ന്യൂഡൽഹി: വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്ന ഡൽഹിയിൽ രണ്ട് ദിവസത്തെ ലോക്ഡൗൺ പരിഗണിച്ചുകൂടെയെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുേമ്പാഴാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചത്. സ്ഥിതി എത്രത്തോളം ഗുരുതരമായെന്ന് നിങ്ങൾ കാണുന്നില്ലേ. വീടുകളിൽ പോലും മാസ്ക് ധരിച്ചാണ് നമ്മൾ ഇരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വായുമലിനീകരണം തടയാൻ അടിയന്തരമായി എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് തിങ്കളാഴ്ചക്കകം അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് കോടതി നിർദേശിച്ചു. 20 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണ് ഡൽഹിയിലെ ഇപ്പോഴത്തെ വായു .
അതേസമയം, പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് ഡൽഹിയിലെ മലിനീകരണത്തിന് കാരണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാടെടുത്തു. അത് നിയന്ത്രിക്കേണ്ടത് അതാത് സംസ്ഥാന സർക്കാറുകളാണ്. എന്നാൽ, കർഷകർ മൂലമാണ് മലിനീകരണമുണ്ടാവുന്നതെന്ന് വരുത്താനാണ് നിങ്ങളുടെ ശ്രമമെന്ന് സുപ്രീംകോടതി ഇതിന് മറുപടി നൽകി. മലിനീകരണത്തിനുള്ള ഒരു കാരണം മാത്രമാണ് അത്. ബാക്കിയുള്ള കാരണങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.
ഡൽഹിയിലെ മലിനീകരണം തടയാൻ നിങ്ങൾ എന്ത് ചെയ്തുവെന്നും കോടതി സംസ്ഥാന സർക്കാറിനോട് ചോദിച്ചു. എല്ലാത്തിനും കർഷകരെ കുറ്റപ്പെടുത്തുന്ന രീതി ഇപ്പോൾ നിലവിലുണ്ട്. നിങ്ങൾ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. എന്നാൽ, കഴിഞ്ഞ ആറ് ദിവസമായി ഇവിടെ എന്താണ് സംഭവിച്ചതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. എന്നാൽ, പൊടി തടയാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വിശദീകരണം. കേന്ദ്രത്തിനൊപ്പം സംസ്ഥാന സർക്കാറിനും മലിനീകരണം തടയുന്നതിൽ ഉത്തരവാദിത്തമുണ്ടെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.