ജമ്മു: ഇന്ത്യൻ പോസ്റ്റിന് നേരെ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫ് ജവാനും ഒരു സിവിലിയനും പരിക്ക്. പരിക്കേറ്റ ജവാനെ ജമ്മുവിലെ ജി.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ തകർന്ന വീടുകളുടെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ജമ്മു ആർ.എസ് പുരയിലെ അർനിയ സെക്ടറിന് സമീപത്തെ വീടുകളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിനു നേരെ വെടിയുതിർത്തത്. ജമ്മുവിലെ അർനിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന ഇന്ത്യൻ പോസ്റ്റിനു നേരെയാണ് വെടിയുതിർത്തത്. വെടിവെപ്പ് വൈകിയും തുടരുന്നതായാണ് റിപ്പോർട്ട്.
പ്രകോപനമൊന്നുമില്ലാതെയാണ് പാക് സേനയുടെ വെടിവെപ്പുണ്ടായത്. തുടർന്ന് ഇന്ത്യൻ സേന തിരിച്ചടി നൽകിയെന്ന് ബി.എസ്.എഫ് അധികൃതർ അറിയിച്ചു.
ഒക്ടോബർ 17ന് സമാന രീതിയിൽ, ഇതേ സ്ഥലത്ത് പാക് സേന നടത്തിയ വെടിവെപ്പിൽ രണ്ട് ബി.എസ്.എഫുകാർക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ജമ്മു-കശ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത സുരക്ഷ സേന, അഞ്ച് തീവ്രവാദികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. മക്ച്ചിൽ സെക്ടറിൽ സൈന്യവും ജമ്മു-കശ്മീർ പൊലീസും ചേർന്നാണ് സംയുക്ത ഓപറേഷൻ നടത്തിയത്. ആദ്യം രണ്ടു പേരാണ് കൊല്ലപ്പെട്ടത്. വീണ്ടും ഏറ്റുമുട്ടലുണ്ടായതോടെ മൂന്ന് തീവ്രവാദികളെ കൂടി സുരക്ഷ സേന കൊലപ്പെടുത്തി.
കുപ്വാര പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ സേന നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിയന്ത്രണരേഖയിലൂടെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാനായിരുന്നു തീവ്രവാദികളുടെ ശ്രമം. കൂടുതൽ ഭീകരർ ഒളിവിൽ കഴിയുന്നതായി സൂചനയുള്ളതിനാൽ പ്രദേശത്ത് സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.