മുംബൈ: 16കാരൻ പബ്ജി കളിക്കാനായി മാതാവിന്‍റെ അക്കൗണ്ടിൽനിന്ന് ചെലവഴിച്ചത് 10 ലക്ഷം രൂപ. മാതാപിതാക്കൾ ശകാരിച്ചതോടെ വീടുവിട്ടിറങ്ങിയ കുട്ടിയെ ഒടുവിൽ പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവന്നു.
മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ജോഗേശ്വരിയിലാണ് സംഭവം. ഓൺലൈൻ ഇടപാടുകളിലൂടെയാണ് പബ്ജി കളിക്കാനായി പത്ത് ലക്ഷം ചെലവഴിച്ചത്. ഇതറിഞ്ഞ മാതാപിതാക്കൾ ശാസിച്ചതിനെ തുടർന്ന് വീട്ടിൽനിന്ന് കുട്ടി ഓടിപ്പോയി. വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയെ അന്ധേരിയിലെ മഹാകാളി ഗുഹ പ്രദേശത്ത് കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതായി പൊലീസ് അറിയിച്ചു.
മകനെ കാണാനില്ലെന്ന് കാണിച്ച് ബുധനാഴ്ച വൈകുന്നേരം പിതാവ് എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടി പ്രായപൂർത്തിയാകാത്തതിനാൽ, തട്ടിക്കൊണ്ടുപോകലിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ, കഴിഞ്ഞ മാസം മുതൽ പബ്ജി ഗെയിമിന് അടിമയാണെന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. ഐഡിയും ഗെയിം കളിക്കാൻ വെർച്വൽ കറൻസിയും ലഭിക്കാനാണ് മാതാവിന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചത്.
ഇതിന്‍റെ പേരിൽ ശകാരിച്ചതിനെ തുടർന്ന് കത്ത് എഴുതിവെച്ചാണ് വീടുവിട്ടിറങ്ങിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തിയ ക്രൈംബ്രാഞ്ച്, കൗൺസിലിങ്ങിന് ശേഷമാണ് മാതാപിതാക്കളോടൊപ്പം വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.