ന്യൂഡൽഹി: സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകാൻ വിസമ്മതിച്ച 17 കാരനെ നാലംഗ സംഘം കുത്തിക്കൊന്നു. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർബത്തിൽ ആണ് സംഭവം. ഫാക്ടറി തൊഴിലാളി പ്രവീൺ എന്ന രവി (20), ഡ്രൈവർ അജയ് എന്ന ബച്ച്കന്ദ (23), തയ്യൽക്കാരനായ സോനു കുമാർ (20), ചെരുപ്പ് കടയിലെ സെയിൽസ്മാൻ ജതിൻ എന്ന ധഞ്ച (24) എന്നീ നാല് പ്രതികളേയും അറസ്റ്റ് ചെയ്തതായി സെൻട്രൽ ഡി.സി.പി ശ്വേത ചൗഹാൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആനന്ദ് പർബത് പൊലീസ് സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം ഉണ്ടെന്ന് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വയറിന്റെ മുകൾ ഭാഗത്ത് കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചയാൾ ആനന്ദ് പർബത്തിലെ ബൽജീത് നഗറിൽ താമസിക്കുന്ന വിജയ് എന്ന 17 വയസ്സുകാരനാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണ സംഘം നാട്ടുകാരെ ചോദ്യം ചെയ്യുകയും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമുള്ള സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സംഘട്ടനത്തിന്റെയും തുടർന്നുള്ള കൊലപാതകത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ കണ്ടെത്തിയത്.
ജൂൺ അഞ്ച് ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിലെ കോണിപ്പടിയിൽ ഇരിക്കുകയായിരുന്ന വിജയിയോട് പ്രതികളിൽ ഒരാളായ സോനു കുമാർ സിഗററ്റ് വാങ്ങാൻ 10 രൂപ ആവശ്യപ്പെട്ടു. അയൽക്കാർ ആയതിനാൽ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. എന്നാൽ, പണം നൽകാൻ വിജയ് വിസമ്മതിച്ചതോടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, സോനുവും കൂട്ടാളികളും ചേർന്ന് വിജയിയെ മർദിക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. പിന്നീട്, 150 രൂപ അടങ്ങിയ ഇയാളുടെ പേഴ്സും സംഘം മോഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.