്ടുണ്ട്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങൾക്ക് വാഗ്ദാനങ്ങൾക്ക് ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.