റായ്പൂർ: ഛത്തിസ്ഗഢിൽ മുതിർന്ന നേതാവ് ഉൾപ്പെടെ 29 മാവോവാദികൾ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ബസ്തർ മേഖലയിലെ കാങ്കെർ ജില്ലയിൽ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്), ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി) എന്നിവ സംയുക്തമായാണ് മാവോവാദി വേട്ട നടത്തിയത്.
ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനഗുണ്ട, കൊറോനാർ ഗ്രാമങ്ങൾക്കിടയിലുള്ള ഹപതോല വനത്തിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തുനിന്ന് 29 മൃതദേഹങ്ങൾ കണ്ടെടുത്തു. എ.കെ 47 തോക്കുകൾ, മൂന്ന് യന്ത്രത്തോക്കുകൾ എന്നിവ ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. മരണസംഖ്യ ഉയർന്നേക്കുമെന്ന് കാങ്കെർ പൊലീസ് സൂപ്രണ്ട് കല്യാൺ എലെസെല പറഞ്ഞു. എട്ട് മാവോവാദികൾ അറസ്റ്റിലായതായും അധികൃതർ സൂചിപ്പിച്ചു.
ബസ്തർ മേഖലയിലെ ഏറ്റവും വലിയ മാവോവാദി ഏറ്റുമുട്ടലുകളിലൊന്നാണ് ഇത്. കൊല്ലപ്പെട്ട മാവോവാദി നേതാവ് ശങ്കർ റാവുവിന്റെ തലക്ക് പൊലീസ് 25 ലക്ഷം രൂപ വിലയിട്ടിരുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെതുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ നടത്തിയത്.
ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ എത്തിക്കാൻ ഹെലികോപ്റ്ററുകൾ സംഭവസ്ഥലത്തെത്തിയെങ്കിലും ഇറങ്ങുന്നതിനുള്ള തടസ്സം കാരണം തിരിച്ചുപോവുകയായിരുന്നു. തുടർന്ന് രാത്രിയിലും ലാൻഡ് ചെയ്യാൻ സംവിധാനമുള്ള മറ്റൊരു ഹെലികോപ്റ്റർ അയച്ചു. വനത്തിനുള്ളിൽ വെച്ചുതന്നെ സൈനികർക്ക് പ്രഥമശുശ്രൂഷ നൽകിയശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഒരു ബി.എസ്.എഫ് ജവാന്റെ കാലിനാണ് വെടിയേറ്റത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ ആസ്ഥാനത്തുനിന്ന് 180 കിലോമീറ്റർ അകലെയാണ് ഏറ്റുമുട്ടലുണ്ടായ സ്ഥലം. മാവോവാദി വേട്ടക്കായി പ്രദേശത്ത് അതിർത്തി രക്ഷാസേനയുടെ ശക്തമായി സാന്നിധ്യമുണ്ടായിരുന്നു. 200ഓളം ബി.എസ്.എഫ്, ഡി.ആർ.ജി ജവാന്മാർ ചൊവ്വാഴ്ചത്തെ മാവോവാദി വേട്ടയിൽ പങ്കെടുത്തു. ഏപ്രിൽ 26ന് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാണ് കാങ്കെർ ജില്ല. കഴിഞ്ഞ നാല് മാസത്തിനിടെ 72 മാവോവാദികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.