ഹൈദരാബാദ്: 44 പേരുടെ മരണത്തിനിടയാക്കിയ 2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിൽ രണ്ടു ഭീകരർക്ക് മെട്രോപൊളിറ്റൻ കോടതി വധശിക്ഷ വിധിച്ചു. ഒരാൾക്ക് ജീവപര്യന്തം ശിക്ഷയുമുണ്ട്. രണ്ടു പേരെ വെറുതെവിട്ടു. അനീഖ് ശഫീഖ് സഇൗദ്, മുഹമ്മദ് അക്ബർ ഇസ്മാഇൗൽ ചൗധരി എന്നിവർക്കാണ് സെക്കൻഡ് അഡീഷനൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജി (ഇൻചാർജ്) ടി. ശ്രീനിവാസ റാവു വധശിക്ഷ വിധിച്ചത്. താരീഖ് അൻജുമിനാണ് ജീവപര്യന്തം. ഫാറൂഖ് ശർഫുദ്ദീൻ തർകാഷ്, മുഹമ്മദ് സാദിഖ് ഇസ്റാർ ശൈഖ് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്.
സഇൗദ്, ചൗധരി എന്നിവർക്ക് 10,000 രൂപ വീതം പിഴയുമുണ്ട്. ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ 302ാം (കൊലപാതകം) വകുപ്പും മറ്റു പ്രസക്ത വകുപ്പുകളും ഭീകരവിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഇവർക്ക് ഡൽഹിയിലും മറ്റിടങ്ങളിലും ആവശ്യമായ സഹായം ചെയ്തുകൊടുത്തതാണ് താരീഖ് അൻജുമിനെതിരെ തെളിയിക്കപ്പെട്ട കുറ്റം.
പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ ‘ഇന്ത്യൻ മുജാഹിദീൻ’ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിയാസ് ഭട്കൽ, സഹോദരൻ ഇഖ്ബാൽ ഭട്കൽ, അമീർ റാസ എന്നിവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവരെ പിടികൂടുന്ന മുറക്ക് വിചാരണ നടത്തുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. സുരേന്ദർ അറിയിച്ചു. ഭട്കൽ സഹോദരന്മാർ പാകിസ്താനിലാണെന്നാണ് കരുതപ്പെടുന്നത്.
2007 ആഗസ്റ്റ് 25ന് രാത്രി ഏഴു മണിയോടെ ഹൈദരാബാദിലെ ഗോകുൽ ചാട്ട് ഭക്ഷണശാലയിലും ലുംബിനി പാർക്കിലെ ഒാപൺ എയർ തിയറ്ററിലുമാണ് സ്ഫോടനമുണ്ടായത്. ഗോകുൽ ചാട്ടിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലുംബിനി പാർക്കിൽ 12 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.